04 June Thursday

ഒന്നിച്ചുതന്നെ, അവസാന യാത്രയിലും

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


കൊച്ചി
അവർ രണ്ടാളും ഒന്നിച്ചാണ്‌ കെഎസ്‌ആർടിസിയിൽ ജോലിക്ക്‌ കയറിയത്‌. ഒരുമിച്ചായിരുന്നു യാത്രകളേറെയും. മരണത്തിലും ഒരുമിച്ച്‌. കെഎസ്‌ആർടിസി ഡ്രൈവർ ഗിരീഷിന്റെയും ഡ്രൈവർ കം കണ്ടക്‌ടർ ബൈജുവിന്റെയും ഔദ്യോഗികജീവിതമത്രയും സഹപ്രവർത്തകർക്കും യാത്രികർക്കും ഒരിക്കലും അവസാനിക്കാത്ത സ്‌നേഹ സഞ്ചാരങ്ങളായിരുന്നു.

ആരക്കുന്നം വെളിയനാട്‌ സ്വദേശി ബൈജുവും പെരുമ്പാവൂർ സ്വദേശി ഗിരീഷും 2008–-ലാണ്‌ കെഎസ്‌ആർടിസിയിൽ ജോലിക്കാരായത്‌. സൗഹാർദപൂർണമായ പെരുമാറ്റവും ജോലിയിലെ ആത്മാർഥതയും ഇരുവരെയും ഏവർക്കും പ്രിയപ്പെട്ടവരാക്കി. വ്യത്യസ്‌ത ട്രേഡ്‌ യൂണിയനുകളിലാണ്‌ പ്രവർത്തിച്ചിരുന്നതെങ്കിലും ഔദ്യോഗിക കാര്യങ്ങളിൽ ഇരുവർക്കും ഒരുമനസ്സായിരുന്നെന്ന്‌ സഹപ്രവർത്തകർ ഓർക്കുന്നു. 

നന്മയുടെ താക്കോൽ
ഗിരീഷിനെയും ബൈജുവിനെയും കെഎസ്‌ആർടിസി എംഡി നേരിട്ട്‌ അഭിനന്ദിച്ച സംഭവവുമുണ്ട്. 2018 ജൂൺ മൂന്നിന്‌ ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ യാത്രക്കാരിലൊരാൾ ഡ്രൈവറുടെ കാബിനിലേക്ക്‌ വന്ന്‌ ബൈജുവിനോട്‌ ഒരു താക്കോൽ തരാമോ എന്നു ചോദിച്ചു. തൃശൂരിൽനിന്ന്‌ കയറിയ ഡോ. കവിത വാര്യർ എന്ന യാത്രികയ്‌ക്ക്‌ അപസ്‌മാരബാധയുണ്ടായെന്നും അവരുടെ കൈയിൽ പിടിപ്പിക്കാനാണെന്നും പറഞ്ഞു. ബൈജു ഒരു താക്കോൽ എടുത്തുകൊടുത്തു. അൽപ്പം കഴിഞ്ഞ്‌ അയാൾ വീണ്ടും വന്നു. കുറവില്ല, ചിലപ്പോൾ ആശുപത്രിയിലാക്കേണ്ടിവരുമെന്ന്‌ അറിയിച്ചു. അപ്പോൾ ബസ്‌ കർണാടകയിലെ ഹൊസൂരിൽ എത്തിയിരുന്നു. ദേശീയപാതയോരത്തുള്ള ജനനി ഹോസ്‌പിറ്റലിലേക്ക്‌ വണ്ടി തിരിച്ചു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബംഗളൂരു ഡിപ്പോയിൽ വിളിച്ച്‌ വിവരം പറഞ്ഞു. എംഡിയായിരുന്ന ടോമിൻ ജെ തച്ചങ്കരി  ഈ സംഭവത്തിൽ ഇരുവരെയും അഭിനന്ദിച്ചിരുന്നു.

