26 January Sunday

തായ്മൊഴി തേടിയ കവിത

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019


വ്യത്യസ്തമായിരിക്കുക എന്നത് ആറ്റൂർ കവിതയുടെ അടയാളം. പല പാരമ്പര്യങ്ങൾ പിൻപറ്റുമ്പോഴും തന്റേതായ രുചിയും വഴിയും നേടിയാണ് എഴുത്തായി അത് ഉരുത്തിരിഞ്ഞത് "എല്ലാ വീടും പടിഞ്ഞാട്ടു നോക്കുമ്പോൾ/ എന്റെ വീടു കിഴക്കോട്ടാണല്ലോ/ എല്ലാവർക്കും വെളുത്തുള്ളൊരമ്മമാർ/ എന്റെ അമ്മ കറുത്തിട്ടുമല്ലോ' എന്നിങ്ങനെ തന്റെ വ്യതിരിക്തത "സ്വകാര്യം' എന്ന കവിതയിൽ രേഖപ്പെടുത്തി.ശബ്ദത്തേക്കാളേറെ മൗനത്തിന് കാതുകൊടുക്കുകയും വെളിച്ചത്തേക്കാളേറെ ഇരുട്ടിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന അസാധാരണത്വം ആ കവിതയിൽ കാണാം. അത് ഒരുപക്ഷേ മൗനത്തിലാണ് ശബ്ദം മുഴങ്ങുക എന്നതുകൊണ്ടും ഇരുട്ടിലാണ് വെളിച്ചം തെളിയുക എന്നതുകൊണ്ടുമാകാം.

ആദ്യസമാഹാരം കവിത 1977ൽ. രണ്ടാമത്തേത് "ആറ്റൂർ രവിവർമയുടെ കവിതകൾ' 94ലും. 2003ൽ പ്രസിദ്ധീകൃതമായ "ആറ്റൂർ രവിവർമയുടെ കവിതകളി'ൽ "95 മുതലുള്ള രചനകളാണ് സമാഹരിച്ചത്. "ആറ്റൂർക്കവിതകൾ'  സമ്പൂർണ സമാഹാരം 2012ൽ പ്രകാശിതമായി. എണ്ണത്തിൽ കുറവെങ്കിലും ആത്മാവിലും ആവിഷ്കാരത്തിലും രണ്ടുമൂന്നു ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് ആറ്റൂർക്കവിത.

ആദ്യഘട്ടത്തിലേതിൽ സ്വത്വാന്വേഷണശീലം,നഗരജീവിതം,ഒറ്റപ്പെടൽ, അകാരണ ഭയം, "ഉദാത്ത'ങ്ങളെ എറിഞ്ഞുടയ്ക്കാനുള്ള ആവേശം, ഒന്നിലും വിശ്വാസമോ ആശ്വാസമോ ഇല്ലാത്ത അലച്ചിൽ എന്നിവയുണ്ടായി. 90കൾവരെ എഴുതിയ രചനകളിൽനിന്ന്  വ്യത്യസ്തമായ എഴുത്ത് പിന്നീടുണ്ടായി. മുഴുവൻ കവിതകളെയും ഇണക്കുന്ന ആന്തരികമായ ധാര അതിലുണ്ടുതാനും. സ്വയം അനുകരിക്കാനുള്ള വാസന ആറ്റൂരിൽ കണ്ടതേയില്ല. സംക്രമണവും മേഘരൂപനും പ്രകീർത്തിക്കപ്പെട്ടപ്പോഴും അതുപോലെ എഴുതുക  പ്രലോഭനമായില്ല. എൻ എൻ കക്കാടിനാൽ "മൃത്യോപനിഷത്ത്' എന്ന് പ്രശംസിക്കപ്പെട്ട "സംക്രമണം', സംസ്കാരത്തിന്റെ ജീർണതയെ, സ്ത്രീജീവിതത്തിന്റെ ഇതഃപര്യന്തമുള്ള നിഷ്ഫലതയെ തുറന്നുകാട്ടുകമാത്രമല്ല, ക്രുദ്ധമായ രീതിയിൽ അത് എങ്ങനെ പരിവർത്തിക്കണം എന്ന അഭിലാഷത്തെ വരച്ചുകാണിക്കുകയും ചെയ്തു.

