07 April Tuesday

അടുക്കിപ്പെറുക്കാം; ക്രിയാത്മകമാക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

ഡോ. സി ജെ ജോൺ (എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധൻ)

കൊച്ചി
പതിവ് സാമൂഹികബന്ധങ്ങളും തൊഴിലിടത്തെ ഇടപെടലുകളും ഇല്ലാതെ ഒരു പൊതുലക്ഷ്യത്തിന്‌ അനുവർത്തിക്കുന്ന സ്വയംപ്രതിരോധമായിവേണം അടച്ചുപൂട്ടലിനെ കരുതാൻ. പരിസരത്ത്‌ എവിടെയോ ഒരാളിൽ ഒളിച്ചിരിക്കുന്ന അദൃശ്യനായ കൊറോണ വൈറസിൽനിന്നുള്ള അകലം പാലിക്കാനാണിത്. ഏതെങ്കിലും പ്രതലത്തിൽനിന്ന്‌ കയറിപ്പറ്റുന്ന വൈറസിനെ നശിപ്പിക്കാൻ  ഇടയ്ക്കിടെ സോപ്പുപയോഗിച്ച് 20 സെക്കൻഡ് കൈകഴുകുന്ന ചിട്ട വീട്ടിലിരിപ്പുനാളുകളിലും വിട്ടുവീഴ്ചയില്ലാതെ ചെയ്യണം.

അടച്ചുപൂട്ടൽ കാലം എങ്ങനെയൊക്കെ സൃഷ്ടിപരമാക്കാം?
ഈ കാലത്ത്‌ ഒറ്റയ്ക്കല്ലെന്നും കേരളത്തിലെ എല്ലാ കുടുംബങ്ങളും ഒപ്പമുണ്ടെന്നുമുള്ള ചിന്ത മനസ്സിനെ ഊർജസ്വലമാക്കും. ദിനചര്യകൾ മാറ്റേണ്ടിവരും. അതുകൊണ്ട്  വീട്‌ കേന്ദ്രീകരിച്ചുള്ള അർഥപൂർണമായ പ്രവൃത്തികൾ കൂട്ടിച്ചേർത്ത് സമയത്തെ നന്നായി ക്രമീകരിക്കണം. അനിവാര്യമായ ഒരു സാമൂഹിക ഉത്തരവാദിത്തമായി അതിനെ മനസ്സാ സ്വീകരിക്കണം. കൂട്ടായി ചെയ്യാവുന്നതും കുട്ടികൾക്ക് ആസ്വദിക്കാവുന്നതുമായ കാര്യങ്ങൾ അവരുമായി ആലോചിച്ച്‌ മുതിർന്നവർ ഉണ്ടാക്കണം.

വായനയെ തിരിച്ചുപിടിക്കുന്നത് വിരസത ഒഴിവാക്കാൻ പറ്റിയ വഴിയാണ്. തിരക്കിനിടെ കാണാതിരുന്ന സിനിമകൾ കാണാം. വീട്ടുജോലിക്കാർ ചെയ്തിരുന്ന കാര്യങ്ങൾ പങ്കിട്ടുചെയ്യാം. ചെയ്യാതെ ബാക്കിവച്ചതും സ്വസ്ഥമായി വീട്ടിലിരുന്ന്‌ ചെയ്യാവുന്നതുമായ ചുമതലകൾ ഈ കാലയളവിൽ പൂർത്തിയാക്കാം. ഒരു പട്ടിക ഉണ്ടാക്കിയാൽ അലമാര അടുക്കി പെറുക്കൽമുതൽ കുടുംബത്തോടൊപ്പം കൂട്ടായി ചെയ്യാം. 

ഹർത്താൽ കാലത്തുപോലും പുറത്ത്‌ കറങ്ങിനടന്നിരുന്നവർ വീട്ടിൽ ഇരിക്കുന്ന ദിവസങ്ങളാണിത്. കുടുംബനേരത്തെ തിരിച്ചുപിടിക്കാം. ഒരുമിച്ച്‌ പാചകം, ഭക്ഷണം കഴിക്കൽ, പാത്രം കഴുകൽ എന്നിവയാകാം. എന്നാൽ, ഊണും ഉറക്കവും അമിതമായ ഇലക്ട്രോണിക് സ്‌ക്രീൻ ശീലവുമായി മടിപിടിക്കുന്നത് ഒഴിവാക്കണം. ലഘുവ്യായാമം അത്യാവശ്യമാണ്. മാനസിക സമ്മർദം തോന്നുന്നുവെങ്കിൽ ശ്വസനവ്യായാമങ്ങൾ ചെയ്യാം.

പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആളുകളുമായുള്ള ബന്ധത്തെയും ആശയവിനിമയത്തെയും നിലനിർത്തണം. ബോറടിയെ അതിജീവിക്കാൻ ചെയ്ത പ്രവൃത്തികൾ പകർന്നുനൽകാം. വൈകാരികമായി സാന്ത്വനം നൽകാം. സാമ്പത്തികമായിപ്പോലും കഴിയുംവിധം തുണയേകണം.  അകലങ്ങളിലുള്ള  പ്രിയപ്പെട്ടവരുമായി ഫോണിൽ സംസാരിക്കാം. അവരും വേവലാതിയിലാണെന്നും അവർക്കും വൈകാരിക പിന്തുണ വേണമെന്നും മനസ്സിലാക്കി നേരം കണ്ടെത്താനാവണം.

ബോറടി മാറ്റാനെന്ന പേരിലോ അസ്വസ്ഥതകൾ മയപ്പെടുത്താനെന്ന ന്യായത്തിലോ മദ്യത്തെയോ മറ്റ് ലഹരിപദാർഥങ്ങളെയോ ആശ്രയിക്കരുത്. കുടുംബാന്തരീക്ഷത്തെ അലോസരപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top