06 December Friday

ഓഹരിവിൽപ്പനയിലും കേരളവിരോധം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019


ന്യൂഡൽഹി
ഭാരത്‌ പെട്രോളിയം കോർപറേഷൻ  വിൽപ്പനയിലും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയക്കളി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണശുദ്ധീകരണശാലയായ കൊച്ചി  റിഫൈനറി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചപ്പോൾ ബിജെപി ഭരിക്കുന്ന അസമിലെ നുമാലിഗഡ്‌ റിഫൈനറിയെ ഒഴിവാക്കി.  സംസ്ഥാനസർക്കാരും ട്രേഡ്‌ യൂണിയനുകളും വിവിധ രാഷ്ട്രീയപാർടികളും ഉയർത്തിയ പ്രതിഷേധവും അഭ്യർഥനകളും മാനിക്കാതെയാണ്‌ കൊച്ചി എണ്ണശുദ്ധീകരണശാലയെ ബിപിസിഎൽ കൈയൊഴിയുന്നത്‌.

കൊച്ചി അമ്പലമുഗളിൽ 1977 ഏക്കറിൽ പ്രവർത്തിക്കുന്ന എണ്ണശുദ്ധീകരണശാലയ്‌ക്ക്‌ പ്രതിവർഷം  155 ലക്ഷം ടൺ ഉൽപ്പാദനശേഷിയുണ്ട്‌. ദക്ഷിണേന്ത്യയുടെ വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാൻ അടുത്തിടെയാണ്‌ 16,500 കോടി രൂപ ചെലവിട്ട്‌  ഉൽപ്പാദനശേഷി വർധിപ്പിച്ചത്‌. 1963ൽ നിർമാണം തുടങ്ങി 66ൽ രാഷ്ട്രത്തിന്‌ സമർപ്പിച്ച കൊച്ചി എണ്ണശുദ്ധീകരണശാല സ്വതന്ത്ര പൊതുമേഖലാ സ്ഥാപനമായിരുന്നു. 2006ലാണ്‌ ബിപിസിഎൽ ഏറ്റെടുത്തത്‌.

നിലവിൽ 54.81 ശതമാനമാണ്‌ ബിപിസിഎല്ലിന്റെ ഓഹരിവിഹിതം. സംസ്ഥാനസർക്കാരിന്‌ അഞ്ച്‌ ശതമാനം ഓഹരിപങ്കാളിത്തമുണ്ട്‌. സംസ്ഥാനസർക്കാർ നടപ്പാക്കുന്ന പെട്രോ കെമിക്കൽ പദ്ധതിക്കായി ഫാക്ടിന്റെ 176 ഏക്കർ ഏറ്റെടുത്ത്‌ ബിപിസിഎല്ലിന്‌ കൈമാറിയിരുന്നു. ബിപിസിഎൽ സ്വകാര്യവൽക്കരിക്കുന്നതോടെ ഈ പദ്ധതിയുടെ ഭാവിയും അവതാളത്തിലാകും.

അസമിലെ നുമാലിഗഡ്‌ റിഫൈനറി വിൽപ്പനയിൽനിന്ന്‌ ഒഴിവാക്കിയത്‌ ബിജെപിയുടെ രാഷ്ട്രീയതാൽപ്പര്യങ്ങളുടെ പേരിലാണ്‌. ഇത്‌ പ്രത്യേക പൊതുമേഖലാ സ്ഥാപനമാക്കും.  ബിപിസിഎല്ലിന്‌ 61.65 ശതമാനമാണ്‌ ഓഹരിപങ്കാളിത്തം. അസം സർക്കാരിന്‌ 12.35 ശതമാനം ഓഹരിയുണ്ട്‌. ശേഷിക്കുന്ന ഓഹരികൾ ഓയിൽ ഇന്ത്യക്കാണ്‌.

അസം പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കരാറിന്റെ ഭാഗമായി സ്ഥാപിച്ച നുമാലിഗഡ്‌ റിഫൈനറിയിൽ 1995ലാണ്‌ ബിപിസിഎല്ലിന്‌ ഓഹരിപങ്കാളിത്തം ലഭിച്ചത്‌. 2001ൽ ബിപിസിഎല്ലിന്റെ അനുബന്ധസ്ഥാപനമായി. 


പ്രധാന വാർത്തകൾ
 Top