08 August Saturday

ചൊവ്വയെ വിടില്ല

സാബുജോസ്‌Updated: Thursday Jun 25, 2020


ചുവപ്പൻ ഗ്രഹമായ ചൊവ്വയിലേക്കുള്ള പര്യവേക്ഷണദൗത്യങ്ങൾ തുടരുകയാണ്‌. ചൊവ്വയുടെ രഹസ്യങ്ങൾ തേടി ബഹിരാകാശ ഏജൻസികളുടെ ‌ നിരവധി ദൗത്യങ്ങളാണ്‌ അണിയറയിൽ ഒരുങ്ങുന്നത്‌.  ഇപ്പോഴും വിജയകരമായി മുന്നേറുന്ന  ദൗത്യങ്ങളുടെ തുടർച്ചയായാണിത്‌. അടുത്ത 15 വർഷത്തിനുള്ളിൽ ചൊവ്വാ പര്യവേക്ഷണത്തിൽ നിർണായക മുന്നേറ്റവും വഴിത്തിരിവും ഉണ്ടാകുമെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തൽ. വലിയ അത്ഭുതങ്ങൾക്കായി കാത്തിരിക്കാം.

പെർസിവറൻസ് അടുത്ത മാസം പുറപ്പെടും
നാസയുടെ അത്യാധുനിക ചൊവ്വാ റോവർ ദൗത്യമായ മാർസ് 2020 ഒരുങ്ങി. ചൊവ്വയുടെ ധാതുഘടനയെക്കുറിച്ചും മണ്ണിലുള്ള ഓർഗാനിക് സംയുക്തങ്ങളെപ്പറ്റിയും വിശദമായി പഠിക്കുന്നതിനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളുടെ ഒരു പരീക്ഷണശാലയാണ് മാർസ് 2020 പെർസിവറൻസ്
( Perseverance) ദൗത്യം. അടുത്തമാസം 20ന്‌ ‌പേടകം വിക്ഷേപിക്കാനാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌.

ഭാവിയിൽ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചൊവ്വാ യാത്രയുടെ സാധ്യതകൾ പരിശോധിക്കുന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇപ്പോൾ ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവറിന്റെ പരിഷ്‌കരിച്ച രൂപമാണ് മാർസ് 2020 റോവറിനുള്ളത്. എന്നാൽ, ശാസ്ത്രീയ ഉപകരണങ്ങൾ ക്യൂരിയോസിറ്റിയിൽനിന്നും ഏറെ വിഭിന്നവും.  ഉപകരണങ്ങളുടെ രൂപകൽപ്പനയും നിർമാണവും നാസയുടെ കീഴിലുള്ള ജെറ്റ്‌പ്രൊപൽഷൻ ലബോറട്ടറിയിലാണ് നിർവഹിക്കുന്നത്. ചൊവ്വയിൽനിന്ന്‌ 31 തരം പാറയുടെ സാമ്പിളും ചൊവ്വാ ധൂളിയും ഭൂമിയിൽ എത്തിച്ച് വിശദമായ പഠനം നടത്താനും ലക്ഷ്യമിടുന്നു. നാസയുടെ ചൊവ്വാ പര്യവേക്ഷണപദ്ധതിയുടെ ഭാഗമായ ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ റോവറുകൾക്കും ഒഡീസി, എംആർഒ, മാവെൻ എന്നീ ഓർബിറ്ററുകൾക്കുംശേഷമുള്ള സുപ്രധാന ദൗത്യമാണ് മാർസ് 2020 പെർസിവറൻസ് റോവർ.

രൂപകൽപ്പന
നാസയുടെ ക്യൂരിയോസിറ്റി റോവറുമായി വളരെ അടുത്ത സാദൃശ്യമുണ്ട് മാർസ് 2020 പെർസിവറൻസ് റോവറിന്. ക്യൂരിയോസിറ്റിയിൽ ഉപയോഗിച്ച സ്‌കൈ ക്രെയിൻ ലാൻഡിങ് സംവിധാനവും ഹീറ്റ് ഷീൽഡും പുതിയ ദൗത്യത്തിലും നിലനിർത്തിയിട്ടുണ്ട്. കൂടാതെ ക്യൂരിയോസിറ്റിയിലുള്ള റേഡിയോ ഐസോടോപ് തെർമോ ഇലക്ട്രിക് ജനറേറ്ററും പുതിയ പേടകത്തിലുണ്ടാകും. എൻജിനിയറിങ് വിഭാഗത്തിലും ശാസ്ത്രീയ ഉപകരണങ്ങളുടെ കാര്യത്തിലും മാത്രമാണ് വ്യത്യാസമുള്ളത്. 250 കോടി യുഎസ് ഡോളറാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്.


