17 May Tuesday

സുരക്ഷാ നാടകവും വെറുപ്പിന്റെ ആഘോഷവും (തെരഞ്ഞെടുപ്പിന്റെ തിരശ്ശീല ബിജെപി ഉയര്‍ത്തുമ്പോഴുള്ള ചാനല്‍ ബീജീയെം )

ശ്രീജിത്ത് ദിവാകരന്‍Updated: Saturday Jan 22, 2022

കർഷകരുടെ പ്രതിഷേധത്തെ തുടർന്ന്‌ പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പാലത്തിൽ കുടുങ്ങിയപ്പോൾ

2021 ഡിസംബറിന്റെ അവസാന ആഴ്ചകളിലും 2022 ജനുവരിയുടെ ആദ്യ ആഴ്ചകളിലെയും ഇന്ത്യയിലെ വാര്‍ത്തകളുടെ എല്ലാം കേന്ദ്രസ്ഥാനം തീര്‍ച്ചയായും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ചേറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി പത്ത് മുതല്‍ ഏഴ് ഘട്ടമുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കുകയും മാര്‍ച്ച് പത്തിന് ഫലം പുറത്തുവരികയും ചെയ്യും.

പുതുവര്‍ഷാരംഭത്തില്‍ സാധാരണ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നമ്മുടെ താൽപ്പര്യമേഖലയില്‍ എന്ത് സംഭവിച്ചുവെന്ന് വിലയിരുത്തലുണ്ടാകും. ദൃശമാധ്യമരംഗത്ത് കഴിഞ്ഞ അഞ്ചോ ആറോ പുതുവര്‍ഷങ്ങളില്‍ അങ്ങനെ പ്രത്യേകിച്ച് വിലയിരുത്തലൊന്നും ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഉണ്ടാകാറില്ല. രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയങ്ങള്‍ ധാരാളമായി ഇല്ല എന്നല്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ പലതും സമാന്തരമാധ്യമങ്ങള്‍ വഴിയും ഓൺലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വഴിയും പുറത്തുവരികയും ചെയ്യുന്നുണ്ട്. പക്ഷേ, മിക്കവാറും ദൃശ്യമാധ്യമങ്ങള്‍ അവരവരെത്തന്നെ വിലയിരുത്തുന്നത് കേന്ദ്രഭരണകൂടത്തിന് തങ്ങളിപ്പോള്‍ എത്രമാത്രം സമ്മതരാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതിനുവേണ്ടി ചമച്ച വാര്‍ത്തകള്‍, അതിനുവേണ്ടി കെട്ടിയുയര്‍ത്തിയ പുകമറകള്‍, അതിനുവേണ്ടി പണിതുയര്‍ത്തിയ നുണക്കഥകള്‍, അതിനുവേണ്ടി കൂട്ടായി മറച്ചുവച്ച കൊള്ളകളും ചതികളും ദുഷ്ടതകളും. ഈ സർവസന്നാഹങ്ങള്‍ക്കും നുണക്കഥകള്‍ക്കും ഇടയിലൂടെയും പലപ്പോഴും നല്ല ജേണലിസം വഴുതി പുറത്തിറങ്ങി ഇരുളില്‍ വിളക്കുപിടിച്ചിട്ടുണ്ട്. മറച്ചുവെച്ച പലതും ലോകം തിരിച്ചറിയുന്നുണ്ട്. അങ്ങനെയാണ് ആറുവര്‍ഷത്തിനിടയില്‍, മുഖധാരാ മാധ്യമങ്ങളുടെ, വ്യാജങ്ങളെ അതിജീവിച്ച്, ഭരണകൂടത്തിനെതിരായ ഒരു വലിയ ജനകീയ പ്രക്ഷോഭം വിജയം കണ്ടത്. മഹാമാരിയില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത 2021 പക്ഷേ, ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ അടയാളപ്പെടുത്തുക ഈ സമരത്തിന്റെ പേരിലാകും. ഭരണകൂടത്തിനൊപ്പം മുഖ്യധാരാ മാധ്യമങ്ങളുടെ അജണ്ടകളെയും തോല്‍പ്പിച്ച പ്രക്ഷോഭത്തിന്റെ വര്‍ഷമായി.
സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ യാദവ്‌  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ

സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ യാദവ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ

2021 ഡിസംബറിന്റെ അവസാന ആഴ്‌ചകളിലും 2022 ജനവരിയുടെ ആദ്യ ആഴ്‌ചകളിലേയും ഇന്ത്യയിലെ വാര്‍ത്തകളുടെ എല്ലാം കേന്ദ്രസ്ഥാനം തീര്‍ച്ചയായും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ചേറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി പത്ത് മുതല്‍ ഏഴ് ഘട്ടമുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കുകയും മാര്‍ച്ച് പത്തിന് ഫലം പുറത്തുവരികയും ചെയ്യും. ഉത്തര്‍പ്രദേശ് വീണ്ടും കരസ്ഥമാക്കുക എന്ന അജണ്ടയുമായി ദീര്‍ഘകാലമായി പല പദ്ധതികളും നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതീവ നിര്‍ണായകവും അഭിമാനപ്രശ്‌നവുമാണ്. തെരഞ്ഞെടുപ്പ് തീയതികള്‍ കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ കഴിഞ്ഞ ആഴ്‌ചകളില്‍ രാജ്യത്തേറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് വാര്‍ത്തകളില്‍ ഈ പ്രതിസന്ധി പ്രതിഫലിച്ചു. പഞ്ചാബില്‍ സുരക്ഷാവീഴ്‌ചയെന്ന് പറഞ്ഞ് പ്രതിസിന്ധികളും വാര്‍ത്തകളും ധാരാളം സൃഷ്ടിച്ചുകൊണ്ട് പതിവ് നാടകീയതകളുമായി പ്രധാനമന്ത്രി പര്യടനം റദ്ദാക്കി തിരികെ പോയതും ഹരിദ്വാറില്‍ ഹൈന്ദവ ഭീകരവാദികളായ ഏതാനും സന്യാസികള്‍ വീണ്ടും പരസ്യമായ വിദ്വേഷ പ്രഖ്യാപനങ്ങള്‍ നടത്തിയതും. ബിജെപി തെരഞ്ഞെടുപ്പിന്റെ തിരശ്ശീല ഉയര്‍ത്തിക്കൊണ്ട് നടത്തിയ ഈ നാടകത്തിനും വെറുപ്പിന്റെ ആക്രോശത്തിനും ചാനലുകള്‍ പക്ഷേ, അവരാഗ്രഹിക്കുന്ന വിധത്തിലുള്ള ബീജീയെം അഥവാ പശ്ചാത്തല സംഗീതം തന്നെ നല്‍കി.

പഞ്ചാബ് വാര്‍ത്ത ദേശീയ വാര്‍ത്താഏജന്‍സികളും മാധ്യമങ്ങളും കാര്യമായി തന്നെയാണ് ആഘോഷിച്ചത്. പഞ്ചാബ് സര്‍ക്കാരിനെതിരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ ആക്രോശം, പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായി എന്ന കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍, ‘പഞ്ചാബ് മുഖമന്ത്രിക്ക് നന്ദി, ഞാന്‍ വിമാനത്താവളത്തില്‍ ജീവനോടെ തിരികെയെത്തി' എന്ന പ്രധാനമന്ത്രിയുടെ മുള്ളുവാക്ക് എന്നിവ കാര്യങ്ങളെ കൂടുതല്‍ ഊർജിതമാക്കി. കേന്ദ്ര കാബിനറ്റ് മന്ത്രി ഗിരിരാജ് സിങ്‌ പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചു. ഡല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി തന്റെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തില്‍ സുരക്ഷാ വീഴ്‌ചയുണ്ടായി എന്ന് രാഷ്്്ട്രപതിയെ ധരിപ്പിച്ചു. പഞ്ചാബ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള വിരോധം, വഴിയില്‍ പ്രക്ഷോഭം നടത്തിയിരുന്ന കര്‍ഷകരോടുള്ള വിരോധം എന്നിവ ഒറ്റയടിക്ക് പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് മാധ്യമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും ഒരു പോലെ ലഭിച്ചത്. ചാനലുകളില്‍ ഇരുപത്തിനാല് മണിക്കൂറിന് മുകളില്‍ ഈ വാര്‍ത്ത നിറഞ്ഞു നിന്നു. കേരളത്തിലടക്കം ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച നടത്തി, അച്ചടി മാധ്യമങ്ങള്‍ അച്ച് നിരത്തി. പ്രധാനവാര്‍ത്തയായി ‘പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ യാത്രയിലെ സുരക്ഷാവീഴ്‌ച'. കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി/ ആര്‍എസ്എസ് മാധ്യമസംഘത്തിന്റെയും അജണ്ട നിർവഹിക്കപ്പെട്ടു.

