31 March Tuesday

ഒരുമിച്ച്‌ ജീവിച്ച്‌ കൊതിതീരുംമുമ്പേ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


വടക്കാഞ്ചേരി
ബംഗളൂരുവിൽനിന്നുള്ള ബസ് കാത്ത് സ്‌നിജോ മണ്ണുത്തിയിൽ നിന്നു. പുലർച്ചെ 4.30 ആയിട്ടും കാണാതായതോടെ ഫോണിൽ വിളിച്ചു. പക്ഷേ, മറുപടിയില്ല. അവൾ ഉറക്കത്തിലായിരുന്നു. ഒരിക്കലും ഉണരാതെ... വിവാഹംകഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമാണ് അനുവിനെ സ്നിജോയില്‍നിന്ന് മരണം വേര്‍പെടുത്തിയത്.
എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം വാഴപ്പിള്ളി സ്നിജോ ജോസിന്റെ ഭാര്യ അനുവാണ്‌ മരിച്ചത്‌. ഇയ്യാല്‍ കൊള്ളന്നൂര്‍ വര്‍ക്കിയുടെയും മാര്‍ഗിനിയുടെയും മകളാണ്. 2019 ഫെബ്രുവരി 18ന്‌ വിവാഹനിശ്‌ചയം നടന്നു. ജനുവരി 19നായിരുന്നു വിവാഹം. ഇരുവരും ഡൽഹിയിൽ ഹണിമൂൺ യാത്ര കഴിഞ്ഞാണ്‌ ബംഗളൂരുവിലെത്തിയത്‌.

സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്‌റ്ററാണ് അനു. അടുത്ത ഞായറാഴ്ച സ്നിജോ ഖത്തറിലേക്ക് പോവുകയാണ്. ഇതിന്റെ കാര്യങ്ങൾ ശരിയാക്കാൻ നാട്ടിലേക്ക് മടങ്ങി. അനുവിന് ലീവില്ലാത്തതിനാൽ ഒന്നിച്ച് മടങ്ങാനായില്ല. തുടർന്നാണ് ബുധനാഴ്ച രാത്രി ബസിൽ യാത്രതിരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ 4.30ന് തൃശൂരിൽ എത്തുമെന്ന് അറിയിച്ചു. മണ്ണുത്തിയിൽ സ്നിജോ കാത്തുനിൽക്കുകയായിരുന്നു. അനു ഫോൺ എടുക്കാതായതോടെ കെഎസ്ആർടിസി സ്റ്റേഷനിൽ വിളിച്ചപ്പോൾ വണ്ടിക്ക് ചെറിയ അപകടം പറ്റിയെന്ന് അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളെ വിളിച്ച് അവിനാശിയിലേക്ക് പോയി. അവിടെയെത്തിയ ശേഷമാണ് മരണവിവരമറിഞ്ഞത്. മുഖംപോലും ഒന്നും കാണാനാവാതെ അവൾ യാത്രയായി.

മൃതദേഹം വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ എരുമപ്പെട്ടി ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് പ്രത്യേകം ആംബുലൻസിൽ അഞ്ചേമുക്കാലോടെയാണ് ഭര്‍തൃഗൃഹത്തിലെത്തിച്ചത്. തുടര്‍ന്ന് ഇയ്യാലുള്ള വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ ഇയ്യാൽ പള്ളി സെമിത്തേരിയിൽ. അനുവിന്റെ സഹോദരങ്ങള്‍: ബെന്നി, ബീന. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി മന്ത്രി എ സി മൊയ്തീൻ പുഷ്പപചക്രം സമർപ്പിച്ചു.


പ്രധാന വാർത്തകൾ
 Top