08 August Saturday

ഒടുവിൽ കേരളത്തിലെത്തിയത്‌ രണ്ടര വർഷംമുമ്പ്‌

മനു വിശ്വനാഥ്‌Updated: Monday Aug 26, 2019

താനൂർ
ബി എം കുട്ടി ഒടുവിൽ നാട്ടിലെത്തിയത്‌ 2016 ഡിസംബറിൽ. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സിക്കാനായിരുന്നു വരവ്‌. പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിൽ ഡോ. കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷമാണ് തിരികെ ലാഹോറിലേക്ക് പോയതെന്ന് ഇളയ സഹോദരൻ ബിയ്യാത്തിയിൽ മുഹമ്മദ്കുട്ടി ഓർക്കുന്നു.

ബിരുദം പൂർത്തിയാക്കി കൂട്ടുകാരുമൊത്ത് ലാഹോർ കാണാൻ പുറപ്പെട്ട ബി എം കുട്ടിക്ക് പാകിസ്ഥാൻ മാധ്യമ വിഭാഗത്തിൽ ജോലി ലഭിച്ചു. പിന്നീട്‌  സർക്കാർ പബ്ലിക്കേഷൻ വിഭാഗത്തിൽ സ്ഥിരം ജോലിയായി. ഉത്തർപ്രദേശിൽനിന്ന്‌ പാകിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തിലെ ബിർജീസിനെ വിവാഹം കഴിച്ചു. ഇതോടെ സ്വന്തം വീട്ടിൽനിന്ന് വലിയ എതിർപ്പ്നേരിട്ടു. പിണക്കം അവസാനിപ്പിച്ചത് 1956ൽ സഹോദരിയുടെ മരണത്തെ തുടർന്ന്  വീട്ടിലെത്തിയപ്പോഴാണ്‌. പിന്നീട് 20 വർഷങ്ങൾക്കുശേഷം 1976ലാണ് വീട്ടിലെത്തിയത്. മുടങ്ങാതെ കത്തയക്കുമായിരുന്നു.

ഇന്നത്തെ തിരൂർ ബോയ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ പഠനകാലത്താണ് കെഎസ്എഫിൽ അംഗമാകുന്നത്. കൂട്ടുകാരായ അച്യുതൻ നമ്പൂതിരി, എറമു എന്നിവർക്കൊപ്പം തൃശൂരിൽ നടന്ന കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതോടെ സംഘടനാ രംഗത്ത്‌ സജീവമായി.  മഹാകവി വള്ളത്തോളുമായും കമ്യൂണിസ്റ്റ് പാർടി നേതാക്കളായ ഇ എം എസ്, ഇ കെ നായനാർ, പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ എന്നിവരുമായും ആത്മബന്ധം പുലർത്തി.

ബി എം കുട്ടി  ഇ എം എസിനൊപ്പം (ഫയൽചിത്രം)

ബി എം കുട്ടി ഇ എം എസിനൊപ്പം (ഫയൽചിത്രം)


 

കറാച്ചിയിൽ എത്തിയതോടെ പാകിസ്ഥാനിലെ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച്‌ സംഘടനാ പ്രവർത്തനം തുടങ്ങി. താനൂർ ഡിഎംആർടി സ്കൂൾ (ഇന്നത്തെ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), തിരൂർ ഗവ. സ്കൂൾ (ഇന്നത്തെ ബോയ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
‘സിക്‌സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍ -–-എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി' എന്ന ആത്മകഥയ്ക്ക്‌ പുറമേ "ഇൻ സെർച്ച് ഓഫ് സൊലൂഷൻസ് ആന്‍ഡ് ഓട്ടോബയോഗ്രഫി ഓഫ് ബിസഞ്ചോ',  "റിമംബറിങ് ദീദി നിർമ്മല ദേശ്പാണ്ഡെ' എന്നീ പുസ്തകങ്ങളും രചിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top