18 August Sunday

മിന്നൽ വേഗത്തിൽ വ്യാജൻ

ദിനേശ്‌ വർമUpdated: Sunday Apr 21, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പ‌് മൂന്നാംഘട്ടത്തിലെത്തി നിൽക്കുമ്പോൾ സോഷ്യൽമീഡിയ സ്വാധീനം പ്രകടം. സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ സ്വാധീനം രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ‌് എന്ന നിരീക്ഷണം ശരിവയ‌്ക്കുകയാണ‌് ഇതുവരെയുള്ള പ്രചാരണം. സോഷ്യൽമീഡിയ പ്രചാരണത്തിന‌് വലിയതോതിൽ പണംമുടക്കിയതും ഏറ്റവുമധികം വ്യാജവാർത്തകൾ പ്രചരിച്ചതും ഇക്കുറി സവിശേഷതയായി വിലയിരുത്തുന്നു. അതീവവേഗതയിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതിനാൽ കടുത്ത നിലപാടാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ എടുത്തിട്ടുള്ളത‌്. എന്നാൽ, തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട‌്.

പുൽവാമ ആക്രമണത്തെ തുടർന്ന‌് പ്രചരിപ്പിച്ച വ്യാജ വീഡിയോകൾ മണിക്കൂറുകൾക്കുള്ളിൽ ഫെയ‌്സ‌്ബുക്ക‌് നീക്കിയിട്ടും രണ്ടരക്കോടി ആളുകൾ കാണുകയും ഒന്നരക്കോടി ഷെയറുമുണ്ടായി. ഈ കണക്കാണ‌് തെരഞ്ഞെടുപ്പ‌് സമയത്തുള്ള സന്ദേശ–-ചിത്ര–-വീഡിയോ കൈമാറ്റവേഗതയായി സോഷ്യൽമീഡിയ നിരീക്ഷകർ കണക്കാക്കുന്നത‌്.

ഈ സംഭവവുമായി ബന്ധപ്പെട്ട‌്മാത്രം 1200 വ്യാജ അക്കൗണ്ടുകൾ ഫെയ‌്സ‌്ബുക്ക‌് നീക്കംചെയ്തു. എന്നാൽ, വ്യാജവീഡിയോകളും സന്ദേശങ്ങളും ഇതിന്റെ പതിന്മടങ്ങ‌് വേഗത്തിലാണ‌് സഞ്ചരിക്കുക എന്നും വിലയിരുത്തപ്പെടുന്നു. വ്യാജൻ പ്രചരിപ്പിക്കാൻ കൃത്യമായ പ്ലാനിങ്ങുണ്ട‌്. 

സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിന‌് ആളുകളുടെ അക്കൗണ്ടിലേക്ക‌് ഡിജിറ്റൽ ഉള്ളടക്കമെത്തിക്കാൻ സംവിധാനമുണ്ടെന്ന‌് ബിജെപിയുടെ സൈബർസംഘം ഔദ്യോഗികമായിത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട‌്. ലോകത്തുതന്നെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിപ്പിക്കുന്ന 48 മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിലാണ‌് ഇന്ത്യയുടെ സ്ഥാനം. വലതുപക്ഷ പാർടികളാണ‌് ഔദ്യോഗികമായിത്തന്നെ തീരുമാനിച്ച‌്  വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്ന‌് പഠനത്തിലൂടെ ബിബിസി തന്നെ കണ്ടെത്തിയിട്ടുണ്ട‌്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന അമ്പതിലധികം വെബ‌്സൈറ്റുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട‌്.

100 കോടി സിംകാർഡും 70 കോടി സ‌്മാർട്ട‌്ഫോണും 40 കോടിയിലധികം നെറ്റ‌് കണക‌്ഷനും ഇന്ത്യയിൽ ഉപയോഗിക്കുന്നുവെന്നാണ‌് 2018ലെ കണക്ക‌്. ഇതിൽ ആളോഹരി എണ്ണത്തിലും സാന്ദ്രതയിലും കേരളമാണ‌് മുന്നിൽ. ഫെ‌യ‌്സ‌്‌ ബുക്കിനു പുറമെ, യുട്യൂബ‌്, വാട‌്സാപ‌്, ഇൻസ‌്റ്റഗ്രാം, ട്വിറ്റർ, മെസഞ്ചർ, ഗൂഗിൾ പ്ലസ‌് എന്നീ സോഷ്യൽ മീഡിയകളാണ‌് ഉപയോഗത്തിൽ മുന്നിൽ.  ഇന്ത്യയിൽ മെട്രോനഗരങ്ങളിലുള്ള ശരാശരി സോഷ്യൽമീഡിയ ഉപയോഗമാണ‌് കേരളമാകെയുള്ളത‌്. കഴിഞ്ഞ അഞ്ച‌് വർഷത്തിനിടെ കേരളത്തിലെ ഗ്രാമീണമേഖലയിലുള്ള സ‌്മാർട‌്ഫോൺ ഉപയോഗം നഗരപ്രദേശത്തേതിന‌് തുല്യമോ അധികമോ ആയെന്നാണ‌് കണക്ക‌്. ശബരിമലയുമായി ബന്ധപ്പെടുത്തിയും കാസർകോട്ടെ ഒരു പള്ളിയുമായി ബന്ധപ്പെടുത്തിയും പ്രചരിപ്പിച്ച വാട‌്സാപ‌് വ്യാജസന്ദേശങ്ങളുടെ ഒഴുക്ക‌ും വേഗതയും നഗരത്തിലേതിന‌് സമാനമായിരുന്നു ഗ്രാമങ്ങളിലും.

