06 December Friday

ഓഹരി വിൽപ്പന നിയമം അട്ടിമറിച്ച്‌

സാജൻ എവുജിൻUpdated: Friday Nov 22, 2019


ന്യൂഡൽഹി
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുന്നതിന്‌ ബിജെപിയുടെ നേതൃത്വത്തിൽ നടന്നത്‌ ദീർഘകാല  ആസൂത്രണം. തടസ്സമായിരുന്ന നിയമം അട്ടിമറിച്ച്‌ കോടതിയെ മറികടന്നാണ്‌ കേന്ദ്ര മന്ത്രിസഭ വിൽപ്പനയ്‌ക്ക്‌ തീരുമാനമെടുത്തത്‌.

വാജ്‌പേയി സർക്കാരിന്റെ കാലത്താണ്‌ ബിപിസിഎൽ ഓഹരി വിറ്റഴിക്കാൻ ശ്രമംതുടങ്ങിയത്‌. എണ്ണക്കമ്പനികൾ ദേശസാൽക്കരിക്കാൻ  1976ൽ  കൊണ്ടുവന്ന നിയമം നിലനിൽക്കെ സ്വകാര്യവൽക്കരണം അസാധ്യമാണെന്ന്‌  2003ൽ  സുപ്രീംകോടതി  ഉത്തരവിട്ടു. മോഡിസർക്കാർ 2014ൽ വന്നശേഷം സ്വകാര്യവൽക്കരണനീക്കം വീണ്ടും സജീവമായി.  2016ൽ ‘കാലഹരണപ്പെട്ടതും അനാവശ്യവുമായ’ നിയമങ്ങൾ റദ്ദാക്കുന്നുവെന്ന പേരിൽ 183 നിയമം കൂട്ടത്തോടെ പിൻവലിക്കാൻ പാർലമെന്റിൽ ബിൽ പാസാക്കി. ഇക്കൂട്ടത്തിൽ 1976ലെ ദേശസാൽക്കരണ നിയമവുമുണ്ടായിരുന്നു. ഇതോടെ 2003ലെ സുപ്രീംകോടതി വിധിക്ക്‌ ആധാരമായ നിയമം ഇല്ലാതായി.

സ്വകാര്യവൽക്കരണത്തിന്‌ വേഗംകൂട്ടാൻ  ഓഹരിവിൽപ്പന നടപടിക്രമം  മാറ്റി. ഇതിന്‌ പുതിയ നയം കൊണ്ടുവന്നു. ഓഹരിവിൽപ്പനയ്‌ക്കുള്ള കമ്പനികളെ നിശ്ചയിക്കുന്നതിനുള്ള ചുമതല നിതി ആയോഗിൽനിന്ന്‌ മാറ്റി ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ–- പൊതുസ്വത്ത്‌ മാനേജ്‌മെന്റ്‌ വകുപ്പിനാക്കി.

ഓഹരിവിൽപ്പനയിലൂടെ മൊത്തം ലക്ഷ്യം ഇക്കൊല്ലം 1,05,000 കോടി രൂപയാണ്‌. അമേരിക്കൻ കമ്പനികളായ ടെലൂറിയൻ, എക്‌സോൺ മൊബീൽ, മുകേഷ്‌ അംബാനിയുടെ റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌, സൗദി അറേബ്യയുടെ അരാംകോ, കുവൈത്ത്‌ പെട്രോളിയം, ബ്രിട്ടീഷ്‌ പെട്രോളിയം എന്നിവ ബിപിസിഎൽ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top