വിശ്രമമില്ലായിരുന്നു ബൈജുവിന്‌
എറണാകുളത്തുനിന്ന്‌ ബാംഗളൂരുവിലേക്കുള്ള ട്രിപ്പ് മുടങ്ങാതിരിക്കാൻ 24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞെത്തിയ ബൈജു വീണ്ടും വാഹനമോടിച്ച സംഭവവുമുണ്ട്. കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു അത്‌. ഷെഡ്യൂൾ പ്രകാരം എറണാകുളത്ത്‌ എത്തേണ്ട ബസ് കൃഷ്‌ണഗിരിയിൽ ബ്രേക്ക് ഡൗൺ ആയതിനാൽ എറണാകുളത്തുനിന്ന്‌ യാത്രക്കാരെ കയറ്റിപ്പോകാൻ ബസ്‌ ഇല്ലാതായി. ഈ സമയം ബൈജു ഓടിച്ചിരുന്ന ബസ്‌ ബംഗളൂരുവിലായിരുന്നു. അടുത്ത ദിവസം മാത്രം എറണാകുളത്തേക്ക്‌ പുറപ്പെടേണ്ട ബൈജു പ്രത്യേക സാഹചര്യത്തിൽ അവിടെനിന്ന്‌ ബസ്‌ എടുത്തു. ബസ് ഇല്ലാത്തത്‌ അത്യാവശ്യ യാത്രകൾ മുടങ്ങുമായിരുന്ന അമ്പതോളംപേരുടെ പ്രയാസവും കെഎസ്‌ആർടിസിക്ക്‌ ഉണ്ടാകുമായിരുന്ന അപകീർത്തിയും മാത്രമായിരുന്നു വിശ്രമം ഉപേക്ഷിച്ച്‌ ആ ചുമതല ഏറ്റെടുക്കാൻ ബൈജുവിനെ പ്രേരിപ്പിച്ചത്‌.

അവിനാശി ഗിരീഷിന് ദുരന്തഭൂമി
പുല്ലുവഴി കുറ്റിക്കാട്ട്‌ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവാഘോഷത്തിലേക്കാണ്‌ ഗിരീഷിന്റെ വ്യാഴാഴ്‌ചത്തെ പുലരി പിറക്കേണ്ടിയിരുന്നത്‌. ഉത്സവാഘോഷത്തിൽ പങ്കെടുക്കാൻ അന്നേ ദിവസം അവധിക്ക്‌ അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. മറ്റൊരാളുടെ ഡ്യൂട്ടി പകരം ചെയ്‌ത്‌ അതിന്‌ വഴി കണ്ടെത്തുകയായിരുന്നു ഗിരീഷ്‌. കുടുംബാംഗങ്ങൾക്കൊപ്പം ചേരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്‌ വഴിയിൽ ഗിരീഷിനെ മരണം തട്ടിയെടുത്തത്‌.

എന്നും രാവിലെ ഗിരീഷിനെ ഫോൺ വിളിച്ചിട്ടേ പ്ലസ്‌ വൺകാരിയായ മകൾ ദേവിക സ്കൂളിൽ പോകാറുള്ളു. ഏഴ്‌ വർഷം മുമ്പ്‌ ഗിരീഷ്‌ കെഎസ്ആർടിസിയിൽ ജോലിക്ക് പോയി തുടങ്ങിയത്‌ മുതലുള്ള പതിവാണത്. വ്യാഴാഴ്‌ച വിളിച്ചെങ്കിലും എടുത്തില്ല. തിരക്കായിരിക്കുമെന്ന്‌ അമ്മ സ്‌മിതയുടെ മറുപടിയിൽ ദേവികയ്‌ക്ക്‌ തൃപ്‌തിയായില്ല. ഗിരീഷിന്റെ അമ്മാവന്റെ മകളാണ്‌ ടിവിയിലൂടെ  അപകടവിവരം ആദ്യം അറിഞ്ഞത്‌. ബന്ധുക്കൾ പിന്നീട്‌  സ്‌മിതയെയും ദേവികയെയും അറിയിച്ചു. ഗിരീഷിന്റെ അമ്മ ലക്ഷ്‌മിയും ഇവർക്കൊപ്പമാണ്‌ താമസം.

മൂന്ന്‌ വർഷം മുമ്പാണ്‌ ഗിരീഷ്‌ ബംഗളൂരു റൂട്ടിൽ കയറിയത്‌. ദീർഘ യാത്ര ഇഷ്‌ടമായിരുന്നു. 12 വർഷം മുമ്പ് അവിനാശിയിൽ വച്ച് ഗിരീഷ്‌ ഒരപകടത്തിൽപ്പെട്ടിട്ടുണ്ട്‌.  അന്ന്‌ വലതുകൈ ഒടിഞ്ഞ് ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു. നാലുവർഷം മുമ്പാണ് വാരിക്കാട്ട്‌ പുത്തൂരാൻ കവലയിൽ വീട് പണിത് താമസം മാറിയത്.


പ്രധാന വാർത്തകൾ
 Top