29 October Thursday
15ന്‌ നടന്ന കെഎസ്‌യു സമരത്തിൽ രണ്ട്‌ കോവിഡ്‌ രോഗികളും

പരക്കെ ഓടിനടന്ന്‌ കെഎസ്‌യു പ്രസിഡന്റ്‌ ; ഉമ്മൻചാണ്ടിയെയും കെട്ടിപ്പിടിച്ചു, വ്യാജപേരിൽ ഒപ്പുമിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

തിരുവനന്തപുരം
കോവിഡ്‌ പോസിറ്റീവായ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത്‌, സംസ്ഥാനത്ത്‌ വിവിധ സമരങ്ങളിലും പരിപാടികളിലും പങ്കെടുത്തത്‌ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ. സഹപ്രവർത്തകർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടും ക്വാറന്റൈനിൽ പോകാതെയാണ്‌ എല്ലാസമരത്തിലും അഭിജിത്ത്‌ സജീവമായത്‌.  അഭിജിത്തിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ്‌ ആരംഭിച്ചു.

കഴിഞ്ഞ ദിവസം പോത്തൻകോട്‌ തച്ചപ്പള്ളി എൻപി സ്‌കൂളിൽ നടന്ന കോവിഡ്‌ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ അഭിജിത്തിനൊപ്പം സമരങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്ത ഉമ്മൻചാണ്ടിയടക്കമുള്ള നിരവധി നേതാക്കളും പ്രവർത്തകരും നിരീക്ഷണത്തിൽ പോകേണ്ടിവരും.

15 മുതൽ താൻ ക്വാറന്റൈനിലാണെന്നാണ്‌  അഭിജിത്ത്‌ മാധ്യമങ്ങളോട്‌ അവകാശപ്പെട്ടത്‌. എന്നാൽ 17ന്‌ കോട്ടയത്ത്‌ നടന്ന ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി സമ്മേളനത്തിൽ അഭിജിത്ത്‌ പങ്കെടുത്തു. റിവേഴ്‌സ്‌ ക്വാറന്റൈനിൽ കഴിയേണ്ട, ഉമ്മൻചാണ്ടിയെ പൊന്നാടയണിയിച്ച്‌  സെൽഫിയെടുത്താണ്‌ അദ്ദേഹം മടങ്ങിയത്‌.  15ന്‌ നടന്ന കെഎസ്‌യു സെക്രട്ടറിയറ്റ്‌ മാർച്ച്‌ അഭിജിത്താണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അന്ന്‌ സമരത്തിൽ പങ്കെടുത്ത കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ സെയ്‌ദലി കായ്‌പാടിക്ക്‌ 19ന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. എൻഎസ്‌യു ദേശീയ കോ–-ഓർഡിനേറ്റർ നബീൽ കല്ലംപള്ളിക്കും തൊട്ടുപിന്നാലെ കോവിഡ്‌ വന്നു. ഇരുവർക്കും കോവിഡ്‌ സ്ഥിരീകരിച്ചപ്പോൾ  സമ്പർക്കപ്പട്ടികയിലുള്ള അഭിജിത്തും ക്വാറന്റൈനിൽ പോകേണ്ടതായിരുന്നു. എന്നാൽ, ഇന്ദിരാഭവനിലുൾപ്പെടെ നടന്ന പരിപാടികളിൽ അഭിജിത്ത്‌ പങ്കെടുത്തു. 

