23 May Thursday

കമ്മട്ടിപ്പാടം... നഗരത്തിനിടയില്‍ നരകിച്ചുപൊറുക്കുന്നിവിടം

മില്‍ജിത് രവീന്ദ്രന്‍Updated: Friday Oct 20, 2017

നഗരത്തിന്റെ എല്ലാ അഴുക്കും വന്നടിയുന്നത് ഇവിടെയാണ്. ആറുമാസം വീട്ടിനുള്ളിലെ ചളിയിലാണ് ജീവിക്കുന്നത്- മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കമ്മട്ടിപ്പാടത്തെ വിനായകന്റെ വാക്കുകള്‍. പുരസ്കാരനിറവില്‍ സിനിമയില്‍ ആവിഷ്കൃതമായ കമ്മട്ടിപ്പാടം എന്ന സ്വന്തം സ്ഥലത്തെക്കുറിച്ചാണ് വിനായകന്‍ അന്നു പറഞ്ഞത്. ഒന്നുകൂടി പറഞ്ഞു: എനിക്ക് കയറിക്കിടക്കാന്‍ ഒരു കൂരയെങ്കിലും ഉണ്ട്. അതില്ലാത്ത, തണുപ്പത്ത് ഒരു പുതപ്പുപോലും ഇല്ലാത്തവരാണ് എന്റെ കൂട്ടുകാര്‍. അപ്പോള്‍ ഞാനെന്ത് പരാതി പറയാന്‍. കമ്മട്ടിപ്പാടത്ത് താന്‍ കണ്ട വൃത്തികെട്ട കാഴ്ചകളെക്കുറിച്ചും ശവം ചുമലിലേന്തി റെയില്‍വേ ട്രാക്കിലൂടെ പുല്ലേപ്പടി ശ്മശാനത്തിലെത്തിച്ചതിനെക്കുറിച്ചും വിനായകന്‍ അന്നു പറഞ്ഞു.

കമ്മട്ടിപ്പാടം എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ കേരളം ഏറെ ചര്‍ച്ചചെയ്തു. ഹൃദയത്തില്‍തൊട്ട നിരൂപണങ്ങളുടെ നിരയും പുരസ്കാരങ്ങളുടെ ഒഴുക്കും ഉണ്ടായി. കമ്മട്ടിപ്പാടം എന്ന കറുത്ത ഇടവും അവിടത്തെ പച്ചയായ ജീവിതങ്ങളും പലരുടെയും ഉള്ളുലച്ചു. അധികാരികളുടെപ്രതികരണങ്ങളുമുണ്ടായി. എന്നാല്‍, അതെല്ലാം അവിടംകൊണ്ട് അവസാനിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കമ്മട്ടിപ്പാടത്തിനു സമീപത്തെ റെയില്‍വേ ട്രാക്കിലൂടെ മൃതദേഹംവഹിച്ചുള്ള മറ്റൊരു യാത്ര കടന്നുപോയി. ചുമട്ടുതൊഴിലാളിയായ കമ്മട്ടിപ്പാടത്തുകാരന്‍ ബാബുവിന്റെ (വിനായകന്‍ വാക്കുകള്‍കൊണ്ടു വരച്ചിട്ടതിന്റെ നേര്‍ചിത്രം). രാവിലെ വീട്ടില്‍ കുഴഞ്ഞുവീണതാണ് ബാബു. വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. പാളം കടന്ന് റോഡിലേക്കിറങ്ങാന്‍ തടസ്സമായി മുന്നില്‍ തീവണ്ടി. അത് കടന്നുപോകാന്‍ 15 മിനിറ്റ് പാളത്തിനുസമീപം കാത്തുനിന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വൈകി. ഡോക്ടര്‍ പറഞ്ഞു: അഞ്ചു മിനിറ്റ്കൂടി നേരത്തെ എത്തിയിരുന്നെങ്കില്‍.... ആ അഞ്ചു മിനിറ്റ് കവര്‍ന്നത് ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയെ. ഇത് കമ്മട്ടിപ്പാടത്തിന്റെ ആദ്യ അനുഭവമല്ല.

