20 March Wednesday

നിരോധനത്തെ അതിജീവിച്ച്

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

കണ്ണൂർ > "എൽഡിഎഫ് സർക്കാരില്ലായിരുന്നെങ്കിൽ സഹകരണമേഖലയെന്നൊന്ന് ഇന്ന് കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. നോട്ട് നിരോധനത്തിന് സഹകരണമേഖലയെ നാമാവശേഷമാക്കാനുള്ളത്രയും മാരകമായ പ്രഹരശേഷിയുണ്ടായിരുന്നു. അത് മറികടന്നത് സർക്കാർ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ്''. നോട്ട് നിരോധത്തിലൂടെ കേരളത്തിലെ സഹകരണസ്ഥാപനങ്ങൾ അനുഭവിച്ചുതീർത്ത 'ദാരിദ്ര്യ'ത്തിന്റെ മുഴുവൻ വേദനയും പ്രമുഖ സഹകാരിയും മൗവ്വഞ്ചേരി ബാങ്ക് പ്രസിഡന്റുമായ കെ നാരായണന്റെ വാക്കുകളിലുണ്ട്.

നോട്ടുനിരോധനത്തിനുപിന്നിൽ കേന്ദ്രസർക്കാർ ഒളിപ്പിച്ച ഹിഡൻ അജൻഡകൾ കേരളത്തിന്റെ നട്ടെല്ലായ സഹകരണമേഖലയെ തകർക്കുമെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു സർക്കാരിന്റെ അടിയന്തര ഇടപെടൽ. കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇതേവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് ആ ദിവസങ്ങളിൽ അഭിമുഖീകരിച്ചത്. അസാധുവാക്കിയ നോട്ട് മാറാനോ സ്വീകരിക്കാനോ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് അനുമതിയില്ല. അധികം പണം ബാങ്കുകളിൽ സൂക്ഷിക്കാൻ പാടില്ലാത്തതിനാൽ എവിടെയും പണമില്ലായിരുന്നു. ദൈനം ദിന ഇടപാടുകൾക്കുപോലും പണമില്ല. സർക്കാർ ഇടപെട്ടതോടെ നാലുദിവസത്തേക്ക് പരിമിതമായ രീതിയിൽ ഇടപാടിന് അനുവാദം ലഭിച്ചു. തുടർന്ന് വാണിജ്യബാങ്കുകളുമായി ഇടപാട് നടത്തുന്നതിന് സഹകരണ ബാങ്കുകൾക്ക് അനുമതി നൽകുന്നതിൽ സർക്കാർ ഉദാര സമീപനം സ്വീകരിച്ചതോടെയാണ് ആദ്യഘട്ടത്തിൽ ഒരുപരിധിവരെ പിടിച്ചുനിൽക്കാനായത്. കൺസ്യൂമർ ഫെഡ്, ബിവറേജസ് കോർപറേഷൻ പോലുള്ള സ്ഥാപനങ്ങളുടെ ദിവസവരുമാനം സഹകരണ ബാങ്കുകൾക്ക് നൽകാനും സർക്കാർ നിർദേശം നൽകി. പല ബാങ്കുകൾക്കും ഇതും ആശ്വാസമായി.

 സംസ്ഥാനത്ത് ആദ്യമായി സഹകരണ നയം രൂപീകരിക്കുന്നതിനും എൽഡിഎഫ് സർക്കാർ മുൻകൈയെടുത്തു.  സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി സഹകരണമേഖലയിൽ കേരള ബാങ്ക് ഉടൻ നിലവിൽ വരും.  സാമൂഹ്യസുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ച് സഹകരണ പ്രസ്ഥാനം കേരളത്തിൽ  വൻ വിപ്ലവത്തിനുതന്നെയാണ് തുടക്കമിട്ടത്.  ദിവസങ്ങൾക്കുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കാൻ ഇതുവഴി കഴിഞ്ഞു.

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സഹകരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഫലം കണ്ടു. ഓണം, ക്രിസ്മസ് പോലുള്ള ഉത്സവവേളകളിൽ അയ്യായിരത്തോളം ചന്തകളാണ്  രണ്ടുവർഷങ്ങൾക്കുള്ളിൽ നടത്തിയത്. എഴുനൂറോളം അരിക്കടകളും തുടങ്ങി. കർഷകർക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികളുമായാണ് സഹകരണ സ്ഥാപനങ്ങൾ മുന്നോട്ട് പോകുന്നത്. നെല്ല്, കശുവണ്ടി, നാളികേരം തുടങ്ങിയവയുടെ സംഭരണം സഹകരണസ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതോടെ കർഷകരുടെ പ്രതീക്ഷകൾക്കാണ് ചിറകുമുളയ്ക്കുന്നത്. ഏറ്റെടുക്കുമ്പോൾ തന്നെ കർഷകന് വില ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്ന നെല്ല് അരിയാക്കി സഹകരണസ്റ്റോറുകൾ വഴി വിൽക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.  മരുന്നുകൾ വിലകുറച്ച് ലഭ്യമാക്കുന്നതിന് നീതി മെഡിക്കൽ സ്റ്റോറുകളും വ്യാപകമാക്കും.

പ്രധാന വാർത്തകൾ
 Top