04 August Tuesday

‘സംക്രമണ’കാലത്തിന്റെ കവി

സച്ചിദാനന്ദൻUpdated: Saturday Jul 27, 2019

അറുപതുകളിലെ വ്യക്തിവാദത്തിലേക്കുമടങ്ങാതെ, എഴുപതുകളിൽ നേടിയ സാമൂഹിക‐രാഷ്ട്രീയബോധം കൈവെടിയാതെ കേരളീയ സ്വത്വത്തിനായുള്ള അന്വേഷണം എൺപതുകളിൽ മലയാളകവിതയിൽ മുന്നോട്ടു വന്നു. ആറ്റൂരിന്റെ  “പാണ്ടി’ നോക്കുക. നാട്ടിൻപുറത്തെ മാവും പുളിയും പറമ്പും നിലാവും വിട്ട് പട്ടണത്തിൽ പണിക്കുപോകുന്ന കഥാപാത്രം. ഹോട്ടലിൽ പല രുചി കലർന്ന തട്ടേന്തി ഇതരരുടെ ഇഷ്ടത്തിനു വിളമ്പി വർഷങ്ങൾ കഴിക്കുന്നു. ഏകാന്തയാമങ്ങളിൽ ഊരിലെ പൂക്കളുടെ ഓർമ വേട്ടയാടുന്നെങ്കിലും ദീപാവലി മധുരക്കുന്നുകളും കിണ്ണങ്ങളുടെ കലമ്പലും പാചകശാലയുടെ ഗന്ധവും  ഇന്ദ്രിയങ്ങളെ മൂടുന്നു. മൂന്നു പതിറ്റാണ്ടുകഴിഞ്ഞ് ഊരിലെത്തുന്ന അയാളെ ബന്ധുക്കളും ശത്രുക്കളും തിരിച്ചറിയുന്നില്ല. ജന്തുക്കളും സസ്യങ്ങളും മറന്നു. തരിശായ കുന്നും വരണ്ട തോടും അമ്പരന്ന നക്ഷത്രവും കൈവെടിഞ്ഞു. നഷ്ടമായതെന്തെന്ന് ഓർക്കാൻ ശ്രമിക്കുമ്പോഴാണ് കോവിലിൽനിന്ന് പഴയ പാണ്ടിമേളം.

ഈ ചെണ്ട കൊട്ടുന്നത് കേരളീയമായ സ്വത്വബോധത്തിന്റെ കാലമാകുന്നു. ആദ്യകാല സ്വത്വാന്വേഷണത്തിൽനിന്നു വ്യത്യസ്തമായി, ആറ്റൂർ “അർക്ക’ത്തിലും “പിതൃഗമന’ത്തിലുമെത്തുമ്പോൾ ഈ സ്വത്വബോധം പ്രപഞ്ചബോധമാകുന്നു. പിതൃഗമനത്തിൽ ഭൂതപൈതൃകത്തിന്റെ രാത്രി വിട്ടിറങ്ങി പുതുതലമുറ വെളിച്ചത്തിന്റെ ലോകത്തെത്തുന്നു. പഴുത്ത നാരായമുനകൊണ്ട് പാരമ്പര്യത്തിന്റെ ഒറ്റക്കണ്ണു പൊട്ടിക്കുന്നു. ചരിത്രത്തിന്റെ വഴിത്തിരിവിൽ ആസ്തിക്യപാരമ്പര്യം വിട്ടിറങ്ങി ഭൗതികമായ ആത്മീയതയിലേക്ക് ഉദ്ബുദ്ധനായ ഗൗതമനെ കവിതയുടെ അവസാനം അനുസ്മരിക്കുന്നതിന് പ്രസക്തിയുണ്ട്. ഭാരതീയ‐കേരളീയ പൈതൃകങ്ങളുടെ സംഗമസ്ഥാനത്ത് താൻ എരുക്കായി നിൽക്കുന്നതായി അർക്കത്തിൽ കവി ദർശിക്കുന്നു. പൈതൃകത്തിൽനിന്ന് വളം വലിച്ചെടുക്കുകയും പ്രകാശത്തിലേക്ക് ചില്ല നീട്ടുകയും ചെയ്യുന്ന സ്വത്വത്തിന്റെ പാരുഷ്യവും തീക്ഷ്ണതയും മുഴുവൻ ആവാഹിക്കുന്ന പ്രതീകമാണ് എരുക്ക്. “ഉദാത്ത’ത്തിൽ പൂന്താനവും മേൽപ്പത്തൂരും നായന്മാരുടെ പന്തിയിൽ വള്ളത്തോളും കുഞ്ഞിരാമൻനായരും ഗോവിന്ദൻനായരും ഉൾപ്പെട്ട ആസ്തികപാരമ്പരത്തിന്റെ ഓടക്കുഴലിലും പാൽപ്പായസത്തിലും ശൃംഗാരത്തിലും പ്രതീകവൽക്കരിക്കപ്പെടുന്ന കാവ്യപൈതൃകത്തിന്റെ പെരുംവാർപ്പ്  ഉടച്ചുകളയാൻ കുഞ്ഞിക്കിണ്ണവുമായി നിൽക്കുന്ന വർത്തമാനത്തോട് ആഹ്വാനംചെയ്യുന്നു.

ആദ്യകാലകവിതയായ പേടിയുടെ മറുവശമായ പിറവിയിൽ തകർച്ചയുടെ സംഭ്രമമായത് പിറവിയുടെ പേറ്റുനോവ്്. സഹജാവബോധത്താൽ ഋതുപരിണാമങ്ങളറിയുന്ന വൃക്ഷത്തെപ്പോലെ കവി വാസനാബലത്താൽ മോചനപ്പിറവി അറിഞ്ഞിരിക്കുന്നു. ക്രിസ്തുവായോ കൃഷ്ണനായോ എവിടെയോ പിറന്നിരിക്കുന്നു. കാട്ടുതീ, കടൽ, കൊടുങ്കാറ്റ് എന്നീ പ്രകൃതിശക്തികളുമായേ താരതമ്യമുള്ളൂ.

