18 June Tuesday

ഒരു നാടിന്റെ ജലനിരപ്പ‌്

ജയൻ ഇടയ്ക്കാട്Updated: Friday Mar 22, 2019

കൊല്ലം
ബാലഗോപാലിനെപ്പോലുള്ള സർഗാത്മകരാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്ന് എഴുത്തുകാരി കെ ആർ മീര പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.  മുൻകാല എസ്എഫ്‌ഐ പ്രവർത്തകരും ഡിവൈഎഫ്‌ഐ പ്രവർത്തകരും ഒത്തുചേർന്ന കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ പ്രതിധ്വനിയാകുകയായിരുന്നു മീരയുടെ ശബ്ദം.  മീരയ്‌ക്കൊപ്പം  പ്രതീക്ഷ പങ്കുവയ്ക്കുന്നതിൽ ഇപ്പോൾ ഒരു നാട് ഒന്നടങ്കമുണ്ട്. ഇവർ പറയുന്നു... കൊല്ലത്തിന്റെ പ്രതിനിധിയായി ബാലഗോപാലിന്റെ  ശബ്ദം  പാർലമെന്റിൽ മുഴങ്ങണം.

ബാലഗോപാൽ രാജ്യസഭാംഗമായിരുന്നപ്പോൾ കുട്ടികളുടെ മുതുകത്തെ ഭാരം കുറയ്ക്കാൻ കൊല്ലം ജില്ലയിലെ 10 സ‌്കൂളിൽ നടപ്പാക്കിയ ബാഗ്‌ലെസ് സ്‌കൂൾ പദ്ധതി മനസ്സിനെ ഏറെ ആകർഷിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ വിജയാഭ്യർഥനയുമായി മീര കൊല്ലത്ത് എത്തിയത്. പുസ്തകം സൂക്ഷിക്കാൻ ക്ലാസ് മുറികളിൽ അലമാരയും ഓരോ സെറ്റ് പുസ്തകവുംകൂടി വാങ്ങി നൽകുന്ന ബാഗ‌്‌രഹിത സ്‌കൂൾ എന്ന ഭാവനാപൂർണമായ ആശയം ബാലഗോപാലിന്റേതായിരുന്നു.  ഈ പദ്ധതി  പിന്നീട് ഇന്ത്യക്ക‌് മാതൃകയായി. 

പ്രളയകാലത്ത് പത്തനംതിട്ടയിലെ കൈപ്പട്ടൂരിൽ രക്ഷാപ്രവർത്തനം നടത്തിയ  കേരളത്തിന്റെ  സൈന്യമായ മത്സ്യത്തൊഴിലാളിസംഘത്തിലെ പ്രതിനിധികളാണ് കെ എൻ ബാലഗോപാലിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. തുക കൈമാറിയശേഷം മത്സ്യത്തൊഴിലാളികളായ ബിജുവും ചാൾസും പറഞ്ഞു:

‘‘ ഇതിൽ ഞങ്ങളുടെ ഹൃദയമുണ്ട‌്.’’

2014ലെ മൺസൂൺകാലത്തെ മഴക്കെടുതികൾ മനസ്സിലാക്കാനാണ് രാജ്യസഭാംഗം എന്ന നിലയിൽ  ബാലഗോപാൽ  മൺറോതുരുത്തിലെത്തുന്നത്. കൃഷിനാശവും വീടുകൾ താഴുന്നതും കേവലം മഴക്കെടുതിയുടെ ഭാഗമല്ലെന്നും അടിയന്തരശ്രദ്ധ വേണ്ട വിഷയമാണെന്നും പാർലമെന്റിൽ ഉന്നയിച്ചു. 

ആഗോള താപനത്തിന്റെ ഭാഗമായ പ്രതിഭാസമാണ് മൺറോതുരുത്ത് നേരിടുന്ന ഭീഷണിയെന്ന് ബാലഗോപാൽ  പാർലമെന്റിൽ  സമർഥിച്ചു. തുടർന്നുണ്ടായ സർക്കാർ ഇടപെടലുകൾ ചരിത്രം.

വർഷത്തിന്റെ ഭൂരിഭാഗവും കൊടുംവരൾച്ചയുടെ പിടിയിലായ നാടിനെ ജലസമൃദ്ധമാക്കാൻ മഴവെള്ള സംഭരണം ലക്ഷ്യമിട്ട് മൂന്നു ലക്ഷം മഴക്കുഴികൾ യാഥാർഥ്യമാക്കിയതും കൊല്ലം ജനതയ്ക്ക് മറക്കാനാകില്ല.  ജില്ലയിലെ പാർടി അംഗങ്ങൾക്കൊപ്പം ബാലഗോപാൽ  തൂമ്പയെടുത്ത‌് മണ്ണിലിറങ്ങിയപ്പോൾ അത് വലിയ ബഹുജനപ്രസ്ഥാനമായി. പലയിടത്തും ജലനിരപ്പ് ആശങ്കജനകമാംവിധം താഴാതിരുന്നതിന് കാരണം ഈ പരിസ്ഥിതി  സൗഹൃദ പ്രവർത്തനങ്ങളാണെന്ന് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാർടി ഘടകങ്ങൾവഴി വിഷരഹിത പച്ചക്കറിക്കൃഷിയും നെല്ലുൽപ്പാദനവും പ്രോത്സാഹിപ്പിച്ചു. വിശേഷാവസരങ്ങളിൽ മായംകലരാത്ത ഭക്ഷ്യവസ്തുക്കൾ  ജനങ്ങൾക്ക‌് ലഭ്യമാക്കുന്ന പരിപാടി തുടരുകയാണ്.

കോർപറേറ്റുകളെയും പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതികളെയും ലോക‌്പാൽ പരിധിയിൽ കൊണ്ടുവരണമെന്ന‌് സെലക്ട‌് കമ്മിറ്റി അംഗമായിരുന്ന ബാലഗോപാൽ വച്ച നിർദേശം നിർണായകമായിരുന്നു. വിമാനത്താവളങ്ങളിൽ  യൂസർ ഫീ ഏർപ്പെടുത്തി യാത്രക്കാരെ ചൂഷണംചെയ്തുവന്ന  വൻ അഴിമതി സഭയുടെ ശ്രദ്ധയിൽ  കൊണ്ടുവന്നു.

കൊല്ലം പാർലമെന്റ‌് മണ്ഡലത്തിന്റെ സമീപകാല ചരിത്രം തിരുത്തുന്ന കാഴ‌്ചയാണ‌് പ്രചാരണരംഗത്തുള്ളത‌്.  ക്യാമ്പസുകളെ ഇളക്കിമറിച്ചായിരുന്നു കഴിഞ്ഞദിവസത്തെ ബാലഗോപാലിന്റെ പര്യടനം. എസ‌്എഫ‌്ഐയുടെ അഖിലേന്ത്യാ  പ്രസിഡന്റുകൂടിയായിരുന്ന ബാലഗോപാൽ കേവലം കൂടിക്കാഴ‌്ചമാത്രമല്ല ക്യാമ്പസിൽ നടത്തിയത‌്, സംവാദംതന്നെയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top