26 March Tuesday

ഡൽഹിയിലേക്ക‌് യുപി വഴി

എം പ്രശാന്ത‌്Updated: Friday Feb 22, 2019

ന്യൂഡൽഹി
ഇന്ത്യ ആരാണ‌് ഭരിക്കേണ്ടതെന്ന‌് തീരുമാനിക്കുന്നതിൽ ഉത്തർപ്രദേശിന‌് നിർണായക പങ്കാണുള്ളത‌്. ഡൽഹിയിലേക്കുള്ള പാത യുപിയിലൂടെയെന്ന‌് രാഷ്ട്രീയ ചൊല്ല‌്. 545 അംഗ ലോക‌്സഭയിൽ ഭൂരിപക്ഷം നിർണയിക്കുന്നതിൽ 80 സീറ്റുള്ള യുപിയിലെ വിധിയെഴുത്ത‌്  സുപ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി, കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേത്തി, യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ റായ‌്ബറേലി, ജവഹർലാൽ നെഹ‌്റുവിനെ ലോക‌്സഭയിലേക്ക‌് അയച്ച ഫൂൽപ്പുർ, എ ബി വാജ‌്പേയ‌ി പ്രതിനിധാനംചെയ‌്ത ലഖ‌്നൗ തുടങ്ങി ഒട്ടനവധി വിഐപി മണ്ഡലങ്ങളുടെ സാന്നിധ്യവും യുപിയെ ശ്രദ്ധേയമാക്കുന്നു.

അമേത്തിയിലും റായ‌്ബറേലിയിലും മാത്രമായി കോൺഗ്രസ‌്
എൺപതുകൾവരെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു യുപി. അടിയന്തരാവസ്ഥയ‌്ക്ക‌ുശേഷം 1977ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ‌് ഇക്കാലയളവിൽ കോൺഗ്രസിന‌് കാലിടറിയത‌്. ബൊഫോഴ‌്സ‌് അഴിമതി തെരഞ്ഞെടുപ്പ‌് വിഷയമായ 1989ൽ ജനതാദളും തുടർന്ന‌് തൊണ്ണൂറുകളിലെ തെരഞ്ഞെടുപ്പുകളിൽ അയോധ്യ അടക്കമുള്ള വർഗീയവിഷയങ്ങൾ ഉയർത്തി ബിജെപിയും യുപിയിൽ മുന്നിലെത്തി.  

1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ  85 സീറ്റിൽ 81ലും കോൺഗ്രസ‌് ജയിച്ചു. 1957ലും 70 സീറ്റോടെ കോൺഗ്രസ‌് ആധിപത്യം തുടർന്നു. 1962ൽ 62 ഉം 1967ൽ 47ഉം 1971ൽ 73ഉം സീറ്റു നേടി. 1977ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ജയിക്കാനാകാതെ കോൺഗ്രസ‌് തകർന്നടിഞ്ഞു. സംഘടനാ കോൺഗ്രസും ജനസംഘും സോഷ്യലിസ്റ്റ‌് പാർടിയും ലോക‌്ദളും ലയിച്ച‌് രൂപീകൃതമായ ജനതാപാർടി 85 സീറ്റും ജയിച്ച‌് കേന്ദ്രത്തിൽ അധികാരം പിടിച്ചു.

ജനതാ സർക്കാർ നിലംപൊത്തിയശേഷമുള്ള 1980ലെ തെരഞ്ഞെടുപ്പിൽ 51 സീറ്റ‌് നേടി കോൺഗ്രസ‌് തിരിച്ചുവന്നു. ലോക‌്ദൾ 29 സീറ്റോടെ പിടിച്ചുനിന്നു. ഇന്ദിരയുടെ മരണത്തെതുടർന്നുള്ള സഹതാപതരംഗത്തിൽ 1984ൽ 83 സീറ്റോടെ കോൺഗ്രസ‌് മേധാവിത്വം തിരിച്ചുപിടിച്ചു.  കേന്ദ്രം ആര‌് ഭരിക്കണമെന്ന‌് യുപി തീരുമാനിക്കുമെന്ന ചൊല്ല‌് 1989ലെ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു. വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുപിയിൽ 54 സീറ്റ‌് നേടി കേന്ദ്രഭരണം പിടിച്ചു. കോൺഗ്രസിന‌് കിട്ടിയത‌് 15 സീറ്റ‌്. ബിജെപി എട്ട‌് സീറ്റ‌് നേടി.

