20 March Wednesday

കരൾരോഗങ്ങളും ഭക്ഷണവും

ശുഭശ്രീ പ്രശാന്ത്‌Updated: Thursday Mar 22, 2018

സ്വയം പുനരുദ്ധാരണംചെയ്യാൻ കഴിവുള്ള നമ്മുടെ ശരീരത്തിലെ ഏക അവയവമായ കരൾ. കരൾരോഗമെന്നു കേട്ടാൽ, നെറ്റിചുളിക്കുന്ന സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് സ്ത്രീകളിൽ കരൾരോഗങ്ങൾ കണ്ടുതുടങ്ങിയതോടെ മദ്യപാനം മാത്രമല്ല കരൾരോഗങ്ങൾക്കുള്ള കാരണമെന്ന് ഇന്നത്തെ സമൂഹം തിരിച്ചറിഞ്ഞു. അമിതമായ പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, അജിനാമോട്ടോ തുടങ്ങി ഭക്ഷണത്തിന് രുചിയും മണവും നിറവും നൽകുന്ന വർണവസ്തുക്കൾ, അമിതമായ കൊഴുപ്പ്, വ്യായാമക്കുറവ് എന്നിങ്ങനെ ജീവിതശൈലി സുത്യർഹമാക്കാൻ നാം കണ്ടുപിടിച്ച പലതും നമ്മുടെതന്നെ നാശത്തിന്റെ ചവിട്ടുപടികൾകൂടിയാണെന്ന തിരിച്ചറിവ് വൈകിയാണ് ഉണ്ടായത്.

പാവം കരൾ
ശരീരത്തിലെ ഏറ്റവും വലിയ ഭാഗമായി ഞെളിഞ്ഞിരിക്കുമ്പോഴും ഈ പാവം ചെയ്യുന്ന ജോലികൾ കഠിനമായവയാണ്. ശരീരത്തിനുള്ളിലെ നൂറോളം രാസപ്രക്രിയകൾ നടത്തുന്ന പ്രധാന അവയവം. മാംസ്യങ്ങളുടെ ഉൽപ്പാദനം, രക്തം കട്ടപിടിപ്പിക്കൽ, കൊളസ്ട്രോൾ, ട്രെഗ്ലിസിറയ്ഡ്സ് തുടങ്ങിയവയെ നിയന്ത്രിക്കൽ, ഗ്ലൈക്കോജൻ ഉൽപ്പാദനം, ദഹനത്തിനായി ബൈലിന്റെ ഉൽപ്പാദനം, ഇതുകൂടാതെ അമോണിയയിലെ വിഷകരമായ രാസവസ്തുക്കളെ നിർജ്ജീവമാക്കാൻ നാം കഴിക്കുന്ന മരുന്നുകളെ ശരീരത്തിന് ഉപയോഗപ്രദമായ രീതിയിൽ വിഘടിപ്പിച്ച് നൽകുക. പിന്നെ ചില ഹോർമോണുകളുടെ വിഘടനം, ഇതിനെല്ലാം പുറമെ നാം വലിച്ച് അകത്താക്കുന്ന മദ്യം, ഹാനികരമായ മറ്റു പാനീയങ്ങൾ എന്നിവയെയെല്ലാം വിഘടിപ്പിച്ച് മാറ്റൽ എന്നിവ കരൾ നിർവഹിക്കുന്നു. കരളിന് ജോലിഭാരം കുറയ്ക്കുന്നതിനു പകരം നമ്മുടെ ക്രമരഹിതമായ ഭക്ഷണരീതികൂടിയായപ്പോൾ തളർന്ന് അവശനായി ഇനി വയ്യാ എന്നുപറയുമ്പോൾ, രോഗത്തിന് വൈദ്യശാസ്ത്രം  വിളിക്കുന്ന ഓമനപ്പേരാണ് ലിവർ സിറോസിസ്. മദ്യപാനമാണ് കാരണമെങ്കിൽ ആൽക്കഹോളിക്ലിവർ സിറോസിസ്എന്നും വിളിപ്പേര്.

