04 December Friday

ഹോ..! അതൊരുകാലം കോഴക്കാലം ; യുഡിഎഫിന്റെ സുവർണകാലം

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

തിരുവനന്തപുരം
മന്ത്രിമാർക്ക്‌ കോടികൾ ഓഫീസിലും വീട്ടിലും കൊണ്ടുപോയി കൊടുത്തു എന്ന്‌ കേട്ടപ്പോൾ ഞെട്ടിയോ? ഇല്ലല്ലെ! അതായിരുന്നു യുഡിഎഫിന്റെ സുവർണകാലം; മുഖ്യമന്ത്രി ഉൾപ്പെടെ  എട്ട്‌  മന്ത്രിമാർ. രണ്ട്‌ എംഎൽഎമാർ; എവിടെ തിരിഞ്ഞുനോക്കിയാലും അഴിമതി. വലിപ്പച്ചെറുപ്പമില്ലാത്ത തട്ടിപ്പുകൾ.  കഴിഞ്ഞ യുഡിഎഫ്‌ കാലത്തെ ഭരണം അത്ര പെട്ടന്ന്‌ കേരളം മറക്കാൻ കഴിയുന്നതല്ല. ഇതിൽ അന്താരാഷ്‌ട്ര ബന്ധമുള്ള അഴിമതികൾ വരെയുണ്ട്‌.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി,  അനൂപ്‌ ജേക്കബ്‌, അടൂർ  പ്രകാശ്‌, വി എസ്‌ ശിവകുമാർ, കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  എന്നിവരാണ്‌ കേസിൽ പ്രതികളായ യുഡിഎഫ്‌ മന്ത്രിമാർ. ഇതിനു പുറമെ എംഎൽഎമാരായ വി ഡി സതീശൻ, പി ടി തോമസ്‌ എന്നിവർക്കെതിരെയും  പരാതികൾ‌ ഉയർന്നു.

ഉമ്മൻചാണ്ടി
സോളാർ, പാറ്റൂർ  അഴിമതി കേസുകളാണുള്ളത്‌. ചെന്നിത്തല കൂടി ഉൾപ്പെട്ട ബന്ധുനിയമന കേസിനു പുറമേ കണ്ണൂർ വിമാനത്താവള നിർമാണത്തിലെ ക്രമക്കേടുകളിലും ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം നടക്കുന്നു. തലശേരി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ് ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട്.

രമേശ്‌ ചെന്നിത്തല
നാലു കേസിലാണ് അന്വേഷണം നേരിടുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകിയെന്ന പരാതിയിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്.  നെയ്യാർഡാമിൽ സർക്കാർ ഭൂമി സ്വകാര്യ ടൂറിസം കമ്പനിക്ക്‌ നൽകിയതിലും എൻ ശങ്കർ റെഡ്ഡിയുടെ വിജിലൻസ്‌ ഡയറക്ടർ നിയമനത്തിലും അന്വേഷണം നടക്കുന്നു.  

കെ ബാബു
രണ്ടു കേസാണുള്ളത്‌. അനധികൃത സ്വത്ത് സമ്പാദന കേസും  ബാർ കോഴ കേസും. 

അടൂർ പ്രകാശ്‌
രണ്ട്‌ കേസുണ്ട്‌. കോഴിക്കോട്‌ ജില്ലയിൽ റേഷൻ മൊത്ത വിതരണ കേന്ദ്രം അനുവദിച്ചു. എറണാകുളത്തെ പുത്തൻവേലിക്കര, തൃശൂരിലെ മടത്തുംപടി വില്ലേജുകളിൽപ്പെട്ട 127 ഏക്കറോളം നെൽവയൽ മിച്ചഭൂമിയിൽ ഇളവ് അനുവദിക്കാൻ ഒത്താശ ചെയ്തു‌.

വി എസ്‌ ശിവകുമാർ
ബിനാമി പേരുകളിൽ അനധികൃത സ്വത്ത് സമ്പാദിച്ചു. സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജുകൾക്ക് എൻഒസി നൽകിയതിലും അഴിമതി.  അന്വേഷണം പുരോഗമിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന്  മറ്റൊരു കേസുമുണ്ട്‌.

പി കെ കുഞ്ഞാലിക്കുട്ടി  
യുഡിഎഫ്‌ സർക്കാരിന്റെ അവസാന കാലത്ത്‌ നടന്ന കടുംവെട്ടിൽ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, തൃശൂരിലെ മടത്തുംപടി വില്ലേജുകളിൽപ്പെട്ട 127 ഏക്കറോളം നെൽവയൽ മിച്ചഭൂമിയിൽ ഇളവ് അനുവദിക്കാൻ ഒത്താശ ചെയ്തുവെന്ന കേസിൽ   വിജിലൻസ്‌ അന്വേഷണം നടക്കുന്നു.

അനൂപ് ജേക്കബ്‌
റേഷൻ സാധനങ്ങൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട കേസിലാണ്‌  അന്വേഷണം.

വി കെ  ഇബ്രാഹിംകുഞ്ഞ്‌
പാലാരിവട്ടം പാലം അഴിമതി കേസിൽ അന്വേഷണം നടക്കുന്നു‌. വിജിലൻസ്‌ ഉടൻ കുറ്റപത്രം നൽകും. ചന്ദ്രിക ദിനപത്രം അക്കൗണ്ടിൽ പത്ത്‌ കോടിരൂപയുടെ അനധികൃത നിക്ഷേപത്തിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നു. ടൈറ്റാനിയം കേസിലും ഇബ്രാഹിംകുഞ്ഞ്‌ പ്രതിയാണ്‌.

എം സി ഖമറൂദ്ദീൻ
മുസ്ലിംലീഗ്‌ എംഎൽഎയായ എം സി  ഖമറുദ്ദീൻ നിക്ഷേപ തട്ടിപ്പ്‌ കേസിൽ പ്രതിയാണ്‌. 150 ഓളം കോടിരൂപയുടെ തട്ടിപ്പാണ്‌ നടന്നത്‌. ക്രൈംബ്രാഞ്ചാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

കെ എം ഷാജി
കണ്ണൂർ അഴീക്കോട്‌ സ്‌കൂളിന്‌ പ്ലസ്‌ടു കോഴ്സ്‌ അനുവദിക്കാൻ  25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിൽ കെ എം ഷാജിക്കെതിരെ  വിജിലൻസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും  അന്വേഷണം നടത്തുന്നു. എൻഫോഴ്‌സമെന്റ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണിപ്പോൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top