16 July Tuesday

കൊഴിഞ്ഞുകൊഴിഞ്ഞു മെലിഞ്ഞു മെലിഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

കോൺഗ്രസിന്റെ നൂറിലേറെ പ്രമുഖ നേതാക്കളാണ‌് അഞ്ചു വർഷത്തിനിടെ സംഘപരിവാർ കൂടാരത്തിലേക്ക‌് ചേക്കേറിയത‌്. ഈ പട്ടികയിലെ അവസാന പേരാവില്ല കോൺഗ്രസ‌് വക്താവായിരുന്ന പ്രിയങ്ക ചതുർവേദിയെന്നും രാഷ‌്ട്രീയമറിയുന്നവർക്കെല്ലാമറിയാം. മൂന്ന‌് പതിറ്റാണ്ടായി നെഹ‌്റു കുടുംബത്തിന്റെ വിശ്വസ‌്തനായിരുന്ന കഴിഞ്ഞമാസമാണ‌് കോൺഗ്രസ‌് വക്താവായിരുന്ന ടോം വടക്കൻ ബിജെപിയിലേക്ക‌് പോയത‌്. മഹാരാഷ‌്ട്ര പ്രതിപക്ഷനേതാവ‌് രാധാകൃഷ‌്ണ വിഖെ പാട്ടീൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മകൻ സുജയ‌് വിഖെ പാട്ടീലിന‌് വേണ്ടി കോൺഗ്രസിൽനിന്നുകൊണ്ട‌് പ്രചാരണം നടത്തുകയാണ‌്.
മുൻ മുഖ്യമന്ത്രിമാരായ എസ‌് എം കൃഷ‌്ണ‌, വിജയ‌് ബഹുഗുണ, ജഗദാംബികാ പാൽ, എൻ ഡി തിവാരി, ഗിരിധർ ഗമാങ്‌ എന്നിവർ നേരത്തെ ബിജെപിയിലേക്ക‌് പോയി. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ‌് മന്ത്രിസഭയിൽ മന്ത്രി.

തെലങ്കാനയിലെ കോൺഗ്രസ‌് നേതാവും ആന്ധ്ര മുൻ ഉപമുഖ്യമന്ത്രിയുമായ ദാമോദർ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോൾ ബിജെപി നേതാവ‌്.
എ കെ ആന്റണിക്കുകീഴിൽ  പ്രതിരോധ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത‌് സിങ‌്  ഇപ്പോൾ മോഡി മന്ത്രി സഭയിലാണ‌്. ഉത്തരാഖണ്ഡിലെ കോൺഗ്രസ‌് നേതാക്കളായിരുന്ന സത്യപാൽ മഹാരാജ‌്, ഭാര്യ അമൃത റാവത‌്, മുൻ സ‌്പീക്കർ യശ‌്പാൽ ആര്, മുൻ മന്ത്രി ഹരക‌് സിങ‌് റാവത‌്, സുബോധ‌് ഉണ്യാൽ, പ്രണവ‌്സിങ‌് എന്നിവർ ഇപ്പോൾ ബിജെപിയിലാണ‌്. 

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഗവർണറുമായിരുന്ന എൻ ഡി തിവാരി സകുടുംബം ബിജെപിയിലെത്തി. മേഘാലയയിലെ ബിജെപിയുടെ ആരോഗ്യമന്ത്രി അലക‌്സാണ്ടറും മുൻ കോൺഗ്രസ‌് നേതാവാണ‌്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ‌ശർമയും പല്ലഭ‌് ലോചൻ ദാസും ബിജെപിയിലെ മുൻ കോൺഗ്രസുകാരാണ‌്.

കോൺഗ്രസിൽനിന്ന‌് കൂറുമാറി എത്തിയ എംഎൽഎമാരുടെ ബലത്തിലാണ‌് അരുണാചൽപ്രദേശ‌്, മണിപ്പുർ, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറിയത‌്. ഇടതുപക്ഷത്തെ തകർക്കാൻ ത്രിപുരയിൽ കോൺഗ്രസിനെ ഒന്നടങ്കം ബിജെപി വിലയ‌്ക്കെടുത്തു. കോൺഗ്രസ‌് മുൻ എംഎൽഎ രത്തൻലാൽനാഥ‌ാണ‌് ഇപ്പോൾ ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി.

