03 June Wednesday

ആരുടെ സൃഷ്ടി രണ്ട്‌ ഇന്ത്യ

സാജൻ എവുജിൻUpdated: Wednesday Mar 27, 2019


ന്യൂഡൽഹി
സമ്പന്നരുടെയും ദരിദ്രരുടെയുമായി രണ്ട‌് ഇന്ത്യ അനുവദിക്കാൻ കഴിയില്ലെന്ന എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ആത്മാർഥതയില്ലാത്തത‌്.   രാജ്യത്ത‌് തൊഴിലില്ലായ‌്മയും ദാരിദ്ര്യവും കാർഷികത്തകർച്ചയും രൂക്ഷമാക്കിയത‌് നവഉദാരനയങ്ങളാണ‌്. ഇത‌് നടപ്പാക്കിയത‌് കോൺഗ്രസും. കോൺഗ്രസിന‌് ഭരണം ലഭിച്ചാൽ ദരിദ്രർക്ക‌്  മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി വാഗ‌്ദാനം നൽകിയാണ‌് രാഹുൽ ഗാന്ധി രണ്ട‌ുതരം ഇന്ത്യയെക്കുറിച്ച‌് വാചാലനായത‌്. 1991ൽ അധികാരത്തിൽവന്ന നരസിംഹറാവു സർക്കാർ നവഉദാര നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയതുമുതൽ ഇടതുപക്ഷം ചൂണ്ടിക്കാട്ടിയ വസ‌്തുതയാണ‌് സമ്പന്നരുടെയും ദരിദ്രരുടെയും ഇന്ത്യയാണ‌് കോൺഗ്രസ‌് സൃഷ്ടിക്കുന്നതെന്ന‌്. ഈ നയങ്ങൾ  ഉപേക്ഷിക്കാൻ കോൺഗ്രസ‌് തയ്യാറാണോ എന്നതാണ‌് പ്രധാനം.

നൂറ് കോടി ഡോളറിൽ കൂടുതൽ ആസ‌്തിയുള്ളവരുടെ പട്ടിക ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ചുതുടങ്ങിയ കാലത്ത് ഇതിൽ ഇന്ത്യക്കാർ ആരുമില്ലായിരുന്നു. 2000ന്റെ തുടക്കത്തിൽ  ഈ പട്ടികയിൽ എട്ടുപേർ സ്ഥാനം നേടി. 2018 ആയപ്പോൾ 121 ഇന്ത്യക്കാർ ശതകോടി ഡോളർ പട്ടികയിൽ ഉൾപ്പെട്ടു. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 22 ശതമാനം ഇവർ കൈയാളുന്നു.

സാമ്പത്തികപരിഷ‌്കാരങ്ങളുടെ പ്രധാന ഗുണഭോക്താക്കൾ കോർപറേറ്റുകളാണ‌്. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയിൽ അധിഷ്ഠിതമായ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ‌്ക്ക‌് ഗതിവേഗം കൂട്ടുമെന്ന‌് മൻമോഹൻ സിങ‌് മുതൽ പി ചിദംബരം വരെ വാദിച്ചു. പൊതുമേഖലയിൽനിന്ന‌് പിന്മാറാൻ തുടങ്ങി. സർക്കാർ ഓഹരികൾ വിറ്റു. കാർഷിക–-വ്യവസായമേഖലകളിൽ പൊതുമുതൽമുടക്ക‌് വെട്ടിക്കുറച്ചു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളെ കൈയൊഴിഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ‌്, ബിജെപി സർക്കാരുകൾ മത്സരിച്ചു. തകർച്ച നേരിടുന്ന സ്വകാര്യസ്ഥാപനങ്ങളെ രക്ഷിക്കാൻ  പൊതുമേഖലാ ബാങ്കുകളുടെയും എൽഐസിയുടെയും പണം ഉപയോഗിച്ചു.  പൊതുമേഖലയുടെ ലാഭം സ്വകാര്യവൽക്കരിച്ചപ്പോൾ സ്വകാര്യമേഖലയുടെ നഷ്ടം ദേശസാൽക്കരിച്ചു. സ‌്പെക്ട്രം, കൽക്കരി, പ്രകൃതിവാതകം, ഗതാഗതമേഖല എന്നിവയുടെ സ്വകാര്യവൽക്കരണത്തിന്റെ നേട്ടം കോർപറേറ്റുകൾക്കായിരുന്നു. വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിനു തുടക്കമിട്ടതും കോൺഗ്രസാണ‌്.

