19 September Saturday

വൈറസ്‌ നെഗറ്റീവ്‌‌, ജീവിതം പോസിറ്റീവ്‌ ; കണ്ടോ, ഇസ്‌മായിൽ ഹാജിയുടെ ചിരി

വിനോദ്‌ തലപ്പള്ളിUpdated: Monday Jul 27, 2020


തിരൂർ (മലപ്പുറം)
കോവിഡ്‌ പടരുമ്പോൾ പതറാതെനിൽക്കണമെന്ന്‌‌ ഇസ്‌മായിൽ ഹാജി. ‘‘കൃത്യമായ പരിചരണം കിട്ടുന്നതിനാൽ കേരളത്തിൽ പേടി ഒട്ടും വേണ്ട. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും സംസ്ഥാന സർക്കാർ രോഗികളെ നന്നായി ചികിത്സിക്കുന്നു'– -വൈറസിനെ നെഗറ്റീവാക്കി ജീവിതത്തെ പോസിറ്റീവാക്കുന്ന ചെറുചിരിയോടെ ഈ 68കാരൻ പറയുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിലെ രണ്ടാഴ്‌ചത്തെ ചികിത്സക്കുശേഷം വീട്ടിൽ സുഖമായി കഴിയുകയാണ്‌ തിരൂർ പുല്ലൂർ ഇളയോടത്ത് കല്ലിങ്ങൽ ഇസ്‌മായിൽ ഹാജി. ‘‘മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നേഴ്‌സുമാർ, ജീവനക്കാർ എന്നിവരെല്ലാം അവരുടെ കുടുംബാംഗത്തെപ്പോലെ സ്‌നേഹിച്ചു.

കടുത്ത രക്തസമർദം രോഗവ്യാപ്തി കൂട്ടി. കൃത്യസമയത്ത് ഭക്ഷണവും മരുന്നുമെത്തിച്ച്‌ ആരോഗ്യപ്രവർത്തകർ കൂടെനിന്നു. ചികിത്സക്കിടെ ഏഴുതവണയാണ്‌ കോവിഡ്‌ പരിശോധന നടത്തിയത്‌. ഒരു രോഗിക്ക് ഏകദേശം ഒന്നരലക്ഷത്തിലധികം രൂപ ചെലവുവരും. വലിയ തുകയായതിനാൽ ഗൾഫിൽ ചികിത്സ ലഭ്യമാകുന്നില്ല. 

വീട്ടിലെത്തിയശേഷവും  ആരോഗ്യപ്രവർത്തകർ സ്ഥിരമായി വിളിച്ച്‌  അന്വേഷിച്ചു. തലക്കാട് പഞ്ചായത്ത് അംഗങ്ങളും ഭരണസമിതിയും നാട്ടുകാരും കരുതലുമായി കൂടെനിന്നു. അവനവൻ നന്നായി ശ്രദ്ധിച്ചാൽ രോഗത്തെ തോൽപ്പിക്കാം–- ഇസ്‌മായിൽ ഹാജി ചിരിക്കുന്നു. ഒരു രോഗത്തെ എതിരിടാൻ സർക്കാർ ഇത്രയധികം ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ ചില്ലറ പിഴവുകൾക്ക്‌‌ കുറ്റപ്പെടുത്തലുകൾ വേണ്ടെന്നും ഈ പ്രവാസിയുടെ അഭ്യർഥന.

അബുദാബി സിലയിൽ ഹോട്ടൽ ബിസിനസായിരുന്നു ഇസ്‌മായിൽ ഹാജിക്ക്‌. കടുത്ത പനിയും ശ്വാസതടസ്സവും അലട്ടിയപ്പോഴാണ്‌ നാട്ടിലെത്തിയത്‌. ഹോട്ടലിലെ തൊഴിലാളിയായ പാകിസ്ഥാൻകാരനിൽനിന്നാണ്‌ രോഗം ബാധിച്ചത്‌. അവിടത്തെ ആശുപത്രിയിൽ പോയപ്പോൾ പനിയ്‌ക്കുള്ള മരുന്ന്‌ നൽകി. മറ്റുള്ളവരുടെ അസുഖം മാറിയെങ്കിലും ഹാജിയുടെ പനിയും ശ്വാസതടസ്സവും ഭേദമായില്ല. അങ്ങനെയാണ്‌ മെയ് 27ന് നാട്ടിലെത്തിയത്‌. തിരൂർ ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ്‌ സ്ഥിരീകരിച്ചു. 30ന് മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top