 

ശാസ്ത്രീയ ഉപകരണങ്ങൾ

മാസ്‌കാം
സൂം ചെയ്യാവുന്ന സ്റ്റീരിയോസ്‌കോപിക് ക്യാമറ. ചൊവ്വയുടെ മണ്ണിന്റെ ധാതുഘടന പരിശോധിക്കുന്നതിനും ഈ ഉപകരണത്തിനു കഴിയും.

സൂപ്പർ കാം
ചൊവ്വാ ധൂളിയിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ഉപകരണം.

പിക്‌സൽ
(പ്ലാനറ്ററി ഇൻസ്ട്രുമെന്റ്  ഫോർ എക്‌സ്-റേ ലിത്തോകെമിസ്ട്രി- PIXL)
ചൊവ്വാ ധൂളിയിൽ അടങ്ങിയ രാസമൂലകങ്ങളുടെ അനുപാതം പരിശോധിക്കുന്നതിനുള്ള സ്‌പെട്രോ മീറ്ററാണ്‌ ഇത്.
 
ഷെർലോക്
(സ്‌കാനിങ് ഹാബിറ്റബിൾ എൻവിറോൺമെന്റ്‌സ് വിത്ത് രാമൻ ആൻഡ്‌ ലൂമിനസെൻസ് ഫോർ ഓർഗാനിക്‌സ് ആൻഡ്‌ കെമിക്കൽസ്- SHERLOC)
ചൊവ്വാ ധൂളിയുടെ ധാതുഘടനയും ഓർഗാനിക് സംയുക്തങ്ങളുടെ സാന്ദ്രതയും കണ്ടെത്തുന്നതിനുള്ള ഒരു അൾട്രാ വയലറ്റ് സ്‌പെക്‌ട്രോ മീറ്ററാണ്‌ ഇത്.
 
മോക്‌സി (മാർസ് ഓക്‌സിജൻ ഐഎസ്ആർയു എക്‌സ്‌പെരിമെന്റ്-MOXIE)
ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡയോക്‌സൈഡിൽ നിന്ന് ഓക്‌സിജൻ വേർതിരിക്കുന്നതിനുള്ള സാങ്കേതികവിദ്യാ പരീക്ഷണം

മെഡ (മാർസ് എൻവിറോൺമെന്റൽ ഡൈനമിക്‌സ് അനലൈസർ - MEDA)
ചൊവ്വയുടെ അന്തരീക്ഷ താപനില, കാറ്റിന്റെ വേഗത ദിശ വാതകമർദം, ആപേക്ഷിക ആർദ്രത, ധൂളിയുടെ ആകൃതിയും വലുപ്പവും എന്നിവ കണ്ടെത്തുന്നതിനുള്ള സെൻസറുകളാണ്‌ ഇത്.
 
റിംഫാക്‌സ് (റഡാർ ഇമേജർ ഫോർ മാർസ് സബ്‌സർഫസ് എക്‌സ്‌പെരിമെന്റ്- RIMFAX)
ഗ്രഹോപരിതലം തുളച്ചുകടന്ന് പരിശോധിക്കുന്നതിനുള്ള റഡാർ സംവിധാനം.