കാർഷികമേഖലയിൽ പൊതുമുതൽമുടക്ക‌് വെട്ടിക്കുറച്ചതാണ‌് രാജ്യത്തെ ദാരിദ്ര്യം രൂക്ഷമാക്കിയത‌്. കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന  നിയന്ത്രണങ്ങൾ ഒഴിവാക്കിയതും കുത്തനെയുള്ള വിലയിടിവിന് കാരണമായി. പരുത്തി ഉൽപ്പന്നങ്ങളുടെയും നാണ്യവിളയുടെയും വിലത്തകർച്ചയിലൂടെമാത്രം ഇന്ത്യൻ കർഷകർക്ക് വർഷത്തിൽ ശരാശരി 1,16,200 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.


ഗ്രാമങ്ങളിലെ ഭൂരഹിത കർഷകത്തൊഴിലാളികളുടെ അനുപാതം 1981ൽ 25 ശതമാനമായിരുന്നത് 2002ൽ 40 ശതമാനമായി. ദരിദ്രവിഭാഗങ്ങൾ വർധിച്ച തോതിൽ പാപ്പരായി. ചെറുകിട കർഷകർ വൻതോതിൽ ഭൂരഹിത കർഷകത്തൊഴിലാളികളുടെ വിഭാഗത്തിലേക്ക് മാറി. കർഷകത്തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ കുത്തനെ കുറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ‌് പദ്ധതിയുടെ അടങ്കൽ വർധിപ്പിക്കാത്തതും  ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ രൂക്ഷമാക്കി. കൃഷി ആവശ്യങ്ങൾക്കായി നൽകിയിരുന്ന സബ്സിഡി വെട്ടിക്കുറച്ചു. 2000ന‌് ശേഷം മൂന്നരലക്ഷം കർഷകരാണ‌് രാജ്യത്ത‌് ആത്മഹത്യചെയ‌്തത‌്. സ്ഥിതി ഇത്രയും രൂക്ഷമാക്കിയ സാമ്പത്തികനയത്തിന്റെ പ്രായോജകരായി അവകാശപ്പെടുന്ന കോൺഗ്രസ‌് ഇപ്പോൾ ദാരിദ്ര്യത്തെക്കുറിച്ച‌് ആശങ്കപ്പെടുന്നത‌് തെരഞ്ഞെടുപ്പ‌് തട്ടിപ്പ‌് മാത്രമാണ‌്.

കർഷക യുവാക്കൾക്ക‌് പെണ്ണ‌ുകിട്ടാനില്ല
മുംബൈ
കാർഷികമേഖലയിലെ പ്രതിസന്ധി മഹാരാഷ‌്ട്രയിൽ കർഷക യുവാക്കളുടെ വിവാഹം മുടക്കുന്നു. വേറെ ആരെയും  വിവാഹം ചെയ്യാൻ തയ്യാറാണെങ്കിലും കർഷകരെ വേണ്ടെന്നാണ‌് യുവതികൾ പറയുന്നത‌്. കൃഷിയിൽനിന്ന‌് കുറച്ചെങ്കിലും വരുമാനം ലഭിക്കുന്ന വിദ്യാസമ്പന്നരായ യുവാക്കൾപോലും കർഷകരാണെന്നതുകൊണ്ട‌് തഴയപ്പെടുകയാണ‌്. പുരുഷധനം വ്യാപകമാകാനും ഇത‌് ഇടയാക്കി.

കരിമ്പുകർഷകനായ അമിത‌് സാവന്തിന്റെ അനുഭവമാണ‌് പ്രതിസന്ധി പുറത്തുകൊണ്ടുവന്നത‌്. അഹമ്മദ‌് നഗർ ജില്ലയിൽ നടത്തിയ സർവേ പ്രകാരം മൂവായിരത്തിലധികം യുവകർഷകരാണ‌് വിവാഹം മുടങ്ങിനിൽക്കുന്നത‌്.  കർഷകനായതുകൊണ്ട‌ുമാത്രം 30 യുവതികൾ തന്നെ അവഗണിച്ചെന്ന‌് ബുൽധാന ജില്ലയിലെ ബിരുദധാരിയായ കിഷോർ സാവ‌്‌ലെ പറയുന്നു. നാസിക്കിലെ ചില ഗ്രാമങ്ങളിൽ ഒരുലക്ഷത്തോളം രൂപവരെയാണ‌് കർഷകർ യുവതികളുടെ കുടുംബത്തിന‌് നൽകുന്നത‌്.