എന്നാല്‍ അധികം വൈകാതെ ഇക്കണ്ട കോലാഹലം ഒന്നും കാണിക്കേണ്ട ഒരു കാര്യവും ഇല്ലാത്ത വിഷമാണിതെന്ന് വിവിധ ഓൺലൈന്‍ പ്രസിദ്ധീകരണങ്ങളും സമാന്തര മാധ്യമങ്ങളും വിശദീകരണങ്ങള്‍ നല്‍കി. പഞ്ചാബിലെ ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ദേശീയ രക്തസാക്ഷി സ്മാരകമായ ഹുസൈനിവാലയിലേക്ക്‌ ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി പോകും എന്നുള്ളതായിരുന്നു നേരത്തേയുള്ള പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥ കാരണം ഉടനടി റോഡ് മാർഗം ഹുസൈനി വാലയ്‌ക്ക്‌ പോവുക എന്ന് തീരുമാനം വന്നു. ഈ തീരുമാനം പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യഥാസമയം സംസ്ഥാന പോലീസിനെ അറിച്ചുവോ എന്നത് മാത്രമാണ് ചോദ്യം. ഭട്ടിന്‍ഡയില്‍ നിന്ന് ഫിറോസ്‌പൂരിലേക്കുള്ള ദേശീയ പാതയില്‍ ഫിറോസ്‌പൂര്‍ നഗരത്തിന് തൊട്ടുമുമ്പായി, ഹുസൈനിവാലയില്‍ നിന്ന് ഇരുപത്തിയഞ്ചോളം കിലോമീറ്റര്‍ ദൂരെ കര്‍ഷകരുടെ പ്രക്ഷോഭം മൂലം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയില്‍ കുടുങ്ങി എന്നാണ് ആരോപണം.

എന്നാല്‍ ബിജെപിയും പ്രധാനമന്ത്രിയും സ്വന്തം കാബിനറ്റ് മന്ത്രിമാരും ആരോപിക്കുന്നത് പോലെ വധശ്രമമോ അക്രമശ്രമമോ ഒന്നുമല്ലാത്ത സുരക്ഷാ വീഴ്‌ച മാത്രമാണത് എന്നുള്ളതാണ് സംഭവസ്ഥലത്തുനിന്നുള്ള അമച്വര്‍ വീഡിയോകളും ഫോട്ടോകളും ദൃക്‌സാക്ഷി വിവരങ്ങളും മറ്റ് വാര്‍ത്താസ്രോതസുകളുടെയും സഹായത്തോടെ ഈ മാധ്യമങ്ങള്‍ വിശദീകരിക്കുന്നു. പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകുന്ന പാതകള്‍ ‘ശുചിയാക്കുക' എന്നുള്ളത് സംസ്ഥാന പൊലീസിന്റെ ദൗത്യമാണ്. ഇതാകട്ടെ കാലാകാലങ്ങളിലായുള്ള ശീലവും. പക്ഷേ, സുരക്ഷാ ചുമതലയുള്ള എസ്‌പിജിയുടെ കൃത്യമായ നിർദേശം അവര്‍ക്ക് ലഭിച്ചിരിക്കണം. അത് ലഭിച്ചിട്ടുണ്ടോ എന്നുള്ളത് മാത്രമാണ് ചോദ്യം.