 

മംഗൾയാൻ ദൗത്യം തുടരുന്നു
ഐഎസ്‌ആർഒയുടെ  മംഗൾയാൻ ഇപ്പോഴും ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ട്‌. 2013 നവംബറിൽ ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിക്ഷേപിച്ച  മംഗൾയാൻ  നൂറുകണക്കിനു ചിത്രവും വിവരങ്ങളും ശാസ്‌ത്രലോകത്തിനു നൽകിക്കഴിഞ്ഞു. കേവലം ആറുമാസമാണ്‌ പേടകത്തിന്‌ ആയുസ്സ്‌ പ്രവചിച്ചിരുന്നത്‌. എന്നാൽ, ആറു വർഷവും കടന്ന്‌ മംഗൾയാൻ ചൊവ്വയെ സൂക്ഷ്‌മമായി പഠിച്ച്‌ വിവരങ്ങൾ ഭൂമിയിലേക്ക്‌ അയച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ചൊവ്വാ ദൗത്യത്തിനുള്ള തയ്യാറെടുപ്പും ഐഎസ്‌ആർഒ തുടങ്ങിക്കഴിഞ്ഞു.
 

പ്രതീക്ഷയുമായി യുഎഇയും
യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണത്തിന് തയ്യാറായി. അൽ-അമൽ (Hope) എന്ന്‌ പേരിട്ടിരിക്കുന്ന ഈ ഓർബിറ്റർ ദൗത്യം അടുത്ത മാസം  14ന് വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ജപ്പാനിൽനിന്നാണ് വിക്ഷേപണം. അടുത്തവർഷം ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും. അടുത്തമാസത്തെ ലോഞ്ച് വിൻഡോയിൽ വിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ  വിക്ഷേപണത്തിന്  2022 വരെ കാക്കേണ്ടി വരും. ജപ്പാന്റെ എച്ച്‌ടുഎ  റോക്കറ്റാണ് വിക്ഷേപണ വാഹനം. എമിറേറ്റ്സിലെ മൊഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് അൽ-അമൽ ഓർബിറ്റർ നിർമിച്ചത്. കൊളറാഡോ യൂണിവേഴ്സിറ്റി, അരിസോണ യൂണിവേഴ്സിറ്റി, കലിഫോർണിയ യൂണിവേഴ്സിറ്റി ബെർക്കേല എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പേടകത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ചൊവ്വയിലെ കാലാവസ്ഥാ ചക്രത്തെക്കുറിച്ചും പൊടിക്കാറ്റുകളെക്കുറിച്ചുമുള്ള പഠനമാണ്  ലക്ഷ്യം. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന വാതകങ്ങൾ, പ്രധാനമായും ഓക്സിജനും ഹൈഡ്രജനും ജല ബാഷ്പവും നഷ്ടപ്പെട്ടതിന്റെ കാരണം അന്വേഷിക്കുന്നതും ചൊവ്വയുടെ കാലാവസ്ഥ മാറാനിടയായ സാഹചര്യത്തെക്കുറിച്ച് പഠിക്കുന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്. രണ്ട് വർഷമാണ് കാലാവധി.


 

1350 കിലോഗ്രാം മാസുള്ള ഓർബിറ്ററിന് 2.37 മീറ്റർ വീതം നീളവും വീതിയും 2.9 മീറ്റർ ഉയരവുമുണ്ട്. 55 മണിക്കൂർ കൊണ്ട് പേടകം ഒരു തവണ ചൊവ്വയെ പ്രദക്ഷിണം ചെയ്യും. 2021 ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ്(യുഎഇ) രൂപീകരിച്ചതിന്റെ  അമ്പതാം വാർഷികം ആഘോഷിക്കുകയായിരിക്കും രാജ്യം.  2014 ജൂലൈയിൽ  എമിറേറ്റ്സ് പ്രസിഡന്റായിരുന്ന ഷേയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ആണ് അൽ-അമൽ പദ്ധതി പ്രഖ്യാപിക്കുന്നത്. അറേബ്യയിലെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ബഹിരാകാശ പദ്ധതി ആയതുകൊണ്ടാണ് അൽ-അമൽ  എന്ന പേര് സ്വീകരിച്ചത്. പേടകം ശേഖരിക്കുന്ന വിവരങ്ങൾ ലോകമെമ്പാടുമുള്ള ഇരുനൂറിൽ പരം സാങ്കേതിക സ്ഥാപനങ്ങളുമായി പങ്കുവയ്ക്കും. എമിറേറ്റ്സിന്റെ ഭാവി പദ്ധതികൾക്ക് ഐഎസ്ആർഒയുടെ പിന്തുണയുമുണ്ടാകും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top