21 November Thursday

ഇവൻ ഇന്ത്യയുടെ പൊൻമീൻ

എ എൻ രവീന്ദ്രദാസ്Updated: Thursday Oct 24, 2019

ദേശീയ ചാമ്പ്യൻഷിപ്പിൽ ഭോപ്പാലിലെ പ്രകാശ്‌ തരുൺ പുഷ്‌കർ നീന്തൽക്കുളത്തിൽനിന്ന്‌ അവൻ വാരിയെടുത്തത്‌ എട്ട്‌ സുവർണ്ണ പതക്കങ്ങൾ. അതിൽ നാല്‌ വീതം വ്യക്തിഗത, ടീം ഇനങ്ങളിൽ . മൂന്ന്‌ ദേശീയ റെക്കോർഡുകൾ. ചാമ്പ്യൻഷിപ്പിലെ മികച്ച പുരുഷതാരം. വയസ്സ്‌ 18. ഉയരം ആറടി മൂന്നിഞ്ച്‌. ഇന്ത്യൻ നീന്തലിൽ ഈ വർഷം സംഭവിക്കുന്ന ഏറ്റവും നല്ല കാര്യമാണ്‌ ബാംഗ്ലൂരുകാരനായ ശ്രീഹരി നടരാജ്‌ എന്ന  കൗമാരക്കാരന്റെ ബാക്ക്‌സ്‌ട്രോക്ക്‌ പ്രയാണമെന്ന്‌ വിദഗ്‌ധന്മാർ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം വയസ്സിൽ നീന്തൽക്കുളത്തിലിറങ്ങിയ ശ്രീഹരി അഞ്ചാം വയസ്സിൽ തന്റെ ആദ്യ മെഡൽ നേടി. പതിനെട്ട്‌ വയസ്സായപ്പോഴേക്കും ബാക്ക്‌സ്‌ട്രോക്കിലെ മൂന്നിനങ്ങളിൽ സീനിയർ ദേശീയ റെക്കോർഡുകൾ സ്വന്തംപേരിലാക്കിയ ശ്രീഹരി പിന്നിടങ്ങോട്ട്‌ അവയെല്ലാം തുടർക്കഥയെന്നപോലെ തിരുത്തിക്കൊണ്ടേയിരിക്കുന്നു. ഈ പയ്യനെ നീന്തലിലേക്കെത്തിച്ചത്‌ ദേശീയ ജൂനിയർ വോളിബോളിൽ തമിഴ്‌നാടിന്റെ താരമായിരുന്ന അമ്മ കല്യാണിയാണെങ്കിൽ അവന്റെ പ്രതിഭ തിരിച്ചറിഞ്ഞ്‌ കഴിവുകൾ രാകിമിനുക്കി രാജ്യാന്തര തലത്തിലേക്കുയർത്തിയത്‌ ബംഗ്ലരുവിലെ നീന്തൽ ഗവേഷണ കേന്ദ്രത്തിലെ പരിശീലകനായ എ സി ജയരാജാണ്‌. സ്‌കൂളിൽ ക്രിക്കറ്റിലും ബാസ്‌ക്കറ്റ്‌ ബോളിലും ടെന്നീസിലും ഫുട്‌ബോളിലും ഒക്കെ കന്പമുണ്ടായിരുന്നെങ്കിലും ഏത്‌ കളിയിലുമുള്ള അവന്റെ ആത്മാർഥതയും ഉയരക്കൂടുതലുമാണ്‌ നീന്തലിലേക്ക്‌ വഴിതിരിച്ചുവിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ജയരാജ്‌ പറയുന്നു.

ബുഡാപെസ്‌റ്റിൽ നടന്ന ലോക ജൂനിയർ നീന്തൽ ചാന്പ്യൻഷിപ്പിൽ ബാക്ക്‌സ്‌ട്രോക്കിലെ മൂന്നിനങ്ങളിൽ തന്റെ പേരിലുള്ള ദേശീയ  റെക്കോർഡുകൾ തിരുത്തിയെഴുതിയ ശ്രീഹരി 50 മീറ്ററിലും(25.50 സെ.) 100 മീറ്ററിലും(54.69 സെ.) യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലെത്തി. 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലാകട്ടെ 2 മിനിറ്റ്‌ 01.70 സെക്കൻഡും രേഖപ്പെടുത്തി. ശ്രീഹരിയുടെ കരിയറിലെ  ഏറ്റവും മികച്ച പ്രകടനവും ലോക ജൂനിയർ മീറ്റിലേതാണ്‌. അതിന്‌ െതാട്ടുമുന്പായിരുന്നു ദക്ഷിണ കൊറിയയിലെ ഗ്വാങ്‌ജുവിൽ ലോക സീനിയർ നീന്തൽ ചാന്പ്യൻഷിപ്പിൽ രണ്ടിനങ്ങളിൽ ശ്രീഹരി ദേശീയ രേഖകൾ തിരുത്തിയത്‌.


