27 May Wednesday

പൂജയ്‌ക്ക്‌ പൂക്കുലയുമായി പൊലീസുകാര്‍

സുജിത്‌ബേബിUpdated: Saturday Mar 21, 2020


കോഴിക്കോട്‌
കൈ നിറയെ പൂജാദ്രവ്യങ്ങള്‍, മെടഞ്ഞെ ഓല, തെങ്ങിൻ പൂക്കുല. നിറാഫും ഉമേശനും ഓട്ടോറിക്ഷക്ക്‌ കൈ കാണിച്ചു, സ്ഥലം പറഞ്ഞപ്പോൾ ഓട്ടോക്കാരന്‌ മടി. ‘ദുബായീന്ന് വന്ന്‌ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബമല്ലേ സാറേ... വീട്ടിൽ പിള്ളേരൊക്കെയുണ്ട്‌. വേറെ ഓട്ടോ പിടിക്കണേ...’ ഡ്രൈവറുടെ പേടികണ്ട്‌ ഇരുവരും സാധനങ്ങളുമായ് യാത്ര ബൈക്കിലാക്കി. കസബ ജനമൈത്രി സ്‌റ്റേഷനിലെ പൊലീസുകാരാണ് ഇരുവരും. കൈയ്യില്‍ മരണാനന്തര ചടങ്ങിനുള്ള സാധനങ്ങള്‍. പോകുന്നത് ദുബായിൽ ബാങ്ക്‌ ഉദ്യോഗസ്ഥരായ ആനന്ദ്‌ രാമസ്വാമിയുടേയും സഹോദരൻ സൂര്യനാരായണന്റേയും തളി ചാലപ്പുറത്തെ വീടായ ‘പ്രശാന്തി’യിലേക്ക്. 
അമ്മ ഗീതാ നാരായണന്റെ വിയോഗമറിഞ്ഞാണ്‌ ആനന്ദും സഹോദരനും കുടുംബാം​ഗങ്ങള്‍ക്കൊപ്പം ദുബായില്‍ നിന്നും നാട്ടിലെത്തിയത്. കേരളത്തിന്റെ ആരോഗ്യ ജാഗ്രതയിലേക്കാണ്‌ അവർ ഏഴുപേർ പറന്നിറങ്ങിയത്‌.   മക്കൾ എത്തുംമുമ്പേ ബന്ധുക്കൾ അന്ത്യദർശനം കഴിഞ്ഞ്‌ മാറിനിന്നു. 

വിദേശത്ത് നിന്ന് എത്തിയവര്‍ 14 ദിവസം വീട്ടിൽ  തങ്ങണമെന്ന്‌ ആരോഗ്യ വകുപ്പ്‌ ജീവനക്കാരും ജനമൈത്രി പൊലീസും ഫോണിൽ വിളിച്ച്‌ ഓർമിപ്പിച്ചു.  നിരീക്ഷണത്തിൽ കഴിയവെ ഭക്ഷണകാര്യമടക്കം  അന്വേഷിച്ചു. മരണാനന്തരം അഞ്ചാം നാൾ മുതൽ പിണ്ഡം കടലിലൊഴുക്കണം. വരക്കൽ കടപ്പുറത്ത്‌ പോയി ചടങ്ങ്‌ പൂർത്തിയാക്കാൻ അനുവദിച്ചു.  പൂജാദ്രവ്യങ്ങൾ എങ്ങിനെ എത്തിക്കുന്നായിരുന്നു ആശങ്ക. കടയിൽ പൂജാവസ്തുക്കളുടെ പട്ടിക വിളിച്ചുപറഞ്ഞു. ആരെങ്കിലും വന്ന്‌ എടുക്കില്ലേയെന്ന്‌ കടക്കാരും. വെള്ളിയാഴ്‌ച രാവിലെയാണ്‌ ജനമൈത്രി പൊലീസിലെ ബീറ്റ്‌ ഓഫീസർ നിറാഫിനോടാണ്  ആനന്ദ്‌ രാമസ്വാമി ഇക്കാര്യം പങ്കുവച്ചത്‌.  11 ആയപ്പോഴേക്കും സാധനങ്ങളുമായി നിറാഫും ഉമേശനുമെത്തി–- എല്ലാ മുൻകരുതലോടെയും. മടങ്ങുമ്പോൾ ഇരുവരും ഓർമിപ്പിച്ചു–- ‘ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്‌.’

കേരളത്തിന്റെ നന്മയുള്ള മനസ്സാണ്‌ വീടിന്റെ ഉമ്മറത്തുവന്ന പൊലീസുകാരെന്ന്‌ ആനന്ദ്‌ പറയുന്നു. ദുബായിൽ പോലുമില്ലാത്ത ജാഗ്രത ഇവിടെയുണ്ട്‌.  ദുബായിലേക്ക്‌ തിരിക്കും മുമ്പ്‌ ചെയ്യാൻ അവര്‍ക്ക് ഒരു ചടങ്ങ്‌ ബാക്കിയുണ്ട്‌. കുഞ്ഞുകാര്യങ്ങൾ  അന്വേഷിച്ച്‌ മഹാവിപത്തിനെ തടുക്കുന്നവരെ നേരിൽ കണ്ട്‌ നന്ദി പറയണം.  പൊലീസിനെയും ആരോഗ്യജാഗ്രതയെയും അഭിനന്ദിച്ച്‌ ആനന്ദ്‌ രാമസ്വാമി ഫേസ്‌ബുക്കിൽ കുറിച്ചു.


പ്രധാന വാർത്തകൾ
 Top