23 September Wednesday

ഹൈ റിസ്‌കാണോ... പരിരക്ഷയ്‌ക്കിടമുണ്ട്‌‌

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

ഹൈ റിസ്ക്‌ വിഭാഗത്തിന്‌ റിവേഴ്‌സ്‌ ക്വാറന്റൈനിനായി ഒരുക്കിയ പരിരക്ഷാകേന്ദ്രത്തിലെ മുറി


തിരുവനന്തപുരം
കോവിഡ്‌ വ്യാപനം ഹൈ റിസ്ക്‌ വിഭാഗത്തിലേക്ക്‌ കടന്നുകയറാതിരിക്കാൻ കരുതലോടെ സംസ്ഥാന സർക്കാർ. വയോധികർ, കുഞ്ഞുങ്ങൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാനായി റിവേഴ്‌സ്‌ ക്വാറന്റൈൻ ശക്തമാക്കാൻ‌ പരിരക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കാനാണ്‌ തീരുമാനം. ആദ്യ മാതൃകാകേന്ദ്രം തലസ്ഥാനത്തെ വള്ളക്കടവ് സിദ്ധ ആശുപത്രിക്കുവേണ്ടി നിർമിച്ച കെട്ടിടത്തിൽ ഞായറാഴ്ച പ്രവർത്തനം ആരംഭിച്ചു. സമൂഹവ്യാപനമുണ്ടായ തീരദേശമേഖലയിൽനിന്നുള്ള അഞ്ചുപേരെയാണ് ഇവിടെ‌ പ്രവേശിപ്പിച്ചത്‌. തീരപ്രദേശത്തെ റൂം ക്വാറന്റൈൻ സൗകര്യമില്ലാത്ത വീടുകളിലെ വയോധികരെ‌ ഇവിടേക്കു മാറ്റും. രോഗബാധിതരുള്ള വീടുകളിൽ നോക്കാൻ മറ്റാരുമില്ലാത്തവരെയും ഇവിടെ എത്തിക്കും. കുടുംബാംഗങ്ങൾ രോഗമുക്തരായി വീട്ടിൽ തിരിച്ചെത്തുംവരെ ഇവരുടെ പരിചരണം ഉറപ്പാക്കും.

ഇതിനായി മുഴുവൻ സമയ ഡോക്ടർമാരുടെയും നേഴ്‌സ്മാരുടെയും സേവനമുറപ്പാക്കി. ആംബുലൻസ് സേവനവും ലഭ്യമാക്കുമെന്ന്‌ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. താമസിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഭക്ഷണം,വസ്ത്രം, പാത്രം, ഗ്ലാസ്, ചെരിപ്പ്, സോപ്പ്, ബ്രഷ്, ടൂത്ത് പേസ്റ്റ് എന്നിവയടങ്ങിയ കിറ്റും നൽകും.

മാനസികോല്ലാസത്തിനായി ടി വിയും സ്ഥാപിച്ചിട്ടുണ്ട്. 30 പേർക്ക് താമസിക്കാവുന്ന ക്യുബിക്കിൾ മാതൃകയിലുള്ള സൗകര്യമാണുള്ളത്‌. കോവിഡ് പരിശോധനയിൽ നെഗറ്റീവായവരെയാണ് ഇവിടേക്ക്‌ മാറ്റുന്നത്. പോസിറ്റീവായവരെ പ്രാഥമികതല ചികിത്സാകേന്ദ്രത്തിലേക്കു മാറ്റും. ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, സാമൂഹ്യ സുരക്ഷാ മിഷൻ, എൻഎച്ച്എം എന്നിവ സംയുക്തമായാണ് കേന്ദ്രം ഒരുക്കുന്നത്‌.

റിവേഴ്‌സ്‌ ക്വാറന്റൈൻ ആർക്കൊക്കെ
വയോജനങ്ങൾ, ഗർഭിണികൾ‌, പൊണ്ണത്തടിയുള്ളവർ, കുഞ്ഞുങ്ങൾ, ഡയബറ്റിസ്‌, ഹൈപ്പർ ടെൻഷൻ, വൃക്കരോഗികൾ, അർബുദ രോഗികൾ, അവയവം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക്‌ വിധേയമായവർ, പ്രതിരോധശേഷി കുറയ്‌ക്കാനുള്ള മരുന്ന്‌ കഴിക്കുന്നവർ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top