ഫാറ്റി ലിവറിൽ തുടങ്ങി പിന്നെ കരളിലെ കോശങ്ങൾ നശിച്ച് സ്കാർസ്രൂപംകൊള്ളുന്ന അവസ്ഥയാണ് ലിവർ സിറോസിസ്.കരളിന്റെ പ്രവർത്തനം മന്ദഗതിയിലാകുകയും ഞരമ്പുകളിൽ തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. രോഗത്തിന്റെ കാഠിന്യം അനുസരിച്ച് പ്ലീഹ വലുതാവുകയും പലപ്പോഴും അന്നനാളത്തിലെ ഞരമ്പുകൾ വീർത്തുപൊട്ടി രക്തം ഛർദിക്കുകയും ചെയ്യുന്നു.

നോൺ ആൽക്കഹോളിക് കരൾ രോഗം
മദ്യപാനമാണ് കരൾരോഗങ്ങളുടെ പ്രധാന കാരണമെങ്കിലും മദ്യപിക്കാത്തവരിലും ഇന്ന് കരൾവീക്കം കണ്ടുവരുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ. അതിനാൽതന്നെയാണ് ഇവയെ ഇന്ന് ജീവിതശൈലി രോഗത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്തുന്നതും.

അമിതവണ്ണം, ഡയബെറ്റിസ് തുടങ്ങിയവ കരൾരോഗങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. അമിതമായ ട്രെഗ്ലിസിറയ്ഡ്സിന്റെ അളവ്, ബ്ലഡ് ഷുഗർ കൂടുതലായി കാണുക, രക്തസമ്മർദം അധികമാകുക,കൂടാതെ കുടവയർ എന്നിവയെല്ലാം നോൺ ആൽക്കഹോളിക് കരൾരോഗങ്ങളിലേക്ക്നയിക്കുന്ന ഘടകങ്ങളാണ്.

പ്രത്യേകിച്ച് ഒരു ലക്ഷണങ്ങളും കാണിക്കാതെ ഇവ ചിലരിൽ അടിവയറിന്റെ ഇടത്തുഭാഗത്തുണ്ടാക്കുന്ന വേദനയുടെ രൂപത്തിലോ, ക്ഷീണം, തലകറക്കം തുടങ്ങിയ സാധാരണ ലക്ഷണങ്ങളോ, ഇതുകൂടാതെ കൈപ്പത്തികളിലെ ചുവന്നനിറത്തിന്റെ രൂപത്തിലോ, ത്വക്കിലും കണ്ണുകളിലും മഞ്ഞനിറത്തിന്റെ രൂപത്തിലോ ലക്ഷണങ്ങൾ കാണിക്കാം.

സ്വയം ചവറ്റുകൂടകളായി മിച്ചംവരുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷിക്കുന്നവർ, ഒരുപാട് സമയം ഇരുന്നുള്ള ജോലികൾ ചെയ്യുന്നവർ, ടിവി കാണുന്ന സമയം കൊറിക്കൽ ശീലമാക്കിയവർ, ദിവസേന ഹോട്ടൽഭക്ഷണം ശീലമാക്കിയവർ, അമിതവും വൈകിയും രാത്രിഭക്ഷണം ശീലമാക്കിയവർ, വ്യായാമം മറന്നവർ തുടങ്ങിയവർ ജാഗ്രത പുലർത്തേണ്ടതാണ്.

ഭക്ഷണത്തിലൂടെ കരളിന്റെ സംരക്ഷണം
സാധാരണയായി സിടി സ്കാനിൽഫാറ്റിലിവർ എന്ന അവസ്ഥ കണ്ടാൽ ചിലരെങ്കിലും ശ്രദ്ധിക്കാറുണ്ട്. പൊതുവേ അപ്പോൾ നാം ഭക്ഷണത്തിൽനിന്ന്മധുരം, റിഫൈൻഡ് കാർബ്, സാച്വറേറ്റഡ് ഫാറ്റ് എന്നിവ ഒഴിവാക്കി പഴവർഗങ്ങൾ, നാരടങ്ങിയ ധാന്യങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്താറുണ്ട്. കൂടാതെ കലോറിയും, കൊഴുപ്പും കുറച്ച് ഒരു ഡയറ്റ് ശീലമാക്കാറുണ്ട്. ഇതിനുപരിയായി എന്ത് കൂടുതൽ, എന്ത് ഒഴിവാക്കണം എന്നെല്ലാം നാം അറിയണം.

