06 December Friday

വില്‍ക്കുന്നത് നാടിന്റെ മഹാരത്നം

സന്തോഷ്‌ ബാബുUpdated: Friday Nov 22, 2019

കൊച്ചി
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണക്കമ്പനി ബിപിസിഎൽ സ്വകാര്യമേഖലയ്ക്ക് വിൽക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 7132 കോടി രൂപ ലാഭമുണ്ടാക്കുന്ന മഹാരത്ന കമ്പനിയാണ്‌ വിൽക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭ ബിപിസിഎൽ വിൽപ്പനയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. രാജ്യമാകെ ഉയർന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെയാണ് കേന്ദ്ര സർക്കാർ വിറ്റുതുലയ്‌ക്കലിന്‌ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

ഊർജസുരക്ഷ ഉറപ്പാക്കാനായി 1976ൽ പാർലമെന്റ്‌ പ്രത്യേക നിയമത്തിലൂടെ കൊണ്ടുവന്നതാണ് ബിപിസിഎൽ. ഇന്ധനവിൽപ്പന നടത്തിയിരുന്ന ബെർമാ ഷെൽ എന്ന സ്വകാര്യ കമ്പനി ദേശസാൽക്കരിച്ചാണ് ബിപിസിഎൽ സ്ഥാപിച്ചത്.  2003ൽ വാജ്പേയി സർക്കാർ ബിപിസിഎൽ (കൂട്ടത്തിൽ എച്ച്പിസിഎല്ലും) വിൽക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, നീക്കം സുപ്രീംകോടതി തടഞ്ഞു. പാർലമെന്റിന്റെ അനുമതിയില്ലാതെ ബിപിസിഎൽ

വിൽക്കാനാകില്ലെന്നായിരുന്നു കോടതി ഉത്തരവ്‌. ഈ ഉത്തരവ്‌ മറികടക്കാനായി ബിജെപി സർക്കാർ ബിപിസിഎൽ വിൽപ്പനയ്ക്ക് പാർലമെന്റിന്റെ അം​ഗീകാരം ആവശ്യമില്ല എന്ന നിയമം 2016ൽ പാസാക്കി.

നഷ്ടത്തിലാണെന്നു പറഞ്ഞാണ് പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിൽപ്പനയ്ക്ക് വയ്ക്കുന്നത്. കഴി‍ഞ്ഞ 16 വർഷം തുടർച്ചയായി പ്രവർത്തനമികവിൽ ലോകത്തിലെ ഏറ്റവും മികച്ച 500 വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയിൽ ബിപിസിഎൽ ഇടംനേടിയിട്ടുമുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിവിധ പദ്ധതികൾക്കായി 50,000 കോടി രൂപ നിക്ഷേപിക്കുകയും 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയും ചെയ്‌ത സ്ഥാപനമാണ് ബിപിസിഎൽ.

കൊച്ചി റിഫൈനറിയടക്കം നാലു റിഫൈനറികളും ബിപിസിഎലിന്റെ ഉടമസ്ഥതയിലുണ്ട്. രാജ്യത്തെ പെട്രോളിയം ഉൽപ്പന്നവിൽപ്പനയിൽ 24 ശതമാനം ബിപിസിഎലിന്റേതാണ്. ദേശീയവരുമാനത്തിലേക്ക്‌ കഴിഞ്ഞ സാമ്പത്തികവർഷം 95035.24 കോടി രൂപ നൽകുകയും ചെയ്തു.

രണ്ടുവർഷംമുമ്പ് ​ഗുജറാത്തിലെ എസ്സാർ ഓയിൽ എന്ന സ്വകാര്യ റിഫൈനറിയെ റോഫ് നെറ്റ് എന്ന റഷ്യൻ കമ്പനി വാങ്ങിയത് ഏകദേശം 82,560 കോടി രൂപയ്‌ക്കാണ്. 1.3 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള  ബിപിസിഎലിന് കേന്ദ്രം വിലയിട്ടിരിക്കുന്നത്, കേവലം 60,000 കോടി രൂപയാണെന്നതും ശ്രദ്ധേയമാണ്‌.

 


പ്രധാന വാർത്തകൾ
 Top