16 June Sunday
വികസനത്തോറ്റം പാടി നാട്‌

"ടേക്‌ ഓഫ്‌ 'കണ്ണൂർ

കെ ടി ശശിUpdated: Thursday Feb 21, 2019

കണ്ണൂർ
നെയ‌്ത്തോടങ്ങളുടെ താളാത്മകതയും തെയ്യക്കാവുകൾ പകരുന്ന കൂട്ടായ‌്മയും ചേർന്ന   സ‌്നേഹനൈർമല്യങ്ങളിലേക്കാണ‌്  കണ്ണൂരിൽ ഇടതുപക്ഷ രാഷ‌്ട്രീയം പടർന്നുകയറിയത‌്. തറികളുടെയും തിറകളുടെയും മാത്രമല്ല, ഇതിഹാസ സമാനമായ സമരമുന്നേറ്റങ്ങളുടെയും ഭൂമികയാണ‌് കണ്ണൂർ. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ജനങ്ങൾ ഊതിക്കാച്ചിയെടുത്ത ഈ രാഷ‌്ട്രീയധാരണ മായ‌്ക്കുക എളുപ്പമല്ല. അതുകൊണ്ടാണ‌് ഇടക്കാലത്തെ അഗ്നിപരീക്ഷകളെയെല്ലാം അതിജീവിച്ച‌് കണ്ണൂർ മണ്ഡലം  ഇപ്പോൾ ഇടതുപക്ഷത്തോട‌് കൂടുതൽ ചേർന്നുനിൽക്കുന്നത‌്.

ആദ്യ തെരഞ്ഞെടുപ്പിൽ അന്നത്തെ കെപിസിസി പ്രസിഡന്റ‌് സി കെ ഗോവിന്ദൻനായരെ 90,000 വോട്ടുകൾക്ക‌് തറപറ്റിച്ച‌് എ കെ ജിയെ ഇന്ത്യൻ പാർലമെന്റിലെത്തിച്ച മണ്ഡലം. സ്വാതന്ത്ര്യലബ്ധിയുടെ  അട്ടിപ്പേറുമായി തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ‌് ഇന്ത്യൻ നാഷണൽ കോൺഗ്രസ‌്.  സംസ്ഥാന അധ്യക്ഷനെതിരെ യുവകമ്യൂണിസ്റ്റ‌് നേതാവിന്റെ അട്ടിമറി വിജയം കോൺഗ്രസിനെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ചു. എ കെ ജിയുടെ കാൽനൂറ്റാണ്ടു നീണ്ട സംഭവബഹുലമായ പാർലമെന്ററി പ്രവർത്തനങ്ങളുടെ തുടക്കം കണ്ണൂരിൽനിന്ന‌് തുടങ്ങുന്നു.  

1956ലെ പുനർവിഭജനത്തോടെ ഇല്ലാതായ മണ്ഡലം 1977ലാണ‌് വീണ്ടും  തെരഞ്ഞെടുപ്പുചിത്രത്തിൽ തിരികെയെത്തുന്നത‌്.  അടിയന്തരാവസ്ഥയിലെ അമിതാധികാരമുപയോഗിച്ച‌് കോൺഗ്രസിന്റെ ഏകപക്ഷീയ ജയം ഉറപ്പിക്കുന്ന നിലയിൽ വെട്ടിമുറിച്ചെടുത്തിരുന്നു കണ്ണൂരിനെ. 1977ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് മുന്നണി സ്ഥാനാർഥിയായി സിപിഐയിലെ സി കെ ചന്ദ്രപ്പനും 80ൽ കോൺഗ്രസ‌് നേതാവ‌് കെ കുഞ്ഞമ്പുവുമാണ‌് തെരഞ്ഞെടുക്കപ്പെട്ടത‌്. തുടർന്ന‌്, മുല്ലപ്പള്ളി രാമചന്ദ്രന്റെ ഊഴം. 1984 മുതൽ അഞ്ചു തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി തുടർച്ചയായി വിജയം കൊയ‌്തു. 1999ൽ എ പി അബ്ദുള്ളക്കുട്ടിയിലൂടെയാണ‌് ഇടത‌്മുന്നണി  ഇതിനു തടയിട്ടത‌്. എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുള്ളക്കുട്ടി 10,247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌്  മണ്ഡലം തിരിച്ചുപിടിച്ചത‌്. 2004ൽ ഭൂരിപക്ഷം 83,849 ആയി ഉയർന്നു.

2009ൽ കോൺഗ്രസ‌് നേതാവ‌് കെ സുധാകരനായിരുന്നു ജയം. എന്നാൽ, 2014ൽ സിറ്റിങ‌് എംപിയെ വീഴ‌്ത്തി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി മണ്ഡലത്തെ വീണ്ടും  ഇടതുപക്ഷത്തിന്റെ കരയിലടുപ്പിച്ചു.    

അഞ്ചുവർഷത്തിനിടെ പി കെ ശ്രീമതി  നടപ്പാക്കിയ അഭൂതപൂർവമായ വികസനപ്രവർത്തനങ്ങൾ തന്നെയാണ‌് എൽഡിഎഫിന്റെ ഏറ്റവും വലിയ കരുത്ത‌്. അതിനുമുമ്പുള്ള അഞ്ചുവർഷം എംപിയുടെ സാന്നിധ്യമറിയാത്ത മണ്ഡലത്തിൽ അഞ്ഞൂറുകോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങളാണ‌് പി കെ ശ്രീമതിയുടെ മുൻകൈയിൽ നടപ്പാക്കിയത‌്. കണ്ണൂർ റെയിൽവേ സ‌്റ്റേഷന്റെ  മുഖച്ഛായ മാറ്റിയതടക്കം തൊട്ടുകാണിക്കാവുന്ന എണ്ണമറ്റ  വികസനപദ്ധതികൾ. ഹൃദ്യമായ പെരുമാറ്റവും ചടുലമായ ഇടപെടലുകളുമായി മണ്ഡലത്തിൽ നിറഞ്ഞുനിന്ന എംപിയെ കക്ഷിരാഷ‌്ട്രീയത്തിനതീതമായി ജനങ്ങൾ നെഞ്ചേറ്റുന്നു.

വികസനവിഹായസിലേക്ക‌് വിമാനച്ചിറകുതൊട്ടതടക്കം പിണറായി വിജയൻ സർക്കാരിന്റെ സമാനതകളില്ലാത്ത ഭരണനേട്ടങ്ങളും എൽഡിഎഫിന‌് തുണയാകുന്നു. ഏഴു നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധർമടം ഉൾപ്പെടെ നാലും എൽഡിഎഫിന‌്. കഴിഞ്ഞ തവണ 6,566 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ‌് പി കെ ശ്രീമതി തെരഞ്ഞെടുക്കപ്പെട്ടതെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പോടെ ഈ മണ്ഡലത്തിൽ എൽഡിഎഫ‌് ഭൂരിപക്ഷം 1,02,176 ആയി ഉയർന്നു. അഞ്ചു നഗരസഭയിൽ മൂന്നും 47 പഞ്ചായത്തിൽ 31 ഉം എൽഡിഎഫ‌ിനൊപ്പം. 2015നുശേഷം നടന്ന എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫ‌ാണ‌് വെന്നിക്കൊടി നാട്ടിയത‌്.  


പ്രധാന വാർത്തകൾ
 Top