അമേരിക്ക, മെക‌്സിക്കോ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ‌ിൽ സോഷ്യൽമീഡിയ ഉണ്ടാക്കിയ സ്വാധീനം മനസ്സിലാക്കി ബിജെപി യുടെ സൈബർസംഘമാണ‌് 2014 ലെ തെരഞ്ഞെടുപ്പിൽ ഇതിനെ ക്രിമിനൽ ബുദ്ധിയോടെ ഉപയോഗിക്കാൻ തുടങ്ങിയത‌്. 543 മണ്ഡലത്തിലും ഫെയ‌്സ‌്ബുക്ക‌് സ്വാധീനമുണ്ടായിരുന്നുവെന്ന‌് പിന്നീട‌് ഇതുസംബന്ധിച്ച‌് പഠനം നടത്തിയവർ കണ്ടെത്തി. വ്യാജസന്ദേശങ്ങളെ എപ്രകാരം ഉപയോഗിക്കാമെന്ന‌് 299 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച‌് പ്രവർത്തിച്ച ബിജെപി സോഷ്യൽ മീഡിയ സംഘം പരീക്ഷിക്കുകയും ചെയ‌്തു. ഇക്കുറിയും ഈ സംഘം 300 ലധികം മണ്ഡലങ്ങളിലാണ‌് കേന്ദ്രീകരിച്ചിട്ടുള്ളത‌്. ഇതിൽ കേരളത്തിലെയും ചില മണ്ഡലങ്ങൾ പെടും. അവിടങ്ങളിൽനിന്ന‌് അടിസ്ഥാനമില്ലാത്ത, എന്നാൽ ഒറ്റനോട്ടത്തിൽ വിശ്വസനീയമെന്ന‌് തോന്നുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട‌്.
അതേസമയം, വാർത്താചാനലുകളും മുഖ്യധാരാപത്രങ്ങളും കൃത്യമായ ലക്ഷ്യത്തോടെ കൊടുക്കുന്ന തെറ്റായ വാർത്തകളും പക്ഷപാത നിലപാടുകളും നിമിഷങ്ങൾക്കുള്ളിൽ തുറന്നുകാണിക്കപ്പെടുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിലുണ്ട‌്. മൂന്ന‌് പ്രമുഖ വാർത്താ ചാനലുകൾ നടത്തിയ അഭിപ്രായ സർവേകളിലെ പൊള്ളത്തരം സർവേ വന്ന‌് മണിക്കൂറുകൾക്കുള്ളിൽ ജനങ്ങളിലെത്തിക്കാനായത‌് സോഷ്യൽ മീഡിയയുടെ വിജയമാണ‌്. നിക്ഷിപ‌്ത താൽപ്പര്യത്തോടെ സർവേ നടത്തിയെന്ന സന്ദേശമാണ‌് ജനങ്ങളിലെത്തിയത‌്. വലതുപക്ഷത്തിനാണ‌് മേൽക്കൈ എന്ന തെറ്റിദ്ധാരണപരത്തി രാഷ്ട്രീയമായ ചായ‌്‌വില്ലാത്ത വോട്ടർമാരെ സ്വാധീനിക്കലായിരുന്നു ലക്ഷ്യം.  ഇക്കാര്യം തുറന്നുകാട്ടാൻ സോഷ്യൽ മീഡിയക്കായി.

തെരഞ്ഞെടുപ്പിനുമുമ്പ‌് 48 മണിക്കൂർ സോഷ്യൽ മീഡിയകൾ  ‘നിശ്ശബ്ദമണിക്കൂറുകൾ’ ആയിരിക്കണമെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷൻ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ വ്യാജന്മാരുടെ തള്ളിക്കയറ്റത്തി‌ന‌് സാധ്യതയുണ്ട‌്. പല സോഷ്യൽ മീഡിയകളിലും ബിജെപി അനുകൂല പോസ്റ്റുകൾക്ക‌് പ്രാമുഖ്യം കിട്ടുന്നതായും ബിജെപി വിരുദ്ധ പ്രചാരണത്തെ തമസ‌്കരിക്കുന്നതായും തെളിഞ്ഞിട്ടുണ്ട‌്. പാർലമെന്റിൽത്തന്നെ ഇത‌് സംബന്ധിച്ച‌് ചർച്ച നടന്നു.

400 മുതൽ 500 കോടി രൂപ വരെ സോഷ്യൽ മീഡിയ പ്രചാരണത്തിന‌് ചെലവഴിക്കപ്പെടുമെന്നാണ‌് മീഡിയ കമ്പനികൾതന്നെ കണക്ക‌് കൂട്ടിയിട്ടുള്ളത‌്. ഈ തെരഞ്ഞെടുപ്പുകാലത്ത‌് പരസ്യവരുമാനമായി മാത്രം 600 കോടി രൂപ സമാഹരിക്കാനാണ‌് ഫെയ‌്സ‌്ബുക്ക‌് മാർക്കറ്റിങ‌് സംഘം പദ്ധതിയിട്ടത‌്. തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ മാത്രം 20 കോടിക്കടുത്ത‌് തുക ബിജെപി ചെലവഴിച്ചതായി പറയുന്നു. ബിജെപിയുടെ പ്രചാരണത്തുകയുടെ പകുതി സോഷ്യൽ മീഡിയക്ക‌ുവേണ്ടിയാണ‌് മാറ്റിവച്ചിട്ടുള്ളത‌്.


പ്രധാന വാർത്തകൾ
 Top