60 അംഗ മണിപ്പുർ നിയമസഭയിൽ കോൺഗ്രസിന‌് 28ഉം ബിജെപിക്ക‌് 21ഉം സീറ്റാണുണ്ടായിരുന്നത‌്. ഇതിൽ ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കാലുമാറിയതിനെത്തുടർന്ന‌് കോൺഗ്രസിന‌് ഭരണം നഷ്ടമായി. ബിജെപി അധികാരത്തിലെത്തി. ഗോവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. 40 അംഗ സഭയിൽ 17 സീറ്റ‌്. എന്നാൽ, മന്ത്രിസഭ ഉണ്ടാക്കിയത‌്  ബിജെപിയും. മൂന്ന‌് കോൺഗ്രസ‌് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി.
അസമിലെ പല ജില്ലകളിലും കോൺഗ്രസ‌് നേതാക്കളാണ‌് ബിജെപിയെ നയിക്കുന്നത‌്. അരുണാചൽപ്രദേശിൽ കൂറുമാറിയ 34 കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിൽ ചേർന്ന‌്

സംസ്ഥാന ഭരണം പിടിച്ചു. അങ്ങനെ കോൺഗ്രസ‌് മുഖ്യമന്ത്രിയായ പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി. ലോക‌്സഭാ തെരരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച‌് മണിക്കൂറുകൾക്കുള്ളിലാണ‌് കോൺഗ്രസ‌് എംഎൽഎ മരിക്കോ ടാഡോ ബിജെപിയിൽ ചേർന്നത‌്.

ഹിമാചലിൽ മുൻ കോൺഗ്രസ‌് നേതാവ‌് സുഖ‌്റാമിന്റെ മകനും എംഎൽഎയുമായ അനിൽ ശർമയടക്കം രണ്ട‌് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി. കർണാടകത്തിൽ നാല‌് കോൺഗ്രസ‌് എംഎൽഎമാരാണ‌് ബിജെപിക്ക‌് പരസ്യ പിന്തുണ പ്രഖ്യാപിച്ചത‌്. ബിജെപിയിൽ ചേർന്ന കോൺഗ്രസ‌് എംഎൽഎ ഉമേഷ‌് ജാദവ‌് കോൺഗ്രസ‌് നേതാവ‌് മല്ലികാർജുൻ ഖാർഗെക്കെതിരെ കലബുർഗിയിൽ ബിജെപി സ്ഥാനാർഥിയാണ‌്. മുൻമന്ത്രിയും കോൺഗ്രസ‌് നേതാവുമായിരുന്ന എ മഞ്ചുവാണ‌് ഹസൻ മണ്ഡലത്തിൽനിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത‌്. മഹാരാഷ്ട്രയിൽ മുതിർന്ന കോൺഗ്രസ‌് നേതാവും എംഎൽഎയുമായ കാളിദാസ‌് കോലംബകാരും ബിജെപിയിൽ ചേർന്നു.

ഗുജറാത്തിൽ  മാർച്ച‌് എട്ടിനാണ‌് മുതിർന്ന കോൺഗ്രസ‌് എംഎൽഎ ജവഹർ ചാവ‌്ദ ബിജെപിയിൽ ചേർന്നത‌്. അടുത്ത ദിവസംതന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഹൽവാദ‌്–-ധ്രംഗധ്രയിൽ നിന്നുള്ള എംഎൽഎ പർസോത്തം സബാരിയയും ബിജെപിയിലെത്തി. ഉൻഝ എംഎൽഎ ആശാബെൻ പട്ടേലും രാജിവച്ച‌് ബിജെപിയിൽ ചേർന്നു. ജൂലൈയിലാണ‌് മുതിർന്ന കോൺഗ്രസ‌് നേതാവ‌് കുൻവർജി ബവാലിയ  രാജിവച്ച‌് ബിജെപിയിൽ എത്തിയത്‌.

പൊതുതെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച‌് മണിക്കൂറുകൾക്കകം ജാംനഗർ (റൂറൽ) എംഎൽഎ വല്ലഭ‌് ധരാവിയ ബിജെപിയിൽ ചേർന്നു. രാജ്യസഭയിലേക്ക‌് എഐസിസി ട്രഷറർ അഹമ്മദ‌് പട്ടേൽ മത്സരിച്ചപ്പോൾ ഏഴ‌് കോൺഗ്രസ‌് എംഎൽഎമാരാണ‌് കൂറുമാറിയത‌്. ഇതിൽ ഏഴുപേർക്കും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ‌ു നൽകി.
ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി വിജയ‌് ബഹുഗുണയടക്കം ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കൂറുമാറിയതാണ‌് കോൺഗ്രസ‌് മന്ത്രിസഭയുടെ പതനത്തിന‌് കാരണമായത‌്.

ഛത്തീസ‌്ഗഢിൽ കോൺഗ്രസിന്റെ വർക്കിങ‌് പ്രസിഡന്റും ആദിവാസിവിഭാഗം നേതാവുമായ രാംദയാൽ ഉയികെ തെരഞ്ഞെടുപ്പ‌ു വേളയിലാണ‌് ബിജെപിയിലെത്തിയത‌്. മധ്യപ്രദേശിൽ ശേഖർ ചൗധരി, സുനിൽ മിശ്ര എന്നിവരുൾപ്പെടെ അരഡസനോളം കോൺഗ്രസ‌് എംഎൽഎമാർ  ബിജെപിയിലേക്ക‌് ചേക്കേറി.


പ്രധാന വാർത്തകൾ
 Top