എൽ കെ അദ്വാനി രഥയാത്രയുമായി അയോധ്യാ വിഷയം സജീവമാക്കിയതോടെ യുപിയുടെ രാഷ്ട്രീയചിത്രം വീണ്ടും മാറി. 1991ലെ തെരഞ്ഞെടുപ്പിൽ ബിജെപി 51 സീറ്റിൽ ജയിച്ചു. ജനതാദൾ 22 സീറ്റ‌് നേടിയപ്പോൾ കോൺഗ്രസ‌് അഞ്ച‌് സീറ്റിലേക്ക‌് ഒതുങ്ങി. 1996ൽ 52ഉം 1998ൽ 58ഉം സീറ്റ‌് നേടി യുപിയിൽ ബിജെപി ആധിപത്യം തുടർന്നു. ഈ രണ്ട‌് തെരഞ്ഞെടുപ്പുകളിൽ എസ‌്പി യഥാക്രമം 16ഉം 19ഉം സീറ്റ‌് നേടി.

1999ൽ യുപിയിൽ ആർക്കും ആധിപത്യമുണ്ടായില്ല. ബിജെപി 29 സീറ്റ‌് നേടിയപ്പോൾ എസ‌്പി 26ഉം ബിഎസ‌്പി 14 ഉം കോൺഗ്രസ‌് 10ഉം സീറ്റിൽ ജയിച്ചു. ഒന്നാം യുപിഎ സർക്കാർ അധികാരത്തിലെത്തിയ 2004ലെ തെരഞ്ഞെടുപ്പിൽ 30 സീറ്റോടെ എസ‌്പി ഒന്നാമതെത്തി. ബിഎസ‌്പി 19ഉം ബിജെപി 10ഉം കോൺഗ്രസ‌് ഒമ്പതും സീറ്റിൽ ജയിച്ചു. 2009ൽ രണ്ടാം യുപിഎ സർക്കാർ രൂപീകരിക്കുന്നതിൽ യുപിയിലെ ഫലം കോൺഗ്രസിന‌് സഹായകമായി. 21 സീറ്റ‌് നേടി ഒരു താൽക്കാലിക തിരിച്ചുവരവ‌് കോൺഗ്രസ‌് നടത്തി. എസ‌്പി 29ഉം ബിഎസ‌്പി 20ഉം സീറ്റ‌് നേടിയപ്പോൾ ബിജെപി 10 സീറ്റിൽ ഒതുങ്ങി.

2014ലെ തെരഞ്ഞെടുപ്പിൽ മോഡിയുടെ പ്രലോഭന വാഗ‌്ദാനങ്ങളിൽ കുടുങ്ങിയ യുപി 71 സീറ്റ‌് ബിജെപിക്ക‌് നൽകി. എൻഡിഎക്ക‌് ആകെ 73 സീറ്റ‌് ലഭിച്ചപ്പോൾ എസ‌്പി അഞ്ച‌് സീറ്റിൽ ജയിച്ചു. അമേത്തിയിലും റായ‌്ബറേലിയിലും മാത്രമായി കോൺഗ്രസ‌് ഒതുങ്ങി.

വഴിത്തിരിവാകാൻ എസ‌്പി–-ബിഎസ‌്പി സഖ്യം
എസ‌്പിയും ബിഎസ‌്പിയും ചേർന്നുള്ള സഖ്യം യുപി രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവാകുകയാണ‌്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ‌്പി–-കോൺഗ്രസ‌് സഖ്യത്തെ തകർത്ത‌് അധികാരം പിടിച്ച ബിജെപി 2019ലും വൻ കുതിപ്പ‌് നടത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, കോൺഗ്രസിനെ ഒഴിവാക്കി എസ‌്പിയും ബിഎസ‌്പിയും സഖ്യം പ്രഖ്യാപിച്ചതോടെ ബിജെപി അങ്കലാപ്പിലാണ‌്.

യുപിയിൽ 50 സീറ്റെങ്കിലും ബിജെപിക്ക‌് നഷ്ടമാകുമെന്നാണ‌് വിലയിരുത്തൽ. മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ മണ്ഡലമായ ഗൊരഖ‌്പ്പുരിലടക്കം ഉപതെരഞ്ഞെടുപ്പകളിലേറ്റ തോൽവി ബിജെപിയെ അസ്വസ്ഥമാക്കുന്നു.

എസ‌്പിയും ബിഎസ‌്പിയും സഖ്യം പ്രഖ്യാപിച്ചതോടെ കോൺഗ്രസ‌് ഒറ്റപ്പെട്ടു. പ്രിയങ്കയുടെ വരവ‌് അണികളിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും സംഘടനാപരമായി തീർത്തും ദുർബലപ്പെട്ട സാഹചര്യത്തിൽ യുപിയിൽ ഒരു തിരിച്ചുവരവ‌് കോൺഗ്രസിന‌് വിദൂരമാണ‌്. മറുവശത്ത‌് പിന്നോക്ക–-ദളിത‌്–-ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉറപ്പിച്ചാണ‌് എസ‌്പി–- ബിഎസ‌്പി സഖ്യത്തിന്റെ മുന്നേറ്റം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top