 

ലോക ജൂനിയർ ചാന്പ്യൻഷിപ്പിൽ 0.15 സെക്കൻഡിന്റെ വ്യത്യാസത്തിലായിരുന്നു 50 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ശ്രീഹരിക്ക്‌ വെങ്കലമെഡൽ നഷ്ടമായത്‌. അവിടെ മെഡൽ നേടിയിരുന്നെങ്കിൽ അത്‌ ലോക നീന്തലിൽ രാജ്യത്തിന്റെ ആദ്യ മുദ്രയാകുമായിരുന്നു. ഈ ഇനത്തിൽ ലോക മെഡലിലേക്കെത്താൻ 25.20 സെക്കൻഡിൽ താഴെ സമയം കണ്ടെത്തണം. ഇന്ത്യൻ നീന്തലിൽ ദിശാമാറ്റം സംഭവിപ്പിക്കാവുന്ന ആ മെഡലിലേക്കുള്ള പ്രതിഭാസ്‌പർശം ഈ കൗമാരക്കാരനുണ്ട്‌. വേഗം കൂടിയ സ്‌റ്റാർട്ടിലൂടെയും അതിവേഗ ഫിനിഷിലൂടെയും ശ്രീഹരിക്ക്‌ ആ ലോകനിലവാരമേറ്റു വാങ്ങാനാവുമെന്ന്‌ കോച്ച്‌ ജയരാജ്‌ സാക്ഷ്യപ്പെടുത്തുന്നു.

ഏഷ്യൻ തലത്തിലായാലും ലോകതലത്തിലായാലും സാന്നിധ്യം സ്‌പഷ്‌ടമാക്കാൻ ഇന്ത്യയുടെ നീന്തൽക്കാർക്ക്‌ ഇനിയുമേറെ സഞ്ചരിക്കാനുണ്ട്‌. ഒളിന്പിക്‌ ഇനമായ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ശ്രീഹരിയുടെ മുഖ്യ പ്രതിയോഗി ലോക ചാന്പ്യനായ ചൈനയുടെ സ്യൂജിയായു ആണ്‌. 50 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലാകട്ടെ ഗ്വാങ്‌ജുവിലെ ജേതാവായ ദക്ഷിണാഫ്രിക്കയുടെ സാനെ വാഡെല്ലുവാണ്‌ എതിരാളി. ഒപ്പം ജപ്പാന്റെയും  ഓസ്‌ട്രേലിയയുടെയും ബ്രിട്ടന്റെയും ഒരു പിടി താരങ്ങളുണ്ട്‌. അതിനാൽ തന്നെ  ഏഷ്യൻ ഗയിംസിൽപോലും മെഡൽ നേടുകയെന്നത്‌ അത്ര എളുപ്പമല്ല.

എന്നാൽ ടോക്കിയോ ഒളിന്പിക്‌സിന്‌ യോഗ്യത നേടുകയെന്നതാണ്‌ ശ്രീഹരിയുടെ അടിയന്തര ലക്ഷ്യം. 100, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ‘ബി’ സ്‌റ്റാൻഡേർഡ്‌ യോഗ്യത നേടിയെങ്കിലും തനിക്ക്‌ ‘എ’ യോഗ്യത കരസ്ഥമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ശ്രീഹരിക്കുണ്ട്‌. 100 മീറ്ററിൽ ഈ യോഗ്യത  0.84 സെക്കൻഡ്‌ അകലയൊണിപ്പോൾ. 200ലാകട്ടെ നാല്‌ സെക്കൻഡിന്‌ പിന്നിലുമാണ്‌. ടോക്കിയോ മാത്രമല്ല അടുത്ത ഏഷ്യൻ ഗയിംസിലും കോമൺവെൽത്ത്‌ ഗെയിംസിലും കരുത്ത്‌ തെളിയിക്കാനും അതിലൂടെ 2024ലെ പാരിസ്‌ ഒളിന്പിക്‌സിലേക്ക്‌ ചിറക്‌ വരിക്കാനും പ്രതിജ്ഞാബദ്ധനായ ഈ കൗമാരക്കാരനെ ഇന്ത്യൻ നീന്തലിന്റെ പ്രദീപ്‌തമായ പുത്തൻ മുഖമെന്നുതന്നെ വിശേഷിപ്പിക്കാം.
 


പ്രധാന വാർത്തകൾ
 Top