07 April Tuesday

‘ഈ സർക്കാർ നന്മയുടെ മുഖം’

ജയന്‍ ഇടയ്ക്കാട്Updated: Wednesday Mar 25, 2020

കൊല്ലം
‘ഉറ്റബന്ധുക്കൾ എല്ലാത്തിനും അരികിലുണ്ടെന്ന തോന്നലാണ്‌ ഇപ്പോൾ. മലയാളികൾക്കു മുന്നിൽനിന്ന്‌ വഴികാട്ടുന്ന ഈ സർക്കാർ ലോകം മാതൃകയാക്കേണ്ട നന്മയുടെ മുഖമാണ്‌’ –-ചവറ അയ്യൻകോയിക്കലിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ജി കൃഷ്‌ണകുമാർ എന്ന അധ്യാപകന്റെ വാക്കുകളിൽ തന്റെ നാടിനെക്കുറിച്ചുള്ള അഭിമാനം നിറഞ്ഞു.

അയ്യൻ‌കോയിക്കൽ ഗവ. എച്ച്‌എസ്‌എസിലെ പ്രധാനാധ്യാപകനാണ്‌ ജി കൃഷ്‌ണകുമാർ. ഔദ്യോഗിക ആവശ്യത്തിന്‌ ദുബായിൽ ആയിരുന്ന അദ്ദേഹം അഞ്ചുദിവസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അജ്‌മാനിലെ താമസസ്ഥലത്തുനിന്ന്‌ ദുബായ്‌ വഴി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം വീട്ടിലേക്കുള്ള യാത്ര നൽകിയ വ്യത്യസ്ത അനുഭവത്തെക്കുറിച്ച്‌ അദ്ദേഹം മനസ്സ്‌ തുറക്കുന്നു. 

‘യുഎഇയിൽ  ദുബായ്‌ മൊഹ്‌സീന –-4 ലെ ഗൾഫ്‌ മോഡൽ സ്‌കൂളിലെ പരീക്ഷാ നടത്തിപ്പിനാണ്‌ ഞാനുൾപ്പെടെ 17 അധ്യാപകർ പോയത്‌.  എട്ടിന്‌ ദുബായിലെത്തി. കോവിഡ്‌ വ്യാപിച്ചതോടെ പരീക്ഷ മാറ്റിയതായി 19ന്‌ ഉത്തരവുണ്ടായി.  ആറു മണിക്കൂറിനകം നാട്ടിലേക്കുള്ള ടിക്കറ്റ്‌ താമസസ്ഥലത്തെത്തി'–-അദ്ദേഹം പറഞ്ഞു. ദുബായ്‌ എയർപോർട്ടിൽ പതിവുപരിശോധന മാത്രമായിരുന്നു. നെടുമ്പാശേരിയിൽ ഇറങ്ങിയപ്പോള്‍ കേരളത്തിന്റെ കരുതൽ അറിഞ്ഞു. കൈകഴുകിച്ചശേഷം വ്യക്തിഗത വിവരങ്ങൾ ഉൾ‌പ്പെട്ട ഫോം പൂരിപ്പിച്ചു വാങ്ങി. കോവിഡ് പ്രതിരോധത്തിന്റെ വിശദമായ കൗൺസിലിങ്‌ തന്നു. മാസ്കും ലഘുഭക്ഷണവും തന്നു.  യാത്രക്കിടെ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടരെ ഓർമിപ്പിച്ചു.

‘വീട്ടിലെത്തുംമുമ്പ്‌ എയർപോർട്ടിലെ ആരോഗ്യവകുപ്പ്‌ അധികൃതർ വീണ്ടും വിളിച്ചു. എത്തിയ ഉടൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  അറിയിച്ചു. തുടർന്ന്‌ മുറിയിൽ സ്വയം നിരീക്ഷണത്തിലായി. എന്തു സഹായത്തിനും സന്നദ്ധരാണെന്ന്‌ അറിയിച്ചു നാട്ടിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വന്നു. വായിക്കാൻ പുസ്തകങ്ങൾ എത്തിക്കാമെന്ന്‌ പ്രദേശത്തെ ലൈബ്രറി പ്രവർത്തകർ അറിയിച്ചു. പിഎച്ച്‌ സെന്ററിൽനിന്ന്‌ ദിവസവും വിളിക്കും. ആശാവർക്കർ എത്തി ആരോഗ്യസ്ഥിതി അന്വേഷിക്കുന്നുണ്ട്‌’ –-കൃഷ്‌ണകുമാർ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top