24 May Friday

‘‘സംഘപരിവാർ പിന്തുണയ‌്ക്കുന്നത് കഠ‌്‌വയിലെയും ഉന്നാവയിലെയും ഗാങ് റേപ്പിസ്റ്റുകളെ’’ ‐ എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി വിക്രം സിങ്ങുമായി അഭിമുഖം

സിറിള്‍ രാധാകൃഷ്ണന്‍Updated: Sunday Jun 24, 2018

മുമ്പ‌് പരിചിതമല്ലാത്ത പ്രായോഗിക രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ  രാജ്യം കടന്നുപോകുന്നു. ഈ  സാഹചര്യത്തിൽ  സമ്മേളനത്തെ എങ്ങനെ വിലയിരുത്തുന്നു?
 
വരും കാലത്തേക്കുള്ള ഊർജസംഭരണമാണ് ഈ സമ്മേളനത്തിൽ ലക്ഷ്യംവയ‌്ക്കുന്നത്. രാജ്യമെമ്പാടും സംഘപരിവാർ അവർക്കിഷ്ടമില്ലാത്ത വിഭാഗങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ആക്രമിക്കുന്ന ഇക്കാലത്ത് ഇത്തരത്തിൽ വിപുലമായ സമ്മേളനം ജനാധിപത്യ രീതിയിൽ നടത്തുക എന്നത് എസ്എഫ്‌ഐക്കുമാത്രം കഴിയുന്ന ഒന്നാണ്. ആ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാൽ തന്നെയാണ് രാജ്യമെമ്പാടും വേരുകൾ ഇല്ലാതിരുന്ന സംഘടന ഇപ്പോൾ കശ്മീർ മുതൽ കന്യാകുമാരി വരെയും ഗുജറാത്ത് മുതൽ അസം വരെയും ക്യാമ്പസുകളിൽ ശക്തിപ്രാപിക്കുന്നത്. പക്ഷേ,  ഇനിയും മുന്നേറേണ്ടതുണ്ട്.
 
വിദ്യാർഥി മുന്നേറ്റത്തിന് നേതൃത്വം നൽകാൻ കഴിയുന്നൊരു ദേശീയ വിദ്യാർഥി നേതാവിന്റെ കുറവ്  തോന്നുന്നുണ്ടോ?
 
കോൺഗ്രസ് രാഹുൽ ഗാന്ധിയെ മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നതുപോലെ അല്ല . എസ‌്എഫ‌്ഐക്ക‌്  ഒരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലമുണ്ട്. ജീവത്യാഗം ചെയ്ത സഖാക്കളുടെ പാരമ്പര്യമുണ്ട്. സിംഗിൾ ഹീറോകളല്ല ജനം. അതാണ്  പോരാട്ടത്തിന്റെ മുനയാവേണ്ടത്. ഒരാളെ മുൻനിർത്തി രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കുന്നത് ആത്മഹത്യാപരമെന്നു മാത്രമല്ല ജനാധിപത്യ വിരുദ്ധവുമാണ്. നരേന്ദ മോഡി തന്നെ ഏറ്റവും വലിയ ഉദാഹരണം.  നമുക്കാവശ്യം ടീം വർക്കാണ്. പക്ഷേ, അതിന് പ്രത്യയശാസ്ത്രത്തെ കൂടുതൽ ഉറപ്പിക്കേണ്ടതുണ്ട്.

സംഘപരിവാർ ജനങ്ങളുടെ കണ്ണുകെട്ടാൻ പറയുന്ന ഒന്നാണ് ദേശീയത. ഏതു തരത്തിലാണ്  ദേശീയതയെ കാണുന്നത്?
 
