20 March Wednesday

‘മായാമഷി’ക്ക‌ു പകരം ‘കാണാമഷി’

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


ന്യൂഡൽഹി
വോട്ട‌് ചെയ്തതിന്റെ അഭിമാനത്തിൽ പ്രമുഖവ്യക്തികൾ മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടാറുണ്ട‌്. വൈകാതെ ഈ പ്രവണത അവസാനിക്കും. വോട്ടുചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന ‘മായാത്ത മഷി’ക്ക‌ു പകരം ‘കാണാത്ത മഷി’ തയ്യാറാക്കിയിരിക്കുന്നു.

മൈസൂർ പെയിന്റ‌്സിനായി ഡൽഹി ആസ്ഥാനമായുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി (എൻപിഎൽ)യാണ‌് പുരട്ടിക്കഴിഞ്ഞാൽ  നഗ്നനേത്രങ്ങൾകൊണ്ട‌് കാണാൻ കഴിയാത്ത തരത്തിലുള്ള മഷി നിർമിച്ചിരിക്കുന്നത‌്. ഒരു യൂറോപ്യൻ രാജ്യത്തിനുവേണ്ടിയാണ‌് മഷി നിർമിച്ചത‌്. ഇന്ത്യയിൽ വരുന്ന തെരഞ്ഞെടുപ്പിൽ ഈ രീതി ഉപയോഗിക്കില്ലെന്നും എൻപിഎൽ ഡയറക്ടർ ദിനേശ‌് അശ്വൽ പറഞ്ഞു.  

തീവ്രത കുറഞ്ഞ അൾട്രാ വയലറ്റ‌് രശ്മി കടത്തിവിടുമ്പോൾ ഓറഞ്ച‌് നിറത്തിൽ ജ്വലിക്കുന്നതൊഴിച്ചാൽ മഷി പുരട്ടിയതിന്റെ തെളിവുകളൊന്നും വിരലിൽ കാണാനാകില്ല. ജൈവ–-അജൈവ വസ്തുക്കൾകൊണ്ട‌് സുതാര്യമായ രീതിയിൽ നിർമിച്ച ദ്രാവകം ജീർണിക്കുന്നതാണ‌്. 48 മണിക്കൂറിനുള്ളിൽ കഴുകിക്കളയാനുമാകും. ഒന്നിൽ കൂടുതൽ തവണ വോട്ടുചെയ്യുന്നത‌് തടയാനാണ‌് മഷി പുരട്ടുന്ന രീതി ആവിഷ്കരിച്ചത‌്. മൈസൂർ പെയിന്റ്സ്‌ ആൻഡ‌് വാർണിഷ്‌ ലിമിറ്റഡ്‌ എന്ന പൊതുമേഖലാ സ്ഥാപനമാണ്‌ നിർമാതാക്കൾ.

തെരഞ്ഞെടുപ്പ്‌ കമീഷൻ, നാഷണൽ ഫിസിക്കൽ ലബോറട്ടറി, നാഷണൽ റിസർച്ച്‌ ഡെവലപ്മെന്റ്‌ സെന്റർ ന്യൂഡൽഹി എന്നിവയുടെ സഹകരണത്തോടെയാണ്‌ ഉൽപ്പാദനം. 1962 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മഷി വിതരണം ചെയ്യുന്നത്‌ ഈ കമ്പനിയാണ്‌. 1976 മുതൽ തുർക്കി, ദക്ഷിണാഫ്രിക്ക, നൈജീരിയ, നേപ്പാൾ, ഘാന തുടങ്ങി 28 വിദേശരാജ്യങ്ങളാണ്‌ കമ്പനിയിൽനിന്ന്‌ വോട്ടിങ്‌ മഷി വാങ്ങുന്നത്‌.


പ്രധാന വാർത്തകൾ
 Top