മറ്റുള്ളവരുടെ ഭൂമിയിൽ കരാർ ജോലിചെയ്യുന്ന യുവാക്കളുടെ അവസ്ഥ ഇതിലും ദയനീയമാണ‌്. നിരവധി യുവാക്കൾ കാർഷികവൃത്തി വിട്ട‌് ടാക‌്സി--–-റിക്ഷാ ഡ്രൈവർമാരായി പുണെയിലേക്കും മുംബൈയിലേക്കും പോയി. ഡൽഹിയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ‌് ഡെവലപ്പിങ‌് സൊസൈറ്റീസ‌് നടത്തിയ പഠനത്തിൽ കാർഷികവൃത്തി തുടരാൻ താൽപ്പര്യം കാണിക്കുന്നത‌് 24 ശതമാനം യുവാക്കൾമാത്രം. 74 ശതമാനം പേർ മറ്റുജോലികൾ തേടി പോവുകയാണ‌്.
2011ൽ പുറത്തുവന്ന കണക്കനുസരിച്ച‌് 2001നും 2011നും ഇടയിൽ കൃഷിയുപേക്ഷിച്ചത‌് 90 ലക്ഷത്തോളം കർഷകരാണ‌്. ഈ പിന്മാറ്റം സമ്പദ‌്‌വ്യവസ്ഥയിൽ കാർഷികമേഖലയ‌്ക്ക‌് വലിയ പ്രധാന്യമുള്ള ഇന്ത്യക്ക‌് വൻ തിരിച്ചടിയാകും. രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക‌് പോകുമെന്നും മുന്നറിയിപ്പു നൽകുന്നു.  

പഞ്ചാബിൽ 2 വർഷത്തിനിടെ 919 കർഷക ആത്മഹത്യ
അമൃത‌്സർ
കോൺഗ്രസ‌് ഭരിക്കുന്ന പഞ്ചാബിലും കർഷക ആത്മഹത്യ വർധിക്കുന്നു. രണ്ടു വർഷത്തിനിടെ 919 കർഷകരാണ‌് ആത്മഹത്യ ചെയ്തത‌്. ദിവസം ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നു. ഭൂരിപക്ഷം കർഷകരും കടക്കെണിയിലാണ‌്. സ്വകാര്യ പണമിടപാടുകാരിൽനിന്നും ബാങ്കിൽനിന്നുമെല്ലാം എടുത്ത വായ‌്പ തിരിച്ചടയ‌്ക്കാൻ സാധിക്കാതെയാണ‌് ആത്മഹത്യ ചെയ്യുന്നത‌്.

ഏറ്റവും പുതിയ കണക്കെടുപ്പിൽ ശരാശരി  മൂന്ന‌് ഹെക്ടർ വരെയാണ‌് പഞ്ചാബിൽ ഒരു കർഷകന്റെ പക്കലുണ്ടാകുക. രണ്ട‌് ഹെക്ടർ വരെയുള്ള കർഷകരുടെ രണ്ട‌ു  ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളുമെന്ന‌് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ ഗുണം ബഹുഭൂരിപക്ഷം കർഷകർക്ക‌ും ലഭിച്ചില്ല. കോൺഗ്രസ‌് പ്രകടനപത്രികയിൽ പറഞ്ഞത‌് കാർഷിക കടങ്ങൾ മുഴുവൻ എഴുതിത്തള്ളുമെന്നാണ‌്.  ഭരണത്തിലേറിയപ്പോൾ നിബന്ധനകൾ കൊണ്ടുവന്നു.

മഹാരാഷ‌്ട്രയിൽ പ്രതിദിനം 8 കർഷകർ ജീവനൊടുക്കുന്നു
മഹാരാഷ‌്ട്രയാണ‌് രാജ്യത്ത‌് ഏറ്റവുമധികം കർഷക ആത്മഹത്യ നടന്ന സംസ്ഥാനം.  ശരാശരി ഒരു ദിവസം എട്ട‌് കർഷകരാണ‌് ആത്മഹത്യചെയ്യുന്നത‌്. സംസ്ഥാന സർക്കാർ 34,000 കോടിയുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന‌് പറഞ്ഞശേഷം 4500 കർഷകർ ആത്മഹത്യ ചെയ്തു. കർഷകരുടെ സമരത്തെ പിന്തുണയ‌്ക്കാൻ മുൻനിര രാഷ്ട്രീയ പാർടികളൊന്നും തയ്യാറാകുന്നില്ല. സാമൂഹ്യമാധ്യമങ്ങ‌ളിൽ ഫാസ്റ്റ‌് ഫോർ ഫീഡർ എന്ന ഹാഷ‌്ടാഗിൽ തങ്ങൾക്ക‌് പിന്തുണനൽകാൻ പലരോടും കർഷകർ ആവശ്യപ്പെട്ടിരിന്നു. ആരും പിന്തുണച്ചില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top