16 July Tuesday

പൊന്നണിഞ്ഞ് കേരളം

എം കെ പത്മകുമാർUpdated: Sunday Apr 21, 2019


തിരുവനന്തപുരം
കാർഷികകേരളത്തെ വീണ്ടെടുക്കുന്നതിനായി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിജയകരമായതോടെ 2017–-18ൽ 3.64 ശതമാനം വളർച്ചയാണ‌് നേടിയത‌്. അതേസമയം ഇക്കാലയളവിൽ ദേശീയനിരക്ക‌് 2.1 ശതമാനമാണ‌്. ഇതാദ്യമായാണ‌് ദേശീയ ശരാശരിയേക്കാൾ മികച്ച വളർച്ച  സംസ്ഥാനം കൈവരിക്കുന്നത‌്. ഉൽപ്പാദനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചനിരക്കാണ‌് ഇക്കുറി. 2013-–-14 ൽ വളർച്ച നെഗറ്റീവായിരുന്നു( –-0.63). അടുത്തവർഷം നേരിയ വർധന (+0.02) രേഖപ്പെടുത്തിയെങ്കിലും 2015-–-16 ൽ വീണ്ടും നെഗറ്റീവായി (–-5.10). എന്നാൽ, ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയതിനുപിന്നാലെ 2016-–-17 ൽ (+0.08) വളർച്ചനിരക്ക‌് വർധിച്ചു. 2016ലെ വരൾച്ചയും  2017ലെ നോട്ടു നിരോധനവും കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയദാർഢ്യമുള്ള ജനകീയ സർക്കാരിന്റെ പിന്തുണയോടെ കഠിനാധ്വാനംചെയ്ത കർഷകസമൂഹം കാർഷികമേഖലയെ കാത്തുരക്ഷിച്ചു.

നൂറുമേനി വിളവോടെ കാർഷികമേഖല കുതിക്കുമ്പോഴാണ‌് സർവനാശം വിതച്ച പ്രളയം വന്നത‌്. 14 ലക്ഷം കർഷകരെയാണ‌്  നേരിട്ടും അല്ലാതെയും പ്രളയം ബാധിച്ചത‌്. നഷ്ടം 19000 കോടിയും.  49000 ഹെക്ടറിലെ നെൽക്കൃഷി, ഓണവിപണി ലക്ഷ്യമിട്ട‌് ഇറക്കിയ പഴം–-പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, നാണ്യവിളകൾ എന്നിങ്ങനെ സർവതിനെയും പ്രളയം നക്കിത്തുടച്ചു. വർഷങ്ങളായി രൂപപ്പെട്ട  ഫലപുഷ്ടിയുള്ള മേൽമണ്ണും ഒലിച്ചുപോയി. 230000 ഹെക്ടർ കൃഷിഭൂമിയും മേൽമണ്ണുമാണ‌് നശിച്ചത‌്.

നെൽക്കൃഷി വ്യാപന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കുന്നു (ഫയൽചിത്രം)

നെൽക്കൃഷി വ്യാപന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു (ഫയൽചിത്രം)

 

പ്രളയാനന്തരം നൂറുമേനി
‌‌പ്രളയത്തിനുമുന്നിൽ പകച്ചുനിൽക്കാതെ എൽഡിഎഫ‌്‌ സർക്കാർ  അതിവേഗത്തിൽ പുനരുജ്ജീവന നടപടികൾ സ്വീകരിച്ചു.  ഇതിന്റെ ഗുണം ഉടൻ ലഭിക്കുകയും ചെയ്തു. പ്രത്യേകിച്ച‌് നെൽക്കൃഷിയിൽ. പ്രളയത്തിനുശേഷം 2018–-19ൽ 689305 ടൺ നെല്ലാണ‌് ഉൽപ്പാദിപ്പിച്ചത‌്.  കൊയ‌്ത്ത‌് പൂർത്തിയാകുംമുമ്പത്തെ കണക്കാണിത‌്. കഴിഞ്ഞവർഷം ഉൽപ്പാദനം 617260 ടൺ ആയിരുന്നു.