തൊണ്ടവേദന വന്നതിനെത്തുടർന്നാണ്‌ അഭിജിത്ത്‌ ആൾമാറാട്ടം നടത്തി പോത്തൻകോട്‌ പോയി പരിശോധിച്ചത്‌.
സംഭവം വിവാദമായതിനെത്തുടർന്ന്‌ അഭിജിത്ത്‌ ഫെയ്‌സ്‌ബുക്കിലിട്ട കുറിപ്പിലും പച്ചക്കള്ളമാണ്‌ പറഞ്ഞത്‌.  ആറ്‌ ദിവസമായി പോത്തൻകോട്ടെ ആളൊഴിഞ്ഞ വീട്ടിൽ നിരീക്ഷണത്തിലാണെന്നാണ്‌ വിശദീകരണം. എന്നാൽ, ഇത്‌ കള്ളമാണെന്ന്‌ പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. മറ്റൊരു ജില്ലയിൽനിന്ന്‌ തങ്ങളുടെ പഞ്ചായത്തിലെത്തി ക്വാറന്റൈനിൽ കഴിയുന്നുണ്ടെങ്കിൽ വിവരം തങ്ങൾക്ക്‌ ലഭിക്കും. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി ആവശ്യമായ നിർദേശങ്ങളും നൽകും. അഭിജിത്തിന്റെ കാര്യത്തിൽ ഇതൊന്നുമുണ്ടായില്ല. പോത്തൻകോട്ട്‌ പോകുന്നതിനുമുമ്പ്‌ എംഎൽഎ ഹോസ്‌റ്റലിലും കൂട്ടുകാർക്കൊപ്പം കഴിഞ്ഞു. അക്രമസമരം വ്യാപിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇവിടെയിരുന്നാണ്‌ പ്ലാൻ ചെയ്‌തത്‌. അതിൽ ആരൊക്കെ പങ്കെടുത്തു എന്നതടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.

വ്യാജപേരിൽ ഒപ്പുമിട്ടു
കെഎസ്‌യു പ്രസിഡന്റ് കെ എം അഭിജിത്‌ കോവിഡ്‌ പരിശോധയ്‌ക്ക്‌ ശേഷം നൽകിയ സമ്മതപത്രത്തിൽ ഒപ്പിട്ടത്‌ അഭി എം കെ എന്ന പേരിൽ. കോവിഡ്‌ പരിശോധനാ ഫലം പോസിറ്റീവ്‌ ആയശേഷം  വീട്ടുനിരിക്ഷണത്തിൽ പോകുന്നതിനായി ആരോഗ്യവകുപ്പിന് നൽകിയ സമ്മതപത്രത്തിലാണ്‌ വ്യാജ ഒപ്പുള്ളത്‌. പേര്‌ മാറിപ്പോയത്‌ തന്റെ അറിവോടെയല്ലെന്നും എഴുതിയതിൽ വന്ന പിഴവായിരിക്കാം എന്നുമാണ്‌ ഇയാൾ കഴിഞ്ഞ ദിവസം പറഞ്ഞത്‌. എന്നാൽ, അഭിജിത്‌ സ്വന്തം ഫോണിൽനിന്ന് ആരോഗ്യപ്രവർത്തകന് അയച്ച രേഖയാണ് ഇപ്പോൾ പുറത്തുവന്നത്. ഇതോടെ അഭിജിത്‌ അറിഞ്ഞുകൊണ്ടാണ് കള്ളപ്പേര് നൽകിയതെന്ന് തെളിഞ്ഞു.

ഉമ്മൻചാണ്ടിയെയും കെട്ടിപ്പിടിച്ചു
കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ള കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത്‌ കോട്ടയത്ത്‌ നടന്ന ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലിച്ചടങ്ങിലും മുഖ്യസംഘാടകൻ. 17ന്‌ കോട്ടയം മാമ്മൻ മാപ്പിള ഹാളിലായിരുന്നു ചടങ്ങ്‌. അഭിജിത്ത്‌ ഉച്ചയ്‌ക്ക്‌തന്നെ സ്ഥലത്ത്‌ എത്തി. പുറത്ത്‌ 150 ഓളം പ്രവർത്തകരും ഹാളിനകത്ത്‌ 75 ഓളം പേരും പരിപാടിയിൽ പങ്കെടുത്തു. രാത്രി പത്തിനാണ്‌ യോഗം അവസാനിച്ചത്‌.

ഉമ്മൻചാണ്ടി  എത്തിയപ്പോൾ മാലയിടാനും സെൽഫി എടുക്കാനും  തിരക്കുകൂട്ടിയവർക്കിടയിലും അഭിജിത്ത്‌ മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിച്ച്‌ അഭിനന്ദിച്ചതായും‌ പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.