ഈയവസരത്തിലാണ് പഞ്ചാബില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ വളരെ കുറവ് പങ്കാളിത്തം മാത്രമാണ് ഉള്ളതെന്നും ഈ ശുഷ്‌കപങ്കാളിത്തം കണ്ട് നിരാശരായ പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നാടകം മാത്രമാണ് ഈ സുരക്ഷാവീഴ്‌ച ആരോപണം എന്നുള്ളതുമാണ് മറുവശം. ഈ മറുവശങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ എത്രമാത്രം ചര്‍ച്ച ചെയ്യുന്നുണ്ട് എന്നുള്ളതാണ് പ്രധാനം. വാര്‍ത്തകളുടെ കോലാഹലങ്ങള്‍ക്കൊപ്പം ശബ്ദമുയര്‍ത്തുക എന്നുള്ളതല്ല, ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുടെ ചുമതല, കോലാഹലങ്ങള്‍ക്ക് ശേഷം വാര്‍ത്തയിലെ വാസ്തവമെന്തായിരുന്നുവെന്ന് ഫോളോഅപ് ചെയ്യുക എന്നതാണ്. അത് ദേശീയ തലത്തില്‍ നിർവഹിച്ചത് ഓൺലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ്. കേരളത്തിലും അങ്ങനെ തന്നെയായിരുന്നു.

**********

2017ല്‍ ഉത്തര്‍പ്രദേശ് ഭരണം ബിജെപി പിടിച്ചെടുത്തപ്പോള്‍ യോഗി ആദിത്യനാഥ് എന്ന അജയ് ബിഷ്ടിന് സംഘപരിവാര്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് വെറുതെയല്ല. ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാന്‍ ബിജെപിയെ സഹായിച്ച നിരന്തര ഹിന്ദുമുസ്ലിം വർഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് 2007ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ്, 2007 ജനവരിയില്‍. പടിഞ്ഞാറന്‍ യുപിയില്‍ ഒരു മുഹറം റാലിക്കിടയില്‍ ചില ബൈക്കുകള്‍ പാഞ്ഞു കയറിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരു ഹിന്ദു യുവാവിന് പരിക്കേല്‍ക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തതായിരുന്നു ഈ ആക്രമണങ്ങളുടെ ആരംഭം. ഗൊരഖ്പൂരിലായിരുന്നു ഹിന്ദു യുവ വാഹിനി എന്നറിയപ്പെടുന്ന സംഘപരിവാര്‍ സംഘടന ഇതിനോടുള്ള പ്രതികരണം ആരംഭിച്ചത്. അന്ന് യുവവാഹിനിയുടെ ആക്രമണങ്ങള്‍ക്ക് പ്രേരകമായ വെറുപ്പിന്റെ പ്രചരണം ആരംഭിച്ചത് അന്നത്തെ ഗൊരഖ്പൂര്‍ എംപി യോഗി ആദിത്യനാഥും.

യോഗി ആദിത്യനാഥ്‌

യോഗി ആദിത്യനാഥ്‌

2007 ജനവരി 27ന് ഗൊരഖ്പൂര്‍ പട്ടണത്തില്‍ മഹാറാണാപ്രതാപ് പ്രതിമയ്‌ക്ക്‌ മുന്നില്‍ നടന്ന ഹിന്ദുയുവവാഹിനിയുടെ റാലിയെ അഭിസംബോധന ചെയ്ത് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു: ‘ഇനിയൊരു ഹിന്ദുവിന്റെ ചോര ചീന്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊന്നും ഞങ്ങള്‍ നില്‍ക്കില്ല. ഒന്നിന് പത്തെന്ന വിധത്തില്‍ കൊന്നൊടുക്കും'. ആ പ്രസംഗം തീരുന്നതിനുമുമ്പ് പരിസരത്തുള്ള ഒരു മുസ്ലിമിന്റെ കട തല്ലിത്തകര്‍ത്ത് യുവവാഹിനി പ്രവര്‍ത്തകര്‍ കൊള്ളയടിച്ചു. അവിടെ നിന്ന് ഖൊരക്പൂര്‍ മുഴുവന്‍ കലാപം ആളിക്കത്തി. പിറ്റേന്ന് ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിച്ച് യുവവാഹിനി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് രണ്ടായി പിളര്‍ന്നു. ഹിന്ദുതീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കാത്ത മുലായം സിങ്‌ സര്‍ക്കാരിനെതിരെയുള്ള ക്ഷോഭം മായാവതിക്കാണ് ഗുണം ചെയ്തതത്.

