15 July Wednesday

വർധിച്ചുവരുന്ന സിസേറിയൻ

ഡോ. ബി പ്രസന്നകുമാരിUpdated: Thursday Oct 24, 2019

പ്രെഗ്നൻസി ഡിറ്റെക്ഷൻ കിറ്റിൽ പോസിറ്റീവ് വര കണ്ട് തുടങ്ങുന്ന നിമിഷം മുതൽ തന്റെ പൊന്നോമനയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും എന്നും അമ്മമാർ . പണ്ട് കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമാണ് തെരഞ്ഞെടുത്തിരുന്നതെങ്കിൽ ഏതു തരം പ്രസവം വേണം എന്ന് സ്വയം തെരഞ്ഞെടുക്കുന്നവരാണ് ന്യൂ ജെൻ അമ്മമാർ. പക്ഷേ വൈദ്യശാസ്ത്രം ഒരു പാട് പുരോഗമിക്കുമ്പോഴും പ്രസവത്തെ സംബന്ധിച്ചുള്ള മിഥ്യാധാരണകൾ ഇന്നും സമൂഹത്തിൽ അവശേഷിക്കുന്നുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് വർധിച്ചു വരുന്ന സിസേറിയനുകളുടെ എണ്ണം .

ലോകമെമ്പാടും ഏറ്റവും കൂടുതൽ ചെയ്തുവരുന്ന ശസ്ത്രക്രിയയാണ് ഇന്ന് സിസേറിയൻ. അതിനാൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അമ്മയും കുഞ്ഞും പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. സാധാരണ പ്രസവത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടും വേദനയുമാണ് പലരേയും സിസേറിയൻ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ഒറ്റക്കുട്ടി മതി എന്ന് തീരുമാനിക്കുന്ന പല ദമ്പതികളും ഇന്ന് സിസേറിയന് പച്ചക്കൊടി കാണിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരുമാന വർധനവിൽ വലിയൊരു പങ്ക് വഹിക്കന്നതിനാൽ ആശുപത്രി അധികൃതർക്കും ഇൻഷുറൻസ് കമ്പനികൾക്കും സിസേറിയൻ എന്നും പ്രിയപ്പെട്ടതു തന്നെ.

എപ്പോഴാണ് ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കേണ്ടത്?
സാധാരണയായി ആരോഗ്യവതികളായ സ്ത്രീകളിൽ സ്വാഭാവിക പ്രസവം അസാധ്യമാകുമ്പോഴാണ് സിസേറിയൻ നിർദ്ദേശിക്കുന്നത്. ഇടുപ്പെല്ലിന് വികാസം ഇല്ലായ്മ, അമ്മയുടെ പ്രായക്കൂടുതൽ, കുഞ്ഞിന് തൂക്കക്കൂടുതൽ, കുഞ്ഞിന്റെ കിടപ്പിലുള്ള വ്യത്യാസം, അമ്മയ്‌ക്ക് അനിയന്ത്രിതമായ രക്തസമ്മർദ്ദമോ അമിത രക്തസ്രാവമോ ഉള്ള അവസ്ഥ, കുഞ്ഞിന് ശ്വാസം മുട്ടൽ, പ്രസവവേദന വരാനുള്ള മരുന്ന് വച്ചിട്ടും പ്രയോജനമില്ലാത്ത അവസ്ഥ, പൊക്കിൾക്കൊടി പുറത്ത് ചാടൽ, കുഞ്ഞിന് വളർച്ചക്കുറവ് , അംനിയോട്ടിക് ദ്രാവകത്തിന്റെ കുറവ്, മറുപിള്ളയുടെ സ്ഥാനചലനം, പ്രസവത്തിന് മുന്നേ മറുപിള്ള വിട്ടു വരിക തുടങ്ങിയ സാഹചര്യങ്ങളിലാണ് സിസേറിയൻ എന്ന തീരുമാനത്തിലേയ്ക്ക് ഡോക്ടർ എത്തിച്ചേരുന്നത് .