സ്‌കൂളിൽ പഠിക്കാൻ പോകുന്ന കാലം മുതൽ പഠനം മാത്രമാക്കാതെ ദേശത്തെ സേവിക്കുക. ദേശത്തിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്നതോ ത്രിവർണം കൈയിലേന്തുന്നതോ ദേശീയ ചിഹ്നങ്ങൾ പോസ്റ്റ് ചെയ്യുന്നതോ അല്ല ദേശീയത. നോക്കൂ... ത്രിവർണം ഒരു കൈയിലേന്തി നടക്കുന്നവർ, നിരന്തരം ദേശീയത പറയുന്നവർ ആരെയാണ് പിന്തുണയ‌്ക്കുന്നത്. അവർ പിന്തുണയ‌്ക്കുന്നത് കഠ്‌വയിലെയും ഉന്നാവയിലെയും ഗാങ്ങ് റേപ്പിസ്റ്റുകളെയാണ്. ദേശീയത പറയുന്നവർ വിൽക്കുന്നത് മഹത് പാരമ്പര്യം പേറുന്ന ചെങ്കോട്ടയും താജും എല്ലാമാണ്. സ്വകാര്യവൽക്കരിക്കുന്നത് ഏറ്റവും കൂടുതൽ തൊഴിൽ നൽകിയിരുന്ന ഇന്ത്യൻ റെയിൽവേ പോലുള്ള പൊതുമേഖലകളാണ്. മോഡി പ്രചരിപ്പിക്കുന്ന ദേശീയത രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രം ലക്ഷ്യം വച്ചുള്ളതാണ്. എസ്എഫ്‌ഐ പിന്തുണയ്ക്കുന്ന ദേശീയത എന്നത് രാജ്യതാൽപ്പര്യം അതായത് ജനത്തിന് ദ്രോഹം ചെയ്യാതെ  രാജ്യപുരോഗതിക്കു പ്രവർത്തിക്കലാണ്. സ്യൂഡോ നാഷണലിസ്റ്റാവുതിൽ ഒരു കാര്യവുമില്ല.
 
തെരഞ്ഞെടുപ്പു രാഷ്ട്രീയം പോലും സംഘപരിവാർ അട്ടിമറിക്കുന്നു. എങ്ങനെയാണ്  പുരോഗമന വിദ്യാർഥി പ്രസ്ഥാനം നേരിടുക?
 
സംഘപരിവാർ ഏറ്റവും ഭയക്കുന്നത് സപ്ത സഹോദരികളും  കശ്മീരും തെലുഗും കന്നഡദേശവും കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന വൈവിധ്യത്തെയാണ്. ചരിത്രപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു പാരമ്പര്യവുമില്ലാത്ത സംഘപരിവാർ സംഘടനകൾ ഇന്ത്യക്കാരാണ് എന്നുതന്നെ പറയാൻ പറ്റില്ല. രാജ്യത്തിന്റെ മതേതരത്വ സംവിധാനത്തിനു തന്നെ എതിരായ അവർ പറയുന്ന ഹിന്ദുത്വം ഹിന്ദുസംസ്‌കാരത്തിനു തന്നെ എതിരാണ്. അവർ പറയുന്ന ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം അഡോൾഫ് ഹിറ്റ്‌ലറിൽനിന്നു കടംകൊണ്ട പ്രത്യയശാസ‌്ത്രമാണ്. തികഞ്ഞ ഫാസിസമാണ്. അതിനെ പ്രതിരോധിക്കേണ്ടതിന് നിലയ്ക്കാത്ത പ്രതിഷേധങ്ങൾ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം അതു തന്നെയാണ് പ്രതിവിധി. ജനക്ഷേമത്തിനും മതേതരത്വത്തിനും വേണ്ടിയാവണം ഭരണം, നാഗ്പുരിലെ കേന്ദ്രമല്ല ജനാധിപത്യമാണ് ഇന്ത്യയെ ഭരിക്കേണ്ടത്. ആ ലക്ഷ്യത്തിന് പുരോഗമന വിദ്യാർഥി പ്രസ്ഥാനം മുന്നിലുണ്ടാകും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top