അത് ആരംഭമായിരുന്നു. തികച്ചും ആസൂത്രിതവും ശ്രമകരവുമായി അവിടെ നിന്ന് ആദിത്യനാഥും കൂട്ടരും നടത്തിയ മുസ്ലിം വിരുദ്ധ കലാപങ്ങള്‍ 2017ല്‍ മുസ്ലിം വോട്ടുകളെ മൂന്നും നാലും വഴികളില്‍ ചിതറിപ്പിക്കുകയും ഹിന്ദുവോട്ടുകളെ ബിജെപിയുടെ താമരത്തണലില്‍ എത്തിക്കുകയും ചെയ്തു. ആദിത്യനാഥ് മുഖ്യമന്ത്രിയായി. ഇന്നിപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ഇതേ ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്നു. ആദിത്യനാഥ് അഥവാ അജയ്‌ ബിഷ്ടിന്റെ ജന്മദേശമായ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഇത്തവണ വെറുപ്പിന്റെ ആഘോഷം നടന്നത്.

നിസ്സാരമല്ലായിരുന്നു ഈ വെറുപ്പിന്റെ ആഘോഷം. അതിന് കൃത്യമായും പതിനഞ്ച് വര്‍ഷം മുമ്പ് യോഗി ആദിത്യനാഥ് നടത്തിയ വൾഗീയ പ്രചാരണങ്ങളുടെ സ്വഭാവവും രീതിയും ഉണ്ടായിരുന്നു. ഡല്‍ഹിക്കടുത്ത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ദസ്‌ന ദേവി ക്ഷേത്രത്തിലെ പൂജാരിയായ യതി നരസിംഹാനന്ദ് എന്നറിയപ്പെടുന്ന ഹൈന്ദവ തീവ്രവാദിയുടെ നേതൃത്വത്തിലാണ് ഹരിദ്വാറിലെ ഈ സമ്മേളനം വിളിച്ചുചേർത്തത്്. രണ്ടുവര്‍ഷം മുമ്പ് രാജ്യത്തെ മുസ്ലിങ്ങളെ മുഴുവന്‍ ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്ത് ഇയാള്‍ തന്നെ ഇത്തരത്തില്‍ ഒരു സമ്മേളനം വിളിച്ചുചേര്‍ക്കുമ്പോള്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ലേ, ഭീകരവാദ പ്രചരണം നടക്കുന്നതിനെക്കുറിച്ചുള്ള അറിവുകള്‍ ബിജെപി ഭരിക്കുന്ന ഇരുസംസ്ഥാനങ്ങള്‍ക്കും ലഭിച്ചിരുന്നില്ലേ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തണം എന്ന് രാജ്യത്തെ ഒരു മുഖ്യധാരാ മാധ്യമത്തിനും തോന്നിയില്ല.

എന്നാല്‍ ഇൗ സമ്മേളനത്തില്‍ പങ്കെടുത്ത പട്‌നയില്‍ നിന്നുള്ള ധര്‍മ്മദാസ് മഹാരാജ് എന്നയാള്‍ പരസ്യമായി പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താന്‍ എംപിയായിരുന്നെങ്കില്‍, കയ്യില്‍ ഒരു തോക്കുണ്ടായിരുന്നെങ്കില്‍ നാഥുറാം ഗോഡ്‌സെയായി മാറുമായിരുന്നു എന്നായിരുന്നു അയാളുടെ പ്രസംഗം. നാഥുറാം ഗോഡ്‌സെയോടുള്ള ഭക്തി, ഗാന്ധിജിയെ കൊലപ്പെടുത്തിയതിനോടുള്ള വീരാരാധന എന്നിവ വ്യക്തമാക്കിയ അയാള്‍ പറഞ്ഞത്

