02 March Tuesday

എലവഞ്ചേരി അഥവാ പിഎസ്‌സി ഗ്രാമം

ജോൺസൺ പി വർഗീസ്‌Updated: Sunday Feb 21, 2021

എലവഞ്ചേരിയിൽ നിന്ന്‌ വിവിധ വകുപ്പുകളിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചവർ ഒത്തുചേർന്നപ്പോൾ / ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


പാലക്കാട്‌
പിഎസ്‌സി ലിസ്റ്റ്‌ മറികടന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പിൻവാതിൽ നിയമനം നടത്തുന്നുവെന്ന് മുറവിളി കൂട്ടുന്നവർ കാണണം എലവഞ്ചേരി ഗ്രാമത്തെ. ഒരുവർഷത്തിനിടെ 200ഓളം പേരാണ്‌ വിവിധ തസ്തികകളിലായി ഈ ​ഗ്രാമത്തില്‍നിന്ന് പിഎസ്‌സിവഴി സർക്കാർ ജീവനക്കാരായത്. നിയമനങ്ങളിൽ പിണറായി സർക്കാർ പുലര്‍ത്തുന്ന കൃത്യതയും വേഗവുമാണ് പാലക്കാട് ജില്ലയിലെ കിഴക്കൻഗ്രാമമായ എലവഞ്ചേരി കാണിച്ചുതരുന്നത്.

മൂന്നിലൊരു വീട്ടിൽ ഒരാള്‍ക്കെങ്കിലും ഇന്നിവിടെ സർക്കാർ ജോലിയുണ്ട്. ചില വീട്ടിൽ രണ്ടും മൂന്നും പേർക്ക്‌ സര്‍ക്കാര്‍ജോലിയുണ്ട്‌. ജോലിയിൽ പ്രവേശിച്ചവരിൽ പകുതിയും പൊലീസിൽ. അഞ്ചുവർഷത്തിനിടെയുള്ള കണക്ക്‌ 300നുമുകളിൽ വരും. നേരത്തേ വിജയിച്ചവരുടെ പഠനസമവാക്യങ്ങൾ പിന്തുടർന്നതാണ് പുതുതലമുറയുടെ‌ വിജയരഹസ്യം.

ലക്ഷ്യത്തിലെത്താൻ 
സർക്കാർ കൂടെയുണ്ടെന്ന്
കുന്നിൽ വീട്ടിൽ എസ്‌ ദിവ്യക്ക്‌ ലാസ്‌റ്റ്‌ ഗ്രേഡ്‌ നിയമനം ലഭിച്ചത്‌ 2020 ഫെബ്രുവരിയിലാണ്‌. അമ്മയുടെ തുന്നൽജോലിയിൽനിന്ന്‌ കിട്ടുന്ന വരുമാനത്തിൽമാത്രം ഞെരുങ്ങിയ കുടുംബത്തിന്റെ അത്താണിയാണ്‌ ദിവ്യയിപ്പോൾ.
നാല്‌ വർഷത്തെ പഠനത്തിനിടയിൽ പൊലീസ്‌ റാങ്ക്‌ലിസ്‌റ്റിലും ഇടംനേടി. മേലെ കരിപ്പായ്‌ എൻ നിഷ 2019 സെപ്‌തംബറിലാണ്‌ എൽഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചത്‌. ഡിഗ്രി പഠനത്തിനുശേഷം  ഒരുവർഷത്തെ പരിശ്രമത്തിൽ 11 തസ്‌തികളിലേക്കുള്ള റാങ്ക്‌ലിസ്‌റ്റുകളിലാണ്‌‌ നിഷ ഇടംപിടിച്ചത്‌. എം രാധിക(എൽഡി ക്ലർക്ക്‌), നവീൻ ഘോഷ്‌(ലാസ്‌റ്റ്‌ ഗ്രേഡ്‌, തൃശൂർ), വി സുജിത്‌(എൽഡി ക്ലർക്ക്‌)എന്നിങ്ങനെ തുടരുന്നു എലവഞ്ചേരിയുടെ സമീപകാലവിജയഗാഥ. 2021 ജനുവരി ഒന്നിന്‌ ലാബ്‌ അസിസ്റ്റന്റ്‌ നിയമന ഉത്തരവ് നേടിയ എസ്‌ ദീപയാണ് ഈ വിജയക്കുതിപ്പിലെ  അവസാനകണ്ണി.
കഴിഞ്ഞ സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷയുടെ‌ ശാരീരിക ക്ഷമതാ നിർണയത്തിന്‌‌ എലവഞ്ചേരിയിൽനിന്ന്‌ ടെമ്പൊ ട്രാവലറിലാണ്‌ ഉദ്യോഗാർഥികൾ പോയത്‌. അതിശയോക്തികൾക്ക്‌ അപ്പുറമാണ്‌ ഇവരുടെ ഇച്ഛാശക്തിയും മനോബലവും.  
ഞങ്ങളുടെ അവസരം 
നിഷേധിക്കരുത്‌

പിഎസ്‌സി നിയമനങ്ങളെച്ചൊല്ലി വ്യാജപ്രചാരണം നടത്തി സമരം ചെയ്യുന്നവരോട്‌ റാങ്ക്‌ ലിസ്‌റ്റിൽ ഇടംപിടിച്ച  ഉദ്യോഗാർഥികൾ പറയുന്നു. "അനാവശ്യസമരങ്ങൾ നടത്തി നടപടികളിൽ കാലതാമസമുണ്ടാക്കരുത്‌, എത്രയുംവേഗം അടുത്ത പരീക്ഷയെഴുതി ജോലിയിൽ പ്രവേശിക്കണം. ഞങ്ങൾക്ക്‌ 2018 ജൂലൈയിൽ നടന്ന ലാസ്‌റ്റ്‌ ഗ്രേഡ്‌ പരീക്ഷയിൽ 1041, 1027,1079 എന്നിങ്ങനെ റാങ്കുകളുള്ളവരാണ്‌ എസ്‌ സുധീഷ്‌, മനോജ്‌, കെ വിഷ്‌ണു എന്നിവർ. സമരം നടത്തുന്നവരില്‍ ചിലർ ഞങ്ങളേക്കാൾ കുറഞ്ഞ റാങ്കിലാണെന്ന് അറിഞ്ഞു. അവകാശങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുണ്ട്.‌ എന്നാൽ, യാഥാർഥ്യബോധമില്ലാതെ സമരത്തിന് ഉദ്യോഗാർഥികളെ വലിച്ചിഴയ്‌ക്കുന്നവർക്ക്‌‌ മറ്റ്‌ താൽപ്പര്യങ്ങളുണ്ടാകും. റാങ്ക്‌ലിസ്‌റ്റിൽ ഇടംപിടിച്ചവർക്കെല്ലാം ജോലി എന്നത്‌ സാക്ഷരകേരളത്തെ തെറ്റിദ്ധരിപ്പിക്കാനേ കഴിയുവെന്ന്‌ ഏകസ്വരത്തില്‍ ഇവർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top