"പുറപ്പെട്ടേടത്താണൊരായിരം കാതമവൾ നടന്നിട്ടും' എന്ന ഒറ്റവരിയിൽ മുന്നോട്ടുപോകാത്ത പെൺജീവിതങ്ങളുടെ ദുർവിധിയെപ്പറ്റി എഴുതി.

ഒരു കുറ്റിച്ചൂല്
ഒരു നാറത്തേപ്പ് ഞെണുങ്ങിയ വക്കാർ
ന്നൊരു കഞ്ഞിപ്പാത്രം‐
ഒരട്ടി മണ്ണവൾ!

എന്നെഴുതിയപ്പോൾ അതേക്കാൾ വേലക്കാരിയുടെ ജീവിതത്തെക്കുറിച്ച് പറയാനില്ലെന്നായി. ആ കവിതയുടെ ഉത്തരഭാഗമാണ് ലഭിച്ച പ്രസക്തിക്ക് നിദാനം. നരഭുക്കായ കടുവയിലേക്ക് ആ ആത്മാവിനെ എടുത്തുചേർക്കുന്ന ആഭിചാരത്തിലൂടെയാണ് കവിത അവസാനിക്കുന്നത്. ക്യാൻസറിലുമുണ്ട് ഒടുക്കത്തെകൈയായി ഒരു ശസ്ത്രക്രിയ. എന്നാൽ, സംക്രമണം പ്രതീക്ഷയിൽ അവസാനിക്കുമ്പോൾ, മാരകമാംവിധം രോഗബാധിതമായ, വംശനാശത്തോളമെത്തിയ വ്യവസ്ഥയെയാണ് ക്യാൻസറിൽ കാണുക. ക്യാൻസറിലും, ക്ലാസിൽ, ഭാരതദർശൻ തുടങ്ങിയ കവിതകളിലും "ഏട്ടിലെ പുല്ലുതിന്നു വളരുന്ന' വിദ്യാഭ്യാസത്തെ കളിയാക്കുകയും വിമർശിക്കുകയും ചെയ്തു അധ്യാപകനായിരുന്ന കവി.

85നുശേഷമാണ് പരിഭാഷാ യത്നങ്ങളിൽ ഏർപ്പെട്ടത്. അതോടെ ആറ്റൂരിന്റെ കവിതകളുടെ മൊഴിയും ചൊൽരൂപങ്ങളും മാറി. ആദ്യകാല കവിതകളിൽ അനുഷ്ടുപ്പുപോലുള്ള സംസ്കൃതവൃത്തങ്ങളും പിതൃഗമനംപോലുള്ള പ്രയോഗങ്ങളും സുലഭമായിരുന്നെങ്കിൽ പിന്നീട് നയം മാറ്റി. തായ്മൊഴിയോടടുത്തുനിൽക്കുന്ന തനിമൊഴികൾക്ക് പ്രാധാന്യം നൽകി. ഒതുക്കിയും ചുരുക്കിയുമുള്ള രചനയ്ക്ക് തമിഴ്മൊഴിയെ പിൽക്കാലകവിതകളിൽ ഏറെ ഉപയോഗിച്ചിട്ടുണ്ട്. തമിഴിന്റെ മൊഴിയഴകിലും അടക്കത്തിലും അദ്ദേഹം കമ്പമാർന്നിരുന്നു. സംസ്കൃതത്തെ മാത്രമല്ല ഇംഗ്ലീഷിനെയും അകറ്റി നിർത്തി. അതിനായി നിത്യേന ഉപയോഗിക്കുന്ന വാക്കുകൾ തേടിപ്പിടിക്കുകയും മലയാളിക്കു മനസ്സിലാകുന്ന തമിഴ് വാക്കുകൾ കടംകൊള്ളുകയും ചെയ്തു.  മലയാളത്തിൽ ഇങ്ങനെയൊരു തായ്മൊഴിവഴക്കം സൃഷ്ടിക്കാൻ മറ്റൊരു കവിക്കും കഴിഞ്ഞിട്ടില്ല.
 


പ്രധാന വാർത്തകൾ
 Top