05 April Sunday

ഡാഡിയെ കാത്ത്‌ പൊന്നോമനകൾ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


തൃശൂർ
ബംഗളൂരുവിൽനിന്ന്‌ ഡാഡിയുടെ വരവും കാത്തിരിക്കുന്ന ഏദന്റെയും ആൻ തെരാസിന്റെയും മുന്നിൽ പകച്ചുനിൽക്കുകയാണ്‌ ബന്ധുക്കൾ. സാധാരണ പുലർച്ചെ തന്നെ ഡാഡി വീട്ടിലെത്താറുണ്ട്‌. ബസപകടത്തിൽ പ്രിയപ്പെട്ട ഡാഡി മരിച്ച വിവരം കുരുന്നുകൾ അറിഞ്ഞിരുന്നില്ല. സ്ഥിരമായി തീവണ്ടിയിൽ നാട്ടിലെത്താറുള്ള, ചിയ്യാരം സ്വദേശി ചിറ്റിലപ്പിള്ളി പോളിന്റെ മകൻ ജോഫി(33) ടിക്കറ്റ്‌ ലഭിക്കാത്തതിനെത്തുടർന്നാണ്‌ യാത്ര ബസിലാക്കിയത്‌. മാസംതോറും ബംഗളൂരുവിൽ നിന്ന്‌ നാട്ടിൽ വന്നുപോയിരുന്നു. മൈസൂരിലെ ജ്വല്ലറിയിൽ നിന്ന്‌ ഒരു വർഷം മുമ്പാണ്‌ ബംഗളൂരുവിലെ ജ്വല്ലറിയിലേക്ക്‌ മാറ്റം ലഭിച്ചത്‌.

കുടുംബ പ്രാരാബ്ധങ്ങളെത്തുടർന്നാണ്‌ പ്ലസ്‌ടുവിന്‌ ശേഷം തുടർ വിദ്യാഭ്യാസത്തിന്‌ പോകാതെ ജ്വല്ലറിയിൽ ജോലിയിൽ പ്രവേശിച്ചത്‌. 15 വർഷമായി ജോയ്‌ ആലുക്കാസ്‌ ജ്വല്ലറിയിലെ ജീവനക്കാരനായ ജോഫി ബംഗളൂരു ഷോറൂമിൽ മാനേജരാണ്‌. ഭാര്യയും പറക്കമുറ്റാത്ത മൂന്ന്‌ മക്കളും അടങ്ങിയതാണ്‌ കുടുംബം. തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ പെട്ടി ഓട്ടോ ഡ്രൈവറാണ്‌ പിതാവ്‌ പോൾ. അമ്മ ത്രേസ്യയും രണ്ട്‌ സഹോദരങ്ങളും ചിയ്യാരത്തെ വീട്ടിലാണ്‌ താമസം. വീടിനോട്‌ ചേർന്ന്‌ പുതിയ വീട്‌ നിർമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ജോഫി. തറ പണി കഴിഞ്ഞു. തുടർ നിർമാണങ്ങൾ ആരംഭിക്കാനിരിക്കെയാണ്‌ ദുരന്തം. ഏഴ്‌ വയസ്സുകാരനായ മൂത്ത കുട്ടി ഏദൻ കുരിയച്ചിറ സെന്റ്‌ പോൾസ്‌ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാർഥിയാണ്‌. ആൻ തെരാസ്‌ ചിയ്യാരം സെന്റ്‌ മേരീസ്‌ യുപി സ്‌കൂളിലെ പ്ലേ സ്‌കൂളിലും. ഒന്നര വയസ്സുകാരി അന്ന തെരാസും ഭാര്യ റിസിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ജോഫി.


പ്രധാന വാർത്തകൾ
 Top