സിനിമയില്‍ കണ്ടതു മാത്രമല്ല
കലൂര്‍ കതൃക്കടവില്‍നിന്ന് എറണാകുളം നോര്‍ത്തിലേക്കും സൌത്തിലേക്കും രണ്ടായിത്തിരിയുന്ന റെയില്‍വേ ലെയ്നിനോടു ചേര്‍ന്ന പ്രദേശമാണ് കമ്മട്ടിപ്പാടം. പണ്ട് നെല്‍വയലുകളായിരുന്നു ഇവിടം. ഇന്ന് അഴുക്കുചാലും വെള്ളക്കെട്ടും കുറ്റിക്കാടും ഇടയ്ക്ക് കുടിലുകളും നിറഞ്ഞ പ്രദേശം. പഴയ കമ്മട്ടിപ്പാടത്തിന്റെ ഒരു ഭാഗമാണ് ഇന്ന് കമ്മട്ടിപ്പാടം എന്നറിയപ്പെടുന്ന കമ്മട്ടിപ്പാടം ട്രയാങ്കിള്‍. 20 ഏക്കര്‍, മൂന്നുവശവും റെയില്‍വേ ലൈനിനാല്‍ ചുറ്റപ്പെട്ട പ്രദേശം. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്റെ പുറകുവശം.  80 കുടുംബങ്ങളിലായി 500 ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. വിനാകന്‍ പറഞ്ഞതുപോലെ നഗരത്തിന്റെ അഴുക്കുചാലാണ് ഇവിടം. മഴ പെയ്താല്‍ വീടിനുള്ളിലും കാണും മുട്ടോളം വെള്ളം. വെള്ളമിറങ്ങിയാല്‍ പിന്നെ ചളിക്കുണ്ട്. കുഞ്ഞുങ്ങളുറങ്ങുന്ന തുണിത്തൊട്ടിലില്‍പോലും കാണും ചളിപ്പാട്.

നഗരത്തിലെ അഴുക്കുപേറിവരുന്ന വെള്ളം നിറഞ്ഞ് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ പകര്‍ച്ചവ്യാധിയുടെ കാലമാണിവിടെ. വെള്ളം ഇറങ്ങിപ്പോകാന്‍ ആകെയുള്ളത് നാലടി വ്യാസമുള്ള ഒരു പൈപ്പ്.  പേരണ്ടൂര്‍ കനാലിലേക്കാണ് ഈ വെള്ളം പോകുന്നത്. ഇന്ന് ഈ പൈപ്പിന്റെ മുക്കാല്‍ഭാഗവും ചളിനിറഞ്ഞ് വെള്ളം പുറത്തുപോകാത്ത നിലയിലാണ്. ഈ ദുരിതങ്ങള്‍ക്കിടയിലാണ് പുറത്തേക്കുള്ള യാത്ര പലപ്പോഴും മുടക്കുന്ന തീവണ്ടികള്‍. പാളം കടന്നാല്‍ മാത്രമെ കമ്മട്ടിപ്പാടത്തുകാര്‍ക്ക് പുറത്തിറങ്ങാനാകൂ. സൌത്തില്‍നിന്നു വരുന്ന തീവണ്ടികള്‍ പലപ്പോഴും ഇവിടെ മണിക്കൂറുകള്‍ പിടിച്ചിടും. ഈ സമയം വണ്ടികള്‍ക്കടിയിലൂടെ നൂഴ്ന്നിറങ്ങുന്ന കുട്ടികളെ പലപ്പോഴും കാണാം. ജീവന്‍ പണയംവച്ചുള്ള സാഹസം. സമയത്ത് സ്കൂളിലെത്താനുള്ള തിരക്കിലാണവര്‍.

