30 November Monday

വൈറലായി ‘മരണ’ക്കളി

സ്വന്തം ലേഖികUpdated: Thursday Feb 27, 2020


കോഴിക്കോട്‌
കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ‘ലൈവ്‌ ഗെയിമുകൾ’ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കുട്ടികൾ മുഖത്ത്‌ പരസ്‌പരം അടിക്കുന്ന ‘ഫേസ്‌ സ്ലാപിങ് ഗെയി’ മും ചാടുന്ന കുട്ടിയെ കാലിട്ട്‌ വീഴ്‌ത്തുന്ന ‘സ്‌കൾ ബ്രേക്കിങ് ചലഞ്ചുമാണ്‌’ കൂടുതൽ അപകടം വിതയ്‌ക്കുന്നത്‌. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിൽ കുട്ടിയുടെ മരണത്തിനിടയാക്കിയ ഇത്തരം കളികൾ കേരളത്തിലുമുണ്ട്‌.

മരണത്തിലേക്ക്‌ വെല്ലുവിളിക്കുന്ന ‘ബ്ലൂ വെയിൽ ഗെയിം’ ആയിരുന്നു മുമ്പ്‌ ഭീതി പടർത്തിയത്‌. സ്‌കൾ ബ്രേക്കിങ്ങിനും ഫേസ്‌ സ്ലാപിങ്ങിനും ടിക്‌ ടോക്കിലൂടെയാണ്‌ കൂടുതൽ പ്രചാരണം. കൗമാരക്കാരായ കുട്ടികൾ ടിക്‌ ടോക്ക്‌ ഉപയോഗിക്കുന്നതിനാൽ ഇത്തരം കളികളിലൂടെയുള്ള അപകടസാധ്യതയും വർധിക്കുന്നു.
മുഖാമുഖം നിൽക്കുന്ന രണ്ട്‌ കുട്ടികൾ മുഖത്തേക്ക്‌ പരസ്‌പരം അടിക്കുന്ന മത്സരമാണ്‌ ‘ഫേസ്‌ സ്ലാപിങ്’. ഒരാൾ മുഖത്തടിച്ചയുടൻ അടുത്തയാൾ തിരിച്ചടിക്കും. ഇത്‌ അൽപ്പസമയം തുടരും. ശക്തിയായി ഇടിക്കുന്നത്‌ ചെവിയിൽനിന്ന്‌ രക്തസ്രാവം വരുന്നതിനും തലച്ചോറിന്‌ ക്ഷതമുണ്ടാകാനും ഇടയാകുന്നുണ്ട്‌. മരണംതന്നെ സംഭവിച്ചേക്കാവുന്ന ഗുരുതരമായ പ്രശ്‌നമാണിത്‌. ഉത്തരേന്ത്യയിലും പാകിസ്ഥാനിലുമൊക്കെ മുതിർന്നവർക്ക്‌ നടത്തുന്ന ‘തപർ കബഡി’ എന്ന മത്സരയിനത്തിനോട്‌ ചെറിയ സാമ്യം ഇതിനുണ്ട്‌. ടിക് ടോക്കിലും മറ്റും ‘സ്ലാപിങ് ഫേസ്‌ ഗെയിം’ കാണുന്ന കുട്ടികൾ നേരിട്ട്‌ പരീക്ഷിക്കുന്നതാണ്‌ കൂടുതൽ അപകടം സൃഷ്ടിക്കുന്നത്‌.
തലയോട്ടിക്കും നട്ടെല്ലിനും ക്ഷതമുണ്ടാക്കുന്നതാണ്‌ ‘സ്‌കൾ ബ്രേക്കിങ്’ ഗെയിം. ഇതിന്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിലും ടിക്‌ ടോക്കിലുമുണ്ട്‌.


 

മൂന്നുപേരാണ്‌ ഈ കളിയിലുണ്ടാവുക. രണ്ടുപേർ ഇരുവശത്തും നിൽക്കും. നടുവിലുള്ളയാൾ ചാടണം. ഈ ചാട്ടത്തിനിടയിൽ ഇരുവശത്തുമുള്ളവർ കാലുകൊണ്ട്‌ വീഴ്‌ത്തും. നടുവിടിച്ചാണ്‌ ഈ ചാട്ടത്തിൽ പലപ്പോഴും വീഴുക. അതിന്റെ ആഘാതത്തിൽ തലയ്‌ക്കും പരിക്കേൽക്കാൻ സാധ്യതയുണ്ട്‌. വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായ ഇത്തരം കളികളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലും ടിക്‌ടോക്കിലും വന്നതോടെയാണ്‌ കുട്ടികൾക്കിടയിൽ വ്യാപകമായത്‌.

സ്‌മാർട്ട്‌ ഫോണുകൾക്ക്‌ മുന്നിൽ സമയം ചെലവഴിക്കുന്ന കുട്ടികൾ ഇത്തരം കളികൾക്ക്‌ അടിപ്പെടുന്നത്‌ രക്ഷിതാക്കൾ പലരും അറിയണമെന്നില്ല. അവയിലൂടെ വൻ അപകടത്തിലേക്കാണ്‌ കൗമാരം നീങ്ങുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top