“സംക്രമണം’ വിപ്ലവാത്മകമായ വെളുത്ത മന്ത്രവാദമാണ്. ജീവിതത്തിന്റെ മഹാനുഭവങ്ങളാൽ ഉലയ്ക്കപ്പെടാൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത വൃഥാജന്മമാണ് ഭൃത്യയുടേത്. കണ്ണിനും കാതിനും ചുണ്ടിനും ദിനരാത്രങ്ങൾക്കും മാനുഷികമായ അസ്തിത്വവും മസൃണവും തീക്ഷ്ണവുമായ വൈവിധ്യവും നിഷേധിക്കപ്പെട്ടു.

“സംക്രമണം’ വിപ്ലവാത്മകമായ വെളുത്ത മന്ത്രവാദമാണ്. ജീവിതത്തിന്റെ മഹാനുഭവങ്ങളാൽ ഉലയ്ക്കപ്പെടാൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത വൃഥാജന്മമാണ് ഭൃത്യയുടേത്. കണ്ണിനും കാതിനും ചുണ്ടിനും ദിനരാത്രങ്ങൾക്കും മാനുഷികമായ അസ്തിത്വവും മസൃണവും തീക്ഷ്ണവുമായ വൈവിധ്യവും നിഷേധിക്കപ്പെട്ടു. അടിമയാണെന്ന ബോധമുദിക്കാത്ത അവസ്ഥയിൽ അടിമ ജഡമാണ്. ദേഹം അവൾക്ക് അധ്വാനോപകരണംമാത്രം. കവിമനസ്സിൽ അനാഥജഡം സമൂഹത്തിലാകെ ദുർഗന്ധം പരത്തുന്നു. ജഡത്തിന്റെ അംഗങ്ങളടർത്തിയെടുത്ത് പ്രകൃതിയുടെ നിർദയമൂലകങ്ങളിലേക്ക് വിക്ഷേപിച്ച് കവി അടിമയെ പ്രതിക്രിയാസന്നദ്ധയാക്കുന്നു. അവളുടെ ആത്മാവിനെ കടുവയിലും ചെന്നായയിലും അഴിച്ചുചേർക്കുന്നു. വിശപ്പിനെ സർവദാഹകമായ കാട്ടുതീയിലും വേദനയെ വ്രണിതസന്ധ്യയിലും ശാപത്തെ സൂര്യനിലും ചേർക്കുന്നു. അവളുടെ ബലിയിലൂടെ ലോകത്തിന്റെ പാപം ഏറ്റെടുക്കപ്പെടുന്നു. സമൂഹം വിമലീകൃതമാകുന്നു.

“ഓട്ടോവിൻ പാട്ടിൽ’ പഴയ ഇല്ലം പൊളിച്ചുവിറ്റ് പുതിയ റിക്ഷ വാങ്ങുന്ന കുഞ്ഞിക്കുട്ടൻ, പഴയതിന്റെ ഓർമ നിലനിർത്താൻ വണ്ടിക്ക് ഗണപതിയെന്ന് പേര്. പുതിയത് കെഎൽഡി 104. രാവിലത്തെ തീവണ്ടിയാത്രക്കാരാണ് ഗണപതിയുടെ പ്രാതൽ. പൊങ്ങുന്ന വിലകളുടെയും കടത്തിന്റെയും നടുവിൽ, ആലില കൃഷ്ണൻ തുണയ്ക്കുന്നില്ല. ഗണപതി  ഭദ്രകാളിയാകുന്നു. അത്താഴം ശവങ്ങളും. നാട്ടിൽ പഞ്ഞമില്ലാത്തത് അതിനുമാത്രം. “വിഷം തിന്നു മരിച്ചവന്റെ ശവം’ കാലത്തിന്റെ നടുമുറ്റത്താണ്; കുഞ്ഞിക്കുട്ടന്റെ “പൂരോഗതി’യിലെ വൈരുധ്യത്തിനു കേന്ദ്രമായി ബാക്കിയാകുന്നത് ആ ശവം.

കർമവൈകല്യം ഗ്രസിക്കുന്ന  സമൂഹത്തിൽ ഇല്ലാത്തവനു ലഭ്യമായ ഒറ്റ മൂലധനം മൂല്യശോഷണം വന്ന ജീവിതം; സാധ്യമായ ഒരേയൊരു വ്യാപാരം ശവവ്യാപാരവും. ഇല്ലം തകർന്നവന്റെ ഉപജീവനാന്വേഷണം, വിഷം തിന്നവന്റെ ജഡത്തിലെത്തുന്ന ഹതാശവൈപരീത്യത്തിൽ, സമൂഹത്തിന്റെ മുഴുവൻ പാപത്തിന്റെ മുറുക്കിക്കെട്ടിവച്ച കഥയുണ്ട്. നാടോടിപ്പാട്ടുകളിലെ എണ്ണങ്ങളെയും റിക്ഷയുടെ ഓട്ടത്തെയും അനുസ്മരിക്കുന്ന ആവർത്തനതാളവും കാവ്യഭാവത്തിനനുയോജ്യമായ കേരളീയശയ്യ സൃഷ്ടിക്കുന്നു. സമർഥനായ വാഗ്വേയകാരനെപ്പോലെ, പാട്ടുവൃത്തത്തെ പരിഷ്കരിച്ച് ഭൈരവിയാക്കിമാറ്റുന്നു കവി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top