35000 ഹെക്ടർ പാടം പ്രളയത്തിൽ പെട്ട് കൃഷിയോഗ്യമല്ലാതായിരുന്നു. ആലപ്പുഴ ജില്ലയിൽ 42273 ഹെക്ടർ പാടത്ത് കൃഷി ഇറക്കിയതിൽനിന്ന‌് 157066 ടൺ നെൽ ഉൽപ്പാദിപ്പിച്ചു.  പത്തനംതിട്ടയിൽ 20248 ടണ്ണും കോട്ടയത്ത് 88,039 ടണ്ണുമാണ് ഉൽപ്പാദനം. എറണാകുളം14822 ടൺ, തൃശൂർ 101005 ടൺ, പാലക്കാട് 207423 ടൺ എന്നിങ്ങനെയാണ് വിളവെടുപ്പ്.പ്രളയത്തെത്തുടർന്ന‌് 238376 കർഷകർക്ക് സർക്കാർ നഷ്ടപരിഹാരത്തുക വിതരണംചെയ്തു. എസ്ഡിആർഎഫ് ഫണ്ടിൽനിന്ന‌് 67 കോടി രൂപയും കൃഷിവകുപ്പിൽനിന്ന‌് 110 കോടി രൂപയുമാണ് വിതരണം ചെയ്തത്. സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽനിന്ന‌് 18.04 കോടി രൂപയും നൽകി.
പാടങ്ങൾ കൃഷിയോഗ്യമാക്കാനും ജലസേചനസൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും 197.78 കോടി രൂപയും ചെലവഴിച്ചു. 5650 മെട്രിക് ടൺ നെൽ വിത്തുകളാണ് കർഷകർക്ക് സൗജന്യമായി വിതരണംചെയ്തത്.

നമ്മുടെ നെല്ല‌് നമ്മുടെ അന്നം
നഷ്ടപ്പെട്ട നെൽവയലുകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വിപുലമായ തരിശുനില കൃഷിപദ്ധതികൾ ആവിഷ്കരിച്ചു. സംസ്ഥാനത്തെ നെൽക്കൃഷിയുടെ വിസ്തൃതി 1.98 ലക്ഷം ഹെക്ടറിൽ നിന്ന‌് 3 വർഷം കൊണ്ട് 3 ലക്ഷം ഹെക്ടർ ആക്കി വർധിപ്പിക്കുകയാണ‌് ലക്ഷ്യം. നിലവിൽ വിസ‌്തൃതി 2.20 ലക്ഷം ഹെക്ടറിലേക്കെത്തിക്കാൻ കഴിഞ്ഞു. 16000 ഹെക്ടർ തരിശുനിലത്താണ‌് പുതുതായി കൃഷി ആരംഭിച്ചത‌്.  ചെറുകിട–- നാമമാത്ര നെൽകർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനംചെയ്യാനായി കൃഷിയിടത്തിൽത്തന്നെ നെല്ല് കുത്തി അരിയാക്കുക എന്ന ആശയം യാഥാർഥ്യമാക്കി. ഇതിന്റെഭാഗമായി 475 മിനി റൈസ് മില്ലുകളും 16 പ്രോസസിങ‌് യൂണിറ്റുകളും പാടശേഖരാടിസ്ഥാനത്തിൽ സ്ഥാപിച്ചു.

വിത്തെടുത്ത‌് കുത്താതെ
ഭക്ഷ്യസുരക്ഷ മുൻനിർത്തി പരമ്പരാഗത പച്ചക്കറിവിത്തിനങ്ങളുടെ സംരക്ഷാണാർഥം 28 നാടൻ വിത്തിനങ്ങൾ  പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതിന് തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയിൽ അഞ്ച‌് പച്ചക്കറി വിത്തിനങ്ങളുടെ വിതരണം ആരംഭിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതികസഹായത്തോടെ പുതിയ ജൈവസസ്യ സംരക്ഷകവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് തുടക്കമായി.

നാളികേരത്തിന്റെ നാട്ടിൽ
കേരകൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ 2019–-2029 വരെ 10 വർഷം നീണ്ടുനിൽക്കുന്ന ബൃഹത‌്പദ്ധതിക്ക‌് രൂപംനൽകാൻ  കേരള നാളികേര വികസന കൗൺസിലിന് രൂപം നൽകി. ഉൽപ്പാദനശേഷി കുറവായ തെങ്ങിൻതോട്ടങ്ങളുടെ പുനരുജ്ജീവനത്തിനും ആവർത്തന കൃഷിക്കുമായി നാളികേര വികസന കോർപറേഷന്റെ സഹായത്തോടെ 5 കോടി രൂപയുടെ പദ്ധതിയാണ‌് നടപ്പാക്കിവരുന്നത‌്. 

ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലും 75 തെങ്ങിൻതൈകൾ വീതം പ്രതിവർഷം വിതരണംചെയ്ത് തെങ്ങിന്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആവിഷ്കരിച്ചു.   കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ‌്മെന്റ‌് കോർപറേഷൻ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.  ഇതിന്റെ ഭാഗമായി പാളയത്ത് ഒരു കോക്കനട്ട് ഷോപ്പിയും എറണാകുളത്ത് ഇടപ്പള്ളിയിൽ ഒരു അഗ്രോ ബസാറും പ്രവർത്തനമാരംഭിച്ചു.

വിഷമില്ലാത്ത ജൈവ പച്ചക്കറി
സമഗ്ര പച്ചക്കറി വികസന  പദ്ധതി നടപ്പാക്കിയതോടെ  ഉൽപ്പാദനം 6.5 ലക്ഷം മെട്രിക് ടണ്ണിൽനിന്ന‌് 10.12 ലക്ഷം മെട്രിക് ടണ്ണിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2015–-16 വർഷത്തേക്കാൾ 22500 ഏക്കർ സ്ഥലത്താണ‌് അധികമായി കൃഷി ചെയ്തത‌്. 3.5 ലക്ഷം ടണ്ണാണ‌് അധിക ഉൽപ്പാദനം.   65 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 'ഓണത്തിനൊരു മുറം പച്ചക്കറി'  പദ്ധതി നടപ്പാക്കിവരികയാണ്. വിദ്യാർഥികൾമുതൽ സന്നദ്ധസംഘടനകൾ വരെയുള്ളവർക്ക് വിത്തുപായ്ക്കറ്റുകളും പച്ചക്കറിത്തൈകളും സൗജന്യമായി നൽകിയാണ്  പദ്ധതി ആരംഭിച്ചത്.  2 കോടി പച്ചക്കറിത്തൈകളും 1.5 കോടി വിത്തുപായ്ക്കറ്റുകളും 2018–-19ൽ വിതരണംചെയ‌്തു.

ഓണം –- ബക്രീദ് സീസണുകളിൽ കൃഷിവകുപ്പിന്റെ നേത്യത്വത്തിൽ 4350 പഴം–-പച്ചക്കറി വിപണികൾ 5 ദിവസങ്ങളിലായി സംഘടിപ്പിച്ചു. 10 ശതമാനം അധികവില നൽകി കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ സംഭരിച്ച് 30 ശതമാനം വിലക്കിഴിവിലാണ‌് ഉപയോക്താക്കൾക്ക് വിതരണം ചെയ്തത‌്.തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച‌് 1000 ഗ്രാമച്ചന്തകൾ സംസ്ഥാനത്ത് ആരംഭിച്ചു. ആഴ‌്ചച്ചന്തകളായാണ് ഇത‌് പ്രവർത്തിക്കുന്നത്. ജൈവ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി 427 ഇക്കോഷോപ്പുകൾ പ്രവർത്തിക്കുന്നു. കെയ്കോയുടെ കീഴിൽ കേരളശ്രീ ബ്രാൻഡിൽ തൃശൂർ, എറണാകുളം ജില്ലകളിൽ അഗ്രോസൂപ്പർ ബസാറുകൾ ആരംഭിച്ചു.
വട്ടവടയിൽ പച്ചക്കറി സംഭരണത്തിനായി ഉപകേന്ദ്രവും ശീതീകരിച്ച പച്ചക്കറി സ്റ്റാളുകളും തുറന്നു. പച്ചക്കറിസംഭരണത്തിനായി ശീതീകരിച്ച വാനുകൾ വാങ്ങി. വയനാട്, മലപ്പുറം ജില്ലകളിൽ പുതിയ ജില്ലാ സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു. കേന്ദ്രീകൃത പേമെന്റ‌് സംവിധാനം നടപ്പാക്കി.
 


പ്രധാന വാർത്തകൾ
 Top