സഹായിച്ചവർക്കെതിരെയും അന്വേഷണം മുഖ്യമന്ത്രി
കോവിഡ്‌ പരിശോധനയ്‌ക്ക്‌ തെറ്റായ വിലാസം നൽകിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും പൊലീസ്‌ അന്വേഷണത്തിന്റെ ഭാഗമായി വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുപ്രവർത്തകർക്ക്‌ ചേരാത്ത പ്രവൃത്തിയാണ്‌ അദ്ദേഹത്തിൽനിന്ന് ഉണ്ടായതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.   

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്‌ നടത്തുന്ന സമരങ്ങളെക്കുറിച്ച് ആവർത്തിച്ച് പറഞ്ഞതാണ്. അത്തരം സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറിയത്‌. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളോടൊപ്പം അദ്ദേഹം പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്.

കോവിഡ് പ്രതിരോധരംഗത്തുള്ള പൊലീസുകാർക്കും സാധാരണ ജനങ്ങൾക്കും തന്റെ സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത്. ഇതിനെയാണ് തെറ്റായ പ്രവണത എന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇത് നിയന്ത്രിക്കാൻ പ്രതിപക്ഷനേതാവിന് ഉൾപ്പെടെ ചുമതലയുണ്ട്. രാഷ്ട്രീയമായി ഭിന്നതയും താൽപ്പര്യങ്ങളുമുണ്ടാകാം. അത് രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി മാറി. ഇത് പ്രതിപക്ഷം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പേരും വിലാസവും ഫോൺ നമ്പറും വ്യാജം‌‌: പഞ്ചായത്ത്‌ പ്രസിഡന്റ്‌
കെഎസ്‌യു പ്രസിഡന്റ്‌ എന്തിനാണ്‌ തെറ്റായ വിവരങ്ങൾ നൽകി നാട്ടിൽ കോവിഡ്‌ പരത്തുന്നതെന്ന്‌ പോത്തൻകോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേണുഗോപാലൻനായർ ചോദിച്ചു.

കോഴിക്കോട്‌ സ്വദേശിയായ കെഎസ്‌യു പ്രസിഡന്റ്‌ പോത്തൻകോട്‌ തച്ചപ്പള്ളിയിൽ വന്ന്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്തതിൽ ഞങ്ങൾക്ക്‌ പരാതിയില്ല. എന്നാൽ, പേരും വിലാസവും ഫോൺ നമ്പറും എല്ലാം തെറ്റിച്ചാണ്‌ നൽകിയത്‌.

പരിശോധനയ്‌ക്കുശേഷം ഫലം അറിയാൻ നിൽക്കാതെ മുങ്ങി. രജിസ്‌റ്ററിൽ നൽകിയ ഫോൺ നമ്പറിൽ പലവട്ടം വിളിച്ചിട്ടും പ്രതികരിച്ചില്ല. കോവിഡ്‌ സ്ഥിരീകരിച്ചത്‌ കെഎസ്‌യു പ്രസിഡന്റിനാണെന്ന്‌ വളരെ വൈകിയാണ്‌ അറിഞ്ഞത്‌.  സംഘടനയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളിൽനിന്ന്‌ ഇത്തരം പെരുമാറ്റം തീരെ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ ഹോസ്റ്റലിലും തങ്ങി
സഹപ്രവർത്തകന്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടും ക്വാറന്റൈനിൽ പോകാതെ കറങ്ങിനടന്ന കെഎസ്‌യു പ്രസിഡന്റ്‌ എംഎൽഎ ഹോസ്റ്റലിലും താമസിച്ചു. അനിൽ അക്കര എംഎൽഎയുടെ മുറിയിൽ അഭിജിത്തും മറ്റ്‌ കെഎസ്‌യു നേതാക്കളും താമസിച്ചതായാണ്‌ വിവരം. അനിൽ അക്കരയ്‌ക്കു പുറമെ മറ്റ്‌ യുവ എംഎൽഎമാരുടെ മുറികളിലും ഇവർ താമസിച്ചിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top