ആയുധങ്ങളുമായി സംഘപരിവാർ പ്രവർത്തകരുടെ റാലി

ആയുധങ്ങളുമായി സംഘപരിവാർ പ്രവർത്തകരുടെ റാലി

‘തോക്കുണ്ടായിരുന്നുവെങ്കില്‍ നാഥുറാം ഗോഡ്‌സെയെ പോലെ ആറുവെടിയുണ്ടകള്‍ പാർലമെന്റിന്റെ ഉള്ളില്‍ നിന്നുതന്നെ ഉതിര്‍ക്കുമായിരുന്നു' എന്നാണ്. ആര്‍ക്കെതിരെ? ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ. ഇന്ത്യയോട് യുദ്ധം ചെയ്യുന്ന ഒരു ഭീകരവാദി പോലും ഇന്ത്യന്‍ ജനാധിപത്യത്തിനും പരമാധികാരത്തിനും എതിരെ ഇങ്ങനെ ഒരു വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. മുന്‍പ്രധാനമന്ത്രിയെ പാർലമെന്റിന്റെ അകത്തുവച്ച് കൊലപ്പെടുത്തുമായിരുന്നു എന്നുള്ള വെല്ലുവിളി പക്ഷേ, ഒരു ഹൈന്ദവ തീവ്രവാദി നടത്തിയതുകൊണ്ട് ഇന്ത്യന്‍ മാധ്യമങ്ങളെ നടുക്കിയില്ല. എൽടിഇ നേതാവ് പ്രഭാകരനെപ്പോലെയോ ഖാലിസ്ഥാന്‍ നേതാവ് ഭിന്ദ്രൻ വാലയെ പോലെയോ ഭീകരവാദിയായി മാറുന്ന ഹിന്ദു യുവാക്കള്‍ക്ക് നരസിംഹാനന്ദ് ഒാരോ കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. മുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിനുള്ള സമ്മാനമായിരുന്നു അത്. ഹരിദ്വാറില്‍ ക്രിസ്‌മസ് ആഘോഷിക്കാന്‍ മുതിര്‍ന്നാല്‍ ക്രിസ്ത്യാനികളെ ഇല്ലാതാക്കുമെന്ന് മറ്റൊരാള്‍ പ്രഖ്യാപിച്ചു.

ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചതിന് യുഎപിഎ ചാര്‍ത്തപ്പെട്ട് ധാരാളം പേര്‍ മാസങ്ങളോളമായി അനശ്ചിതമായി ജയിലില്‍ കഴിയുന്ന ഈ നാട്ടില്‍ ഈ പ്രാസംഗികര്‍ക്കാര്‍ക്കുമെതിരെ യുഎപിഎ ചാര്‍ത്തപ്പെട്ടിട്ടില്ല. ഡിസംബര്‍ പതിനേഴിന് നടന്ന ഈ സംഭവത്തില്‍ ഈ ലേഖനം എഴുതുന്നതുവരെ ഒരു അറസ്റ്റും നടന്നിട്ടില്ല. പക്ഷേ, കേരളത്തിലെയും ദേശീയ തലത്തിലെയും എത്ര മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടോ? രാജ്യത്തിനും മതേതരത്വത്തിനും പരമാധികാരത്തിനും നേരെയുള്ള ഈ ആഭ്യന്തര ഭീഷണിയെ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ?

*************

ഈ കാലയളില്‍ ദേശീയ സംഭവവികാസങ്ങളോട് ഏറ്റവും മുഖം തിരിഞ്ഞ സമീപനം ഏഷ്യാനെറ്റിന്റേതു തന്നെയാണ്. അവരുടെ സംഘപരിവാര്‍ പ്രീണന താൽപ്പര്യം സുവ്യക്തവും സുദൃഢവുമായി തുടര്‍ന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ പോലും കെ റെയില്‍ പ്രശ്‌നം പത്താമത്തേയോ പതിനഞ്ചാമത്തേയോ തവണ വീണ്ടും ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചകളിലൊന്നും പങ്കെടുക്കുന്നവരോ അവരുടെ നിലപാടുകളോ അവതാരകയുടെ/ അവതാരകന്റെ അഥവാ മാധ്യമസ്ഥാപനത്തിന്റേയോ നിലപാടോ മാറുന്നില്ല. ഇടതുപക്ഷം അതേ കാരണങ്ങളാല്‍ അനുകൂലിക്കുന്നു. മറ്റുള്ളവരെല്ലാം ഏകസ്വരത്തില്‍ എതിര്‍ക്കുന്നു. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സമാനമായ പദ്ധതിയില്‍ യുഡിഎഫിന്റെ നേതാക്കള്‍ അവരുടെ ഭരണകാലത്ത് കൈക്കൊണ്ടിട്ടുള്ള നിലപാടുകള്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും ഈ നിലപാട് മാറ്റത്തിന്റെ കാരണമെന്താണ് എന്നുപോലും ചോദിക്കാന്‍ പലപ്പോഴും മാധ്യമങ്ങള്‍ തയ്യാറാകില്ല. പലകുറി ആവര്‍ത്തിച്ച ഇതേ ശബ്ദഘോഷങ്ങള്‍ അതേ താളത്തില്‍ ഇവിടെ തുടരും.