എന്തിന് പച്ചക്കറികൾ
ഇലക്കറികൾ, ബ്രസിലെ സ്പ്രൗട്ട്, കേലേ എന്നിങ്ങനെയുള്ള ധാരാളം നാരടങ്ങിയ പച്ചക്കറികൾ ഭാരത്തെ നിയന്ത്രിച്ചുനിർത്താൻ സഹായിക്കും. ഇവ കലോറി കുറഞ്ഞവയും എന്നാൽ ഇവയുടെ ദഹനത്തെ പൂർണമാക്കാൻ കൂടുതൽ ഊർജം ആവശ്യമായതിനാൽ അമിതമായ കൊഴുപ്പിനെ ഉപയോഗിക്കാതെ ശരീരത്തിന് വേറെ നിവർത്തിയില്ലാതെ ആകുന്നു. ഇതുകാരണം ഫാറ്റ് ബേൺ സാധ്യമാകും.

മീനിന്റെ ഗുണം
ചാള, മത്തി, അയല, ചൂര തുടങ്ങി ഒമേഗാ 3 ഫാറ്റി ആസിഡ് ധാരളം അടങിയ മത്സ്യവിഭവങ്ങൾ കരളിലെ കൊഴുപ്പിനെ നിയന്ത്രിച്ച് കരൾവീക്കം കുറയ്ക്കാൻ സഹായിക്കും.

മാംസ്യം
ഒരു വ്യക്തിക്ക് ഒരു ഗ്രാം/കി.ഗ്രാം ശരീരഭാരം എന്ന കണക്കിൽ മാംസ്യം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ നൽകിയാൽ സാച്വറേറ്റഡ് ഫാറ്റിനെ കുറച്ച് ശരീരഭാരത്തെ നിയന്ത്രിച്ചുനിർത്താൻ സഹായിക്കും. മീൻ, മുട്ട, ഇറച്ചി, പാൽ, പയറുപരിപ്പ് വർഗങ്ങൾ എന്നിവയെല്ലാം മാംസ്യത്തിന്റെ ശ്രോതസ്സുകളാണെങ്കിലും ഇവയിൽ കൊഴുപ്പുകുറഞ്ഞവ തെരഞ്ഞെടുക്കാം.

ജീവകങ്ങൾ
ജീവകം എ, ഇ, ഡി, സി, ബി, ബി1, ബി6, ബി9, ബി12 എന്നീ ജീവകങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ ശക്തിയുള്ള ആന്റി ഓക്സിഡന്റ് വിറ്റാമിനുകളാണ്. ഇവയുടെ ശ്രോതസ്സായ ഇലവർഗങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

അന്നജം ശ്രദ്ധയോടെ
അന്നജം അടങ്ങിയ മുഴുധാന്യങ്ങളിൽനിന്നും,അതായത് ഗോതമ്പ്, റാഗി, ഓട്സ് തുടങ്ങി നാരു കൂടുതലുള്ളവയിൽനിന്നുമായാൽ നന്ന്.

ആന്റി ഓക്സിഡന്റുകൾ
ബീറ്റ കരോട്ടിൻ, ഒമേഗ 5, വൈറ്റമിൻ ഇ, കെ തുടങ്ങി ആന്റി ഓക്സിഡന്റ്ധാരാളം അടങ്ങിയ റയിൻബോ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുകവഴി ശരീരത്തിലെ ഫ്രീ റാഡിക്കിൾസിനെ തടഞ്ഞ്ശരീരഭാരവും ഒപ്പം ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാനും ത്വക്ക്, കണ്ണ് തുടങ്ങിയവയുടെ ആരോഗ്യത്തിനും സഹായകമാകുന്നു.

ഭക്ഷണനിയന്ത്രണത്തോടൊപ്പം ജീവിതശൈലിയിൽ ചില മാറ്റങ്ങൾകൂടി വരുത്തിയാൽ കരൾരോഗം മാറിനിൽക്കും.  എപ്പോഴും കർമനിരതരാകുക,വ്യായാമം, യോഗ എന്നിവ ശീലമാക്കുന്നതും ഉചിതം.  കൊളസ്ട്രോൾ ലെവൽ എപ്പോഴും നിയന്ത്രിക്കാൻ ശ്രദ്ധിക്കുക, പ്രമേഹം നിയന്ത്രണവിധേയമാക്കുക, ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക, മദ്യപാനം, പുകവലി എന്നിവ നിയന്ത്രിക്കുക, രാത്രി വൈകിയുള്ള ഭക്ഷണവും ഉറക്കവും നിയന്ത്രിക്കുക.

(തിരുവനന്തപുരം ആറ്റുകാൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്്‌റ്റാണ്‌ ലേഖിക)
 

പ്രധാന വാർത്തകൾ
 Top