എന്തുകൊണ്ടാണ് പല സ്ത്രീകളും സിസേറിയൻ ആവശ്യപ്പെടുന്നത്?
അമ്മയുടേയോ കുഞ്ഞിന്റേയോ ജീവൻ രക്ഷിക്കാനുള്ള അന്തിമ മാർഗ്ഗമായി കണക്കാക്കിയിരുന്ന സിസേറിയൻ ശസ്ത്രക്രിയയ്ക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. സ്വാഭാവിക പ്രസവം വേദനാജനകമായതിനാൽ പലരും ഇന്ന് സിസേറിയൻ മതി എന്ന് തീരുമാനിക്കുന്നു. സാധാരണ പ്രസവത്തെ ഭയക്കുന്നവരും   ഇഷ്ടപ്പെട്ട ദിവസവും നക്ഷത്രവും സമയവും നോക്കി തന്റെ കുഞ്ഞ് ജനിക്കണം എന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്. സ്വാഭാവിക പ്രസവമാണെങ്കിൽ കുഞ്ഞിന്റെ ജീവനും ആരോഗ്യത്തിനും എന്തെങ്കിലും സംഭവിക്കുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല.

സ്വാഭാവിക പ്രസവത്തിനുള്ള ഗുണങ്ങൾ എന്തൊക്കെ?
സാധാരണ പ്രസവം എന്നത് വേദനാജനകമായൊരു നീണ്ട പ്രക്രിയ തന്നെയാണ്. എങ്കിൽ പോലും പ്രസവശേഷം സ്ത്രീയ്ക്ക് അധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല എന്നത് പരമാർത്ഥമാണ്. മാത്രമല്ല, പ്രസവാനന്തരം അധികം വൈകാതെ തന്നെ കുഞ്ഞിനെ എടുക്കുവാനും മുലയൂട്ടുവാനും സാധിക്കുന്നു .

സിസേറിയൻ ശസ്ത്രക്രിയയ്ക്ക് പിന്നിലെ അപകടങ്ങൾ എന്തൊക്കെയാണ്?
സ്വാഭാവിക പ്രസവത്തിൽ നിന്നും വ്യത്യസ്തമായി ഗർഭിണിയുടെ അടിവയറും ഗർഭപാത്രവും കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ . അതിനാൽ തന്നെ മേജർ ശസ്ത്രക്രിയയുടെ എല്ലാ സങ്കീർണ്ണതകളും ഇതിലും ഉണ്ടാകാം. അമിതമായ രക്തസ്രാവമാണ് പ്രധാന പ്രശ്നം. ഗർഭപാത്രം ചുരുങ്ങാത്തതിനാലും രക്തക്കുഴലുകളിൽ ഉണ്ടാകുന്ന മുറിവുകളാലും രക്തം കട്ട പിടിക്കാതെയിരിക്കുന്ന അവസ്ഥ മൂലവും രക്തസ്രാവം ഉണ്ടാകുന്നു . ചില സാഹചര്യങ്ങളിൽ മറുപിള്ള ഗർഭാശയത്തിലേയ്ക്ക് ആഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് മൂലം ഭാവിയിൽ ഗർഭാശയം തന്നെ നീക്കം ചെയ്യേണ്ടി വന്നേക്കാം. മൂത്രസഞ്ചി, കുടൽ, മൂത്രനാളി തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് മുറിവുകൾ ഉണ്ടായേക്കാം. ചിലരിൽ അനസ്തേഷ്യയുടെ പാർശ്വഫലങ്ങളായി താഴ്ന്ന  രക്തസമ്മർദ്ദം, ശ്വാസംമുട്ടൽ, ഹൃദയ സ്തംഭനം എന്നിവ കാണപ്പെടുന്നു. ചിലർക്കാകട്ടെ വയറ്റിൽ വായു കെട്ടിക്കിടക്കൽ, കുടൽമാല സ്തംഭിച്ചു പോകൽ, മുറിവ് പഴുക്കൽ, മുറിവിലെ തുന്നൽ വിട്ടു പോകൽ, കാൽ, ഞരമ്പുകളിൽ രക്തം കട്ട പിടിക്കൽ എന്നീ ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.


