07 April Tuesday

മറക്കില്ല ഈ കരുതലും സ്നേഹവും

ബാബു തോമസ്‌Updated: Wednesday Mar 25, 2020


കോഴഞ്ചേരി
‘ഐസൊലേഷൻ നാളുകളിലെ ഏകാന്തതയും ഭീതിയും ഒഴിഞ്ഞുപോയത് അവിടെ ലഭിച്ച അപ്രതീക്ഷിത കരുതലിലാണ്‌. അവർക്ക് ഞങ്ങൾ ഉറ്റവരായി. സർക്കാർ സംവിധാനം ഇത്രയധികം മാറിയെന്നു കരുതിയിരുന്നില്ല ..’ സ്വയം ആശുപത്രി ഐസൊലേഷൻ തെരഞ്ഞെടുത്ത റിട്ട. അധ്യാപിക ഗ്രേസ് ജോർജിന്റെ വാക്കുകളിൽ നിറയുന്നത്‌ സർക്കാരിന്റെ ആരോഗ്യമേഖലയെക്കുറിച്ച്‌ നല്ലത്‌ മാത്രം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഇവർ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ ഇപ്പോൾ വീട്ടിലെത്തി വിശ്രമത്തിലാണ്. റാഞ്ചി സെന്റ് സേവ്യേഴ്‌സ്‌ ഐസിഎസ്‌‌സി സ്‌കൂൾ അധ്യാപികയായിരുന്നു മല്ലപ്പള്ളി ആനിക്കാട് പുന്നവേലി അമ്പാട്ട്ഗ്രേസ് ജോർജ്‌.

മക്കൾക്കൊപ്പം വിദേശത്തായിരുന്ന ഇവർ 14നാണ് നാട്ടിലെത്തിയത്. അബുദാബിയിൽനിന്ന്‌ കൊച്ചിയിലേക്കായിരുന്നു യാത്ര. സൗദിയിൽനിന്നുള്ള വൃദ്ധനായ ഒരു യാത്രക്കാരന്റെ തൊട്ടുപിന്നിലെ സീറ്റായിരുന്നു ടീച്ചർക്ക് ലഭിച്ചത്. രോഗാവസ്ഥയിലായിരുന്ന അദ്ദേഹം ക്ഷീണിതനായിരുന്നു. യാത്രയിലുടനീളം ചുമയ്‌ക്കുന്നുമുണ്ടായിരുന്നു. എയർപോർട്ടിൽ കൊറോണയെ കുറിച്ച് അധികൃതർ വിശദീകരിച്ചു. പിന്നെ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. താൻമൂലം മറ്റൊരാൾക്കും അപകടം സംഭവിക്കരുത്.

എയർപോർട്ടിൽനിന്ന്‌ വീട്ടിൽ വന്നത് പുലർച്ചെ നാലിന്. ഉടൻ കൺട്രോൾ റൂമിലേക്ക്‌ വിളിച്ചു. അവർ യാത്രാവിവരങ്ങൾ ചോദിച്ചു. അധികം വൈകാതെ ഡോക്ടറുടെയും വിളിവന്നു. ഏഴു മണിയായപ്പോൾ ഡോക്ടറും ജീവനക്കാരനും ആംബുലൻസുമായെത്തി. തുടർന്ന്‌ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സർക്കാർ ഇടപെടൽ ആശ്ചര്യമാണുണ്ടാക്കിയത്. ആശുപത്രിയിൽ മികച്ച താമസ സൗകര്യവും ഭക്ഷണവും. ചികിത്സയും കരുതലും കണ്ടപ്പോൾ കേരളത്തെക്കുറിച്ച്‌ അഭിമാനം തോന്നി. പരിശോധനാ ഫലം നെഗറ്റീവായതോടെ ഇനി വീട്ടിൽ വിശ്രമിച്ചാൽ മതിയെന്ന് നിർദേശിച്ചു. ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് ഒരായിരം നന്ദിയാണ് ടീച്ചർക്ക്‌ പറയാനുള്ളത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top