26 September Saturday

പ്രവചനങ്ങളെ പിടിച്ചുകെട്ടിയ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


സ്വന്തം ലേഖിക
ആരിൽനിന്നും രോഗം പകരാവുന്ന ഘട്ടത്തെയും ആത്മവിശ്വാസത്തോടെ നേരിടാനുറച്ച്‌ സംസ്ഥന സർക്കാർ. രോഗവ്യാപനത്തിന്റെ ആദ്യ രണ്ട്‌ ഘട്ടത്തിലും ഒരേ മനസ്സായി പ്രവർത്തിച്ച്‌ ലോകശ്രദ്ധ ആകർഷിക്കുന്ന പ്രവർത്തനം നമുക്ക്‌ നടത്താനായി. സർക്കാരിനൊപ്പം ജനങ്ങൾകൂടി കൈകോർത്തപ്പോൾ വ്യാപനവും മരണനിരക്കും പിടിച്ചുനിർത്തി പുതിയ മാതൃക തീർക്കുകയും ചെയ്‌തു. രോഗവ്യാപനം വെല്ലുവിളിയായി ഉയരുന്ന ഈ മൂന്നാംഘട്ടത്തിലും വിജയമാതൃക ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കൊച്ചുകേരളം. ജനുവരി 30നാണ്‌ സംസ്ഥാനത്ത്‌ (രാജ്യത്തും) ആദ്യമായി കോവിഡ്‌ സ്ഥിരീകരിച്ചത്‌.

മെയ്‌ നാലിന്‌ മൂന്നാംഘട്ട  വ്യാപനം ആരംഭിക്കുംവരെ 499 രോഗികൾ, മൂന്ന്‌ മരണം. ആഗസ്തിൽ സംസ്ഥാനത്ത്‌ 15,000 രോഗികളും 150 മരണവും ഉണ്ടാകുമെന്ന്‌ വിദഗ്‌ധർ പ്രവചിച്ചിരുന്നു. ജാഗ്രതാപൂർവമായ ഇടപെടലിലൂടെ ഇതുവരെ മരണസംഖ്യ ‌ 42ൽ നിർത്താൻ നമുക്കായി.  എന്നാൽ, മാസങ്ങൾക്കുശേഷം രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 4.5 ആണ്‌ മരണനിരക്ക്‌. ഡൽഹി–- 3.2, മഹാരാഷ്ട്ര–- 3.9, മധ്യപ്രദേശ്‌–- 3.2. സംസ്ഥാനത്ത്‌ ഇത്‌ 0.4 മാത്രം. പരിശോധനയിലും സംസ്ഥാനം ബഹുദൂരം മുന്നിൽത്തന്നെ. 100 പരിശോധന നടത്തുമ്പോൾ എത്രപേർക്ക്‌ രോഗം സ്ഥിരീകരിക്കുന്നു എന്നതാണ്‌ പരിശോധനാ കാര്യക്ഷമതയുടെ മാനദണ്ഡം. ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ്‌ രണ്ടിൽ താഴെ നിലനിർത്തുന്നതാണ്‌ അഭികാമ്യമെന്ന്‌ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നു. സംസ്ഥാനത്ത്‌ ജൂൺ 13 വരെ ഇത്‌ 1.6 ശതമാനം ആയിരുന്നു. രോഗികളുടെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയപ്പോൾ ഇത്‌ 2.2 ശതമാനമായി ഉയർന്നു. നിലവിൽ 4.9‌. മഹാരാഷ്ട്രയിൽ ഇത്‌ 23.42ഉം കർണാടകത്തിൽ 13.55ഉം തെലങ്കാനയിൽ 13.41ഉം ആണ്‌. സംസ്ഥാനത്ത്‌ അനുദിനം പരിശോധനാ നിരക്ക്‌ കൂട്ടി ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ്‌ കുറയ്‌ക്കാൻ ശ്രമിക്കുന്നു.
ശക്തം, വികേന്ദ്രീകൃതം

ശക്തമായ തദ്ദേശഭരണ–- പൊതുജനാരോഗ്യ സംവിധാനം അതിവ്യാപന ഘട്ടം നേരിടുന്നതിലും സംസ്ഥാനത്തിന്‌ കരുത്താകും. ഈ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ ഒത്തൊരുമിച്ച പ്രവർത്തനമാണ്‌ ആദ്യഘട്ടങ്ങളിൽ ഫലം കണ്ടത്‌. ആർദ്രം മിഷന്റെ കരുത്തിൽ ശക്തിപ്രാപിച്ച പ്രാഥമിക, കുടുംബ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ പ്രഥമതല ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും. ഭൗതികസാഹചര്യം ഒരുക്കുന്നത്‌ ഉൾപ്പെടെയുള്ള മറ്റ്‌ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വഹിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top