03 June Wednesday

ആരും വരുന്നില്ല, വിളിയുമില്ല, ‘വായന, എഴുത്ത്‌, വിശ്രമം ഇതാണ്‌ ഇപ്പോഴത്തെ ദിനചര്യ: എം മുകുന്ദൻ

പ്രത്യേക ലേഖകൻUpdated: Wednesday Mar 25, 2020


കണ്ണൂർ
‘‘വായന, എഴുത്ത്‌, വിശ്രമം ഇതാണ്‌ ഇപ്പോഴത്തെ ദിനചര്യ. പുറത്തെവിടെയും പോകുന്നില്ല. ആരും വിട്ടിലേക്കു വരുന്നുമില്ല. ഫോൺ കോളുകളുമില്ലെന്നതാണ്‌ ഏറ്റവും വിചിത്രം’’–- കൊറോണക്കാലത്തെക്കുറിച്ച്‌ എഴുത്തുകാരൻ എം മുകുന്ദൻ പറയുന്നതിങ്ങനെ!

‘ഏറ്റവും ആശ്വാസകരമായി തോന്നുന്നത്‌ ആളുകൾ പരിപാടികൾക്ക്‌ വിളിക്കാത്തതാണ്‌. ദിവസവും അഞ്ചും ആറും മീറ്റിങ്ങുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കുമായിരുന്നു.  നാട്ടിൽ പൊതുപരിപാടികൾ പാടേ നിലച്ചതോടെ അതിന്റെ ആവശ്യവുമില്ല.’

ഇങ്ങനെയൊക്കെ ആശ്വസിക്കുമ്പോഴും  മനസ്സ്‌ അസ്വസ്ഥമാണ്‌. ഓരോ ദിവസവും കൊറോണ ബാധിതരുടെയും രോഗം ബാധിച്ച്‌ മരിക്കുന്നവരുടെയും എണ്ണം പെരുകുമ്പോൾ വല്ലാത്ത ആശങ്ക തോന്നുന്നു. കൊറോണ വൈറസിന്‌ ജാതിയോ മതമോ ദേശമോ രാഷ്‌ട്രീയമോ ഒന്നും പ്രശ്‌നമല്ലല്ലോ. എല്ലാവരെയും ബാധിക്കുന്നു. എന്നാൽ, ഈ രോഗത്തെ  നിയന്ത്രിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. ചൈനക്കു കഴിഞ്ഞല്ലോ. കേരളവും ഇന്ത്യയും  ഇറ്റലിയും ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും ഈ മഹാമാരിയെ അതിജീവിക്കുകതന്നെ ചെയ്യും. 

കൊറോണ പുതിയൊരു പാഠമാണ്‌ നൽകുന്നത്‌.  ഏറ്റവും വികസിതമെന്നു കരുതുന്ന അമേരിക്കപോലും കൊറോണയ്‌ക്കു മുന്നിൽ പതറുമ്പോൾ അതിനെ പിടിച്ചുകെട്ടുന്നതിൽ വലിയൊരളവോളം വിജയിച്ചത്‌  ചൈനയും തായ്‌വാനുംപോലുള്ള ഏഷ്യൻ രാജ്യങ്ങളാണ്‌. ഇത്‌ ഏറെ പ്രത്യാശ പകരുന്നു. കൊറോണ പ്രതിരോധത്തിൽ കേരളം വഹിക്കുന്ന നേതൃപരമായ പങ്കും വരുംകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെടുമെന്നതിൽ സംശയമില്ല–- മുകുന്ദൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top