04 July Saturday

സ്‌കില്‍ അൺലോക്ക്ഡ്

എ എസ് ജിബിനUpdated: Wednesday Apr 22, 2020

കൊച്ചി
തെറാപ്പി ചെയ്യാനായില്ലെങ്കില്‍ പെരുമാറ്റ പ്രശ്‌നമുള്ള കുട്ടികളെ എങ്ങനെ സമാധാനപ്പെടുത്തുമെന്ന ആശങ്കയിലായിരുന്നു ലോക്ക്ഡൗണ്‍ ആരംഭിക്കുമ്പോള്‍ ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍. ഈ ആശങ്കയകറ്റി കുട്ടികളെ കൂടുതല്‍ ക്രിയാത്മകമാക്കിയിരിക്കുകയാണ് എറണാകുളം ഓട്ടിസം ക്ലബ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം മുതല്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആത്മവിശ്വാസം നല്‍കി ഓട്ടിസം ക്ലബ് കൂടെയുണ്ട്.

ഓട്ടിസം ബാധിതരായ കുട്ടികളുടെ ക്രിയാത്മക പ്രവൃത്തികള്‍ ചിത്രങ്ങളായും വീഡിയോകളായും പങ്കുവയ്ക്കുന്ന ‘സ്‌കില്‍സ് അൺലോക്ക്ഡ് ഡ്യൂറിങ് ലോക്ക്ഡൗണ്‍' എന്ന പദ്ധതിയാണ് ഓട്ടിസം ക്ലബ് ആദ്യമൊരുക്കിയത്. ചിത്രം വരച്ചും പാചകം ചെയ്തും പാട്ടുപാടിയും ചക്കപൊളിച്ചും കറിക്കരിഞ്ഞും അടുപ്പൂതി കത്തിച്ച് കഞ്ഞിവച്ചും കോഴിക്കൂട് വൃത്തിയാക്കിയും തുണി മടക്കിവച്ചും ഫോട്ടോയെടുത്തും കവിതയെഴുതിയും യോഗ ചെയ്തും നൃത്തം ചെയ്തും മനോഹരമായ വസ്തുക്കള്‍ നിര്‍മിച്ചും തുന്നിയും കുട്ടികള്‍ ഓരോ ദിവസവും ഈ പരിപാടിയില്‍ ആവേശത്തോടെ പങ്കെടുത്തു. ഇതെല്ലാം ചിത്രങ്ങളും വീഡിയോകളുമാക്കി മാതാപിതാക്കള്‍ ഓട്ടിസം ക്ലബ്ബിന്റെ വാട്‌സാപ്‌ ഗ്രൂപ്പില്‍ പങ്കുവച്ചു. ഓട്ടിസം ക്ലബ്ബിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇത് പ്രത്യക്ഷപ്പെട്ടതോടെ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി കുട്ടികളെത്തി.

കുട്ടികളുടെ പങ്കാളിത്തവും ആവേശവും വര്‍ധിച്ചതോടെ ഫോട്ടോകളുടെയും വീഡിയോകളുടെയും എണ്ണം കൂടി. ഇതോടെ ഇതെല്ലാം ചേര്‍ത്ത്‌ ഗൂഗിള്‍ ഫോട്ടോയില്‍ ആല്‍ബമാക്കി പുറത്തിറക്കാന്‍ തീരുമാനിച്ചു. നൂറിലധികം വീഡിയോകളും ചിത്രങ്ങളുമാണ് ആല്‍ബത്തിലുള്ളത്. ഇത് കാണുന്നതിലൂടെ ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമെന്ന് എറണാകുളം  ഓട്ടിസം ക്ലബ് അംഗം സംഗീത ജോണ്‍ പറഞ്ഞു. കേരളത്തിലെ 97 ശതമാനം ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും ഈ പരിപാടി ഗുണം ചെയ്തതായും അവര്‍ പറഞ്ഞു. മാര്‍ച്ച് 17ന് ആരംഭിച്ച പരിപാടി ലോക്ക്ഡൗണ്‍ അവസാനിക്കുംവരെ തുടരും.

കൈ ഉപയോഗിച്ചോ അപ്ലിക്കേഷന്‍ ഉപയോഗിച്ചോ ഒരു കുട്ടി വരച്ച ത്രികോണം മറ്റൊരു കുട്ടിക്ക് പങ്കുവച്ച് അതിലേക്ക് മറ്റൊരു ത്രികോണം വരച്ചുചേര്‍ക്കുന്ന ചങ്ങല ‘പാസ് ദി ട്രയാംഗിള്‍', ഹം ഹോഗ്യ കാംയാബ് എക് ദിന്‍ എന്ന ഗാനത്തിന്റെ ഓരോ വരിവീതം കുട്ടികള്‍ പാടി പൂര്‍ത്തിയാക്കുന്ന പദ്ധതി എന്നിവയും ലോക്ക്ഡൗണിന്റെ ഭാഗമായി ഓട്ടിസം ക്ലബ് നടത്തുന്നുണ്ട്. ആല്‍ബം കാണാം:   https://photos.app.goo.gl/uiV3piR5dzDPdjrN9
 


പ്രധാന വാർത്തകൾ
 Top