27 May Wednesday

ജനമൈത്രി പൊലീസ്‌ സൂപ്പറല്ലേ...

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


തിരുവനന്തപുരം
കൈ കഴുകുന്നതെങ്ങനെയെന്ന്‌ നൃത്തം ചെയ്ത്‌ നമുക്ക്‌ കാണിച്ചുതന്ന കേരളപൊലീസിനെ എങ്ങനെ മറക്കാനാണ്‌. ഇത്തരത്തിൽ രോഗത്തെക്കുറിച്ച് ജനങ്ങളെ  ബോധവൽക്കരിക്കുന്നതിനും നിരീക്ഷണത്തിലുള്ളവർ കഴിയുന്ന വീടുകളിൽ ആവശ്യമായ സഹായം എത്തിക്കുന്നതിനും ജനമൈത്രി പൊലീസിന്റെ  സേവനം മാതൃകയാകുകയാണ്‌.

നിരീക്ഷണത്തിൽ കഴിയുന്നവരുള്ള 4858 വീട്‌ ഇതിനകം ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസർമാർ സന്ദർശിച്ചുകഴിഞ്ഞു. ഇവരുടെ ക്ഷേമം അന്വേഷിക്കുന്നതിനൊപ്പം കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ആരോഗ്യസ്ഥിതിയും യാത്രാവിവരങ്ങളും ബീറ്റ് ഓഫീസർമാർ അന്വേഷിച്ച് രേഖപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് രോഗബാധ സ്ഥിരീകരിക്കുകയാണെങ്കിൽ ഈ വിവരശേഖരണം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക്‌ സഹായമാകും.
നിരീക്ഷണത്തിലുള്ളവരുടെ കുടുംബങ്ങൾക്ക്‌ മാത്രമല്ല ജനമൈത്രി പൊലീസിന്റെ സേവനം ലഭ്യമാകുന്നത്‌. ചുറ്റുമുള്ള വീടുകളിലും ബോധവൽക്കരണം നടത്താനും ശ്രമമുണ്ട്.

ഡ്രൈവർമാർക്കിടയിലും കോവിഡിനെതിരെ നിരവധി ബോധവൽക്കരണ ക്ലാസുകളാണ് ജനമൈത്രി പൊലീസ് സംഘടിപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളും സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. സർക്കാരിന്റെ  ‘ബ്രേക്ക് ദി ചെയിൻ’ ക്യാപെയ്ൻ അടിസ്ഥാനമാക്കി ബോധവൽക്കരണവും നടത്തുന്നു. 766 പേരാണ്‌ സംസ്ഥാനത്ത് ജനമൈത്രി പൊലീസ്‌ ബീറ്റ് ഓഫീസർമാരായി സേവനം ചെയ്യുന്നത്‌. പട്ടികവർഗ മേഖലകളിൽ 70 പൊലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ  നേതൃത്വത്തിലുള്ള ജനമൈത്രി ഡയറക്ടറേറ്റാണ്‌ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top