04 April Saturday

തലനാരിഴയ്‌ക്ക്‌ കൈപ്പിടിയിലായ ജീവൻ

കെ പി പ്രവീഷ‌്Updated: Friday Feb 21, 2020



പാലക്കാട്‌
തലനാരിഴയ്ക്ക്‌ കൈപ്പിടിയിലൊതുക്കിയ ജീവനുമായി പെരുവെമ്പിലെ വീട്ടിലിരിക്കുമ്പോഴും സന്തോഷിന്റെ കണ്ണുകളിൽ ഭീതി.  ബസിൽ സഹസഞ്ചാരികളായിരുന്നവരിൽ പകുതിയും ജീവനറ്റ്‌ കിടന്ന കാഴ്‌ചയാണ്‌ പെരുവെമ്പ്‌ പുളിന്നിരക്കോട്‌ സന്തോഷ്‌ കുമാറിന്റെ കണ്ണിൽ മങ്ങാതെ തെളിയുന്നത്‌.
അപകടത്തിൽപ്പെട്ട കെഎസ്‌ആർടിസി ബസിൽ ഇടതുഭാഗത്ത്‌ മൂന്നാമത്തെ വരിയിലായിരുന്നു സന്തോഷ്‌കുമാറിന്റെ സീറ്റ്‌.

ബംഗളൂരു മെട്രോ റെയിൽവേയിൽ ഡിസൈനറായി  ജോലി ചെയ്യുകയാണ്‌ സന്തോഷ്‌കുമാർ.  മുത്തശ്ശിയുടെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനാണ്‌ ബംഗളൂരുവിൽനിന്ന്‌ പാലക്കാട്ടേക്ക്‌ തിരിച്ചത്‌. വ്യാഴാഴ്‌ച ബുക്ക്‌ ചെയ്ത ടിക്കറ്റ്‌ ശിവരാത്രി അവധികൂടി പരിഗണിച്ച്‌ ബുധനാഴ്‌ചത്തേക്ക്‌ മാറ്റുകയായിരുന്നു.
ഉറക്കത്തിൽ വലിയ ശബ്ദം കേട്ട്‌ ഞെട്ടിയുണർന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലായില്ലെന്ന്‌ വ്യാഴാഴ്‌ച രാവിലെ വീട്ടിലെത്തിയ സന്തോഷ്‌കുമാർ ദേശാഭിമാനിയോടു പറഞ്ഞു.

ബസിന്റെ ഒരുഭാഗം മുഴുവൻ തകർന്നുകിടക്കുന്നു. ഒന്നും കാണാനാവാത്ത വിധം ചുറ്റും പുക നിറഞ്ഞു.  പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ കാൽ മുന്നോട്ടുവയ്ക്കാനായില്ല. പലരുടെയും ജീവനറ്റ ശരീരങ്ങളും മാംസക്കഷ്‌ണങ്ങളും മുന്നിൽ കണ്ടപ്പോൾ പിന്തിരിഞ്ഞു.  ബസിന്റെ മുൻവാതിലും തകർന്നതിനാൽ  ആ വഴിയും ഇറങ്ങാനായില്ല. 

ദുരന്തമുഖത്ത്‌ തടിച്ചുകൂടിയ നാട്ടുകാർ ലഗേജ്‌ ഡോർ ഉയർത്തിയപ്പോള്‍ അതു  വഴിയാണ്‌ സന്തോഷ്‌ പുറത്തുകടന്നത്‌.  തുടർന്ന്‌ ബംഗളൂരു–-പത്തനംതിട്ട ബസിൽ നാട്ടിലേക്ക്‌ തിരിച്ചു. അപകടത്തിൽ താടിക്കും കാലിനും  മുറിവേറ്റ ഇദ്ദേഹം പാലക്കാട്‌ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.


പ്രധാന വാർത്തകൾ
 Top