20 May Monday

ഒറ്റുകാരെ ജനങ്ങൾ തിരിച്ചറിയും

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

അഭിമുഖം കോവൂർ കുഞ്ഞുമോൻ / ജയൻ ഇടയ്ക്കാട്
 

ഒരു വ്യക്തി  ആഗ്രഹിച്ചത് നേടാൻ ഏഴര പതിറ്റാണ്ട് പാരമ്പര്യമുള്ള ഇടതുപക്ഷവിപ്ലവരാഷ്ട്രീയ പാർടിയെ  വലതുപക്ഷക്യാമ്പിലെത്തിച്ച നേതാവാണ് എൻ കെ പ്രേമചന്ദ്രൻ. പാർടി പിളർത്തിയതിൽ പ്രേമചന്ദ്രനുള്ള പങ്കിന്  ജനങ്ങൾ കണക്കുചോദിക്കാതിരിക്കില്ല.  ഒറ്റുകാരനെന്ന പേരാണ് ഇദ്ദേഹത്തിന്  അനുയോജ്യം. ഒത്തിരിക്കാലം ഒരുമിച്ച്  ഒരു കൊടിത്തണലിൽ പോരാടിയ ഓർമകൾക്കപ്പുറം ആർഎസ്‌പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ യുടെ വാക്കുകളിൽ മുഴങ്ങുന്നത് രാഷ്ട്രീയവഞ്ചനയോടുള്ള ആത്മരോഷം.

ബംഗാളിലും  കേരളത്തിലുമുള്ള വ്യത്യസ്ത നയസമീപനം ആർഎസ്‌പി യുടെ ഭാവി എന്താക്കും
ദേശീയനേതൃത്വവും കേരളഘടകവും രണ്ടു ധ്രുവങ്ങളിലാണ്. പ്രേമചന്ദ്രന്റെ ഒറ്റയാൻ ഭരണം പാർടിയെ നശിപ്പിക്കും. അണികളിൽ ശക്തമായ എതിർപ്പുണ്ട്. ദേശീയതലത്തിൽ ഇടതുപക്ഷ ബദൽ എന്ന ആശയം കൊണ്ടുവന്നതിൽ പ്രധാന പങ്ക് വഹിച്ച പാർടിയാണ് ആർഎസ‌്‌പി. അതിനെ അട്ടിമറിക്കാൻ  തയ്യാറായതിന് ആശയമായിരുന്നില്ല അടിസ്ഥാനം.  ഒരു ലോക്‌സഭാ സീറ്റിനുവേണ്ടിയുള്ള ചാഞ്ചാട്ടം മാത്രം. 2006–-11 ലെ എൽഡിഎഫ് മന്ത്രിസഭയിൽ മുതിർന്ന നേതാവായ എ എ അസീസിന് ലഭിക്കുമായിരുന്ന മന്ത്രിസ്ഥാനം  സ്വന്തമാക്കിയ രാഷ്ട്രീയകുടിലത പാർടിപ്രവർത്തകർക്ക്  മറക്കാനാകില്ല.  സംഘപരിവാറുമായി  ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. എംപിയായി   ഡൽഹിയിൽ എത്തിയപ്പോൾ സംഘപരിവാറുമായി കൂടുതൽ അടുത്തു. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന്  മോഡിയെ  എത്തിച്ചതും ബിജെപിക്ക്  കൊല്ലത്ത‌് ദുർബല സ്ഥാനാർഥിയെ എത്തിച്ചതിലുംവരെ എത്തിനിൽക്കുന്നു ഈ ആത്മബന്ധം.

ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനഭരണവും വിലയിരുത്തുമോ ?
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രധാനമായും കേന്ദ്രഭരണത്തിന്റെ വിലയിരുത്തലാണ്. എന്നാൽ, രണ്ടു ഭരണവും വിലയിരുത്തണം എന്നാണ് അഭിപ്രായം. അങ്ങനെയെങ്കിൽ  ഇരുളും വെളിച്ചവും കാണാനാകും . സമഗ്രവികസനം വെറുംവാക്കല്ലെന്നതിന്റെ തെളിവുകൾക്ക് കേരളത്തിന്റെ നാടും  നഗരവും സാക്ഷിയാണിപ്പോൾ.   

മതനിരപേക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടോ ?
തെറ്റായ രാഷ്ട്രീയവും സാമ്പത്തികനയങ്ങളും കോൺഗ്രസിനെ മത ന്യൂനപക്ഷങ്ങളിൽനിന്നും പിന്നോക്ക ദളിത് വിഭാഗങ്ങളിൽനിന്നും അകറ്റി. അവിടെയൊക്കെ പ്രാദേശിക കക്ഷികളാണ് ശക്തിയാർജിച്ചത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം മതേതര ഐക്യത്തിന്എതിരാണ‌്.  ദേശീയതലത്തിൽ ഇടത് മതേതര ജനാധിപത്യ സഖ്യത്തിന് അനുകൂലമായ രാഷ്ട്രീയസ്ഥിതിയാണുള്ളത്.


പ്രധാന വാർത്തകൾ
 Top