ഇത് നമ്മള്‍ ശബരിമല വിഷയത്തില്‍ കണ്ടിട്ടുണ്ട്. മറ്റനേകം വിഷയങ്ങളില്‍ കണ്ടിട്ടുണ്ട്. മാസങ്ങളോളം സ്വർണക്കള്ളക്കടത്ത് എന്ന പേരില്‍ ചര്‍ച്ചയും വിചാരണയും നടത്തി കുറ്റവാളിയെന്നും രാജ്യദ്രോഹിയെന്നും മാധ്യമജഡ്ജിമാര്‍ വിധിച്ച എം ശിവശങ്കർ എന്ന സിവില്‍ സർവന്റ് ഇവര്‍ അടുത്ത ചര്‍ച്ചാപരമ്പരകള്‍ നടത്തുന്ന സമയത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്. ഇവര്‍ വിധിച്ചും ആക്രോശിച്ചും ആക്രമിച്ചും നശിപ്പിച്ച കാലമോ സൽപ്പേരോ മനസ്സമാധാനമോ ആരോഗ്യമോ ആത്മവിശ്വാസമോ തിരികെ നല്‍കാനാവുമോ? ഇല്ല. എങ്കില്‍ ശിവശങ്കർ നിന്നതും ചിരിച്ചതും കാറില്‍ കയറിയതും വീട്ടില്‍ നിന്നിറങ്ങിയതും പുസ്തകം വായിച്ചതും എല്ലാം ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ക്ക് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബാധ്യതയില്ലേ? ആരെങ്കിലും അതിന് മെനക്കെട്ടുവോ?

സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം ജേണലിസ്റ്റുകളെ തേടിയെത്തിയ വര്‍ഷം കൂടിയാണ് കഴിഞ്ഞുപോയത്. അക്കാലത്താണ് ഈ രാജ്യം മുഖ്യധാരാ മാധ്യമങ്ങളെ ഇത്രയും അവിശ്വാസത്തോടെ, ഇത്രയും അകല്‍ച്ചയോടെ കാണുന്നത് എന്നതാണ് വിരോധാഭാസം. 

സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം ജേണലിസ്റ്റുകളെ തേടിയെത്തിയ വര്‍ഷം കൂടിയാണ് കഴിഞ്ഞുപോയത്. അക്കാലത്താണ് ഈ രാജ്യം മുഖ്യധാരാ മാധ്യമങ്ങളെ ഇത്രയും അവിശ്വാസത്തോടെ, ഇത്രയും അകല്‍ച്ചയോടെ കാണുന്നത് എന്നതാണ് വിരോധാഭാസം. പക്ഷേ, തീര്‍ച്ചയായും അതിന് കാരണമുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹരായ ജേണലിസ്റ്റുകളും ഏകാധിപതികളായ ഭരണാധികാരികളേയും ആഗോള കുത്തകകളേയും ഫാസിസ്റ്റുകളേയും ആയുധ, മയക്കുമരുന്ന് കള്ളക്കടത്തുകാരെയും ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളേയും നേരിടുന്ന അതേ ഗൗരവത്തോടെ, അതേ തീക്ഷ്‌ണതയോടെ മുഖ്യധാരയിലുള്ള മാധ്യമവ്യവസായികളേയും നേരിട്ടിട്ടുണ്ട്. അവര്‍ സൃഷ്ടിക്കുന്ന കള്ളക്കഥകളുടെ മുഖ്യധാരാ ജേണലിസ്റ്റ് മായാലോകം കൂടി കടന്നുവേണം യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തിന് മുന്നോട്ടുപോകാന്‍.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top