 

ഇതു മാത്രമല്ല സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളിൽ പലർക്കും ഭാവിയിൽ മുറിപ്പാടിന്റെ ഭാഗത്ത് ഹെർണിയ, മൂത്രസഞ്ചിയിൽ മുറിവുണ്ടായി ഫിസ്റ്റുല,  അടുത്ത ഗർഭത്തിൽ പ്രസവത്തിനു മുമ്പേ മുറിവ് വിട്ടു പോവുക , മറുപിള്ള മുറിവിൽ ഒട്ടിപ്പിടിക്കുക എന്നീ ബുദ്ധിമുട്ടുകൾ വരുന്നതായി കാണുന്നുണ്ട്‌. ആദ്യ പ്രസവം സിസേറിയൻ വഴി ആയിരുന്നെങ്കിൽ അടുത്ത പ്രസവവും അതുവഴി തന്നെ ആയിരിക്കും എന്നതിൽ തെല്ലും സംശയം വേണ്ട .
സിസേറിയൻ വഴി ജനിക്കുന്ന കുട്ടികളിൽ രോഗ പ്രതിരോധ ശേഷി കുറവാണ് എന്നതാണ് കണ്ടെത്തലുകൾ. ചില കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സവും അലർജിയും ആസ്‌ത്‌മയും  കണ്ടുവരാറുണ്ട്. മാത്രമല്ല ഇങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് പെട്ടെന്ന് മുലപ്പാൽ കൊടുക്കാൻ കഴിയില്ല. ഇവരെ ജനിച്ച ഉടനെ തന്നെ ന്യൂബോൺ നഴ്സറിയിലാണ് വയ്ക്കുന്നത് . ഇതൊക്കെയും കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.

അനാവശ്യമായ സിസേറിയൻ എങ്ങനെ തടയാം?
ഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ ഒരു ഡോക്ടർ സിസേറിയന് നിർദ്ദേശിക്കാൻ പാടുള്ളൂ. ഗർഭിണിയുടേയോ അവരുടെ ബന്ധുക്കളുടേയോ സമ്മർദ്ദം മൂലമോ സാമ്പത്തിക ലാഭങ്ങൾക്കു വേണ്ടിയോ ഡോക്ടർ സിസേറിയൻ എന്ന തീരുമാനത്തിലേയ്ക്ക് എത്തിച്ചേരാൻ പാടില്ല. സ്വാഭാവിക പ്രസവത്തിനോടുള്ള പേടി കൊണ്ടാണല്ലോ പലരും സിസേറിയൻ മതി എന്ന് ശാഠ്യം പിടിക്കുന്നത്. ആയതിനാൽ സാധാരണ പ്രസവം ബുദ്ധിമുട്ടേറിയതല്ലെന്നും മാത്രമല്ല സിസേറിയൻ മുഖാന്തിരം അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും ഏവർക്കും ബോധവത്കരണം നടത്തണം. സാധാരണ പ്രസവം സമ്മാനിക്കുന്ന താങ്ങാനാവാത്ത വേദനയെ ലഘൂകരിക്കാൻ വേദന രഹിത സുഖപ്രസവം എന്ന എപ്പീഡ്യൂറൽ രീതി കൂടുതൽ പ്രചാരപ്പെടുത്തേണ്ടതുണ്ട്.  എല്ലാ ആശുപത്രികളും അവരുടെ വാർഷിക സിസേറിയൻ നിരക്ക് കാരണ സഹിതം പ്രസിദ്ധീകരിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്‌. വൈദ്യശാസ്ത്രത്തിനൊപ്പം സർക്കാരും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഈ ഉദ്യമത്തിന് കൈകോർക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം മതി  സിസേറിയൻ . നമ്മുടെ അമ്മമാരും പൊന്നോമനകളും എന്നും ആരോഗ്യമുള്ളവരായിരിക്കട്ടെ.

ഡോ. ബി പ്രസന്നകുമാരി
ഗൈനക്കോളജിസ്‌റ്റ്‌,  എസ്‌യുടി ആശുപത്രി പട്ടം


പ്രധാന വാർത്തകൾ
 Top