മുട്ടാത്ത വാതിലില്ല
തങ്ങളുടെ ദുരിതജീവിതത്തിന് അറുതിവരുത്താന്‍ കമ്മട്ടിപ്പാടത്തുകാര്‍ മുട്ടാത്ത വാതിലില്ല, കൊടുക്കാത്ത നിവേദനങ്ങളില്ല. ഫാക്ടില്‍നിന്ന് വിരമിച്ച കമ്മട്ടിപ്പാടത്തുകാരന്‍ വി

അരവിന്ദാക്ഷന്‍

അരവിന്ദാക്ഷന്‍

കെ അരവിന്ദാക്ഷന്റെ കൈയില്‍ താന്‍ നല്‍കിയ നിവേദനങ്ങളുടെ ഒരുകെട്ട് പകര്‍പ്പുണ്ട്. അതില്‍ കേന്ദ്രമന്ത്രിക്കുമുതല്‍ റെയില്‍വേ അധികൃതര്‍വരെ നല്‍കിയത്. നിവേദനം ലഭിച്ചതായി അറിയിച്ചുള്ള  മറുപടിയും ഇക്കൂട്ടത്തിലുണ്ട്. പക്ഷേ, ഫലമുണ്ടായില്ലെന്നുമാത്രം.

കമ്മട്ടിപ്പാടത്തെ കുടിവെള്ളപ്രശ്നവും വൈദ്യുതിപ്രശ്നവും പരിഹരിക്കാനായതായി അരവിന്ദാക്ഷന്‍ പറയുന്നു.എന്നാല്‍, വെള്ളക്കെട്ടും പുറത്തേക്കുള്ള വഴിയും എന്ന ദീര്‍ഘകാലാവശ്യത്തിന് പരിഹാരം ഇനിയും അകലെ. വര്‍ഷങ്ങള്‍ക്കുമുമ്പ് കോര്‍പറേഷന്റെ മുന്‍കൈയില്‍ റെയില്‍പ്പാളത്തിനു സമാന്തരമായി റോഡ്നിര്‍മിക്കാന്‍ 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി. എന്നാല്‍ റെയില്‍വേ എതിര്‍ത്തതോടെ അതും മുടങ്ങി.
വഴിമുടക്കായി റെയില്‍വേ
റെയില്‍വേ അധികൃതരുടെ ശത്രുക്കളാണ് കമ്മട്ടിപ്പാടം നിവാസികളെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റംപറയാനാകില്ല. അത്രയ്ക്കുണ്ട് റെയില്‍വേയുടെ നിസ്സംഗത. റെയില്‍വെയുടെ മാലിന്യങ്ങളെല്ലാം തള്ളുന്ന മാര്‍ഷലിങ് യാര്‍ഡ് കമ്മട്ടിപ്പാടത്തിനടുത്തെ കതൃക്കടവിലാണ്. കമ്മട്ടിപ്പാടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വില്ലനായി നില്‍ക്കുന്നത് അവര്‍തന്നെ. വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാന നിര്‍മിക്കാന്‍ തീരുമാനിച്ചു. നിര്‍മാണം തുടങ്ങിയപ്പോഴേക്കും റെയില്‍വേ അധികൃതരെത്തി തടഞ്ഞു.

ഇവിടത്തെ വെള്ളം ഒഴുക്കിക്കളയാനുള്ള പൈപ്പ് പാളത്തിനടിയില്‍കൂടിയാണ് പോകുന്നത്. ഈ പൈപ്പ് ചളിനിറഞ്ഞ് മുക്കാല്‍ഭാഗവും മൂടിയ നിലയിലാണ്. ഇത് വൃത്തിയാക്കണമെങ്കിലും റെയില്‍വേയുടെ അനുമതി വേണം. അവിടെയുമുണ്ട് റെയില്‍വേയുടെ തടസ്സവാദം. പാളത്തിനു സമാന്തരമായി റോഡ് നിര്‍മിക്കുന്നതിനും തടസ്സം റെയില്‍വേയുടെ ഉടക്കുതന്നെ. പാളം ഉയര്‍ത്തി കമ്മട്ടിപ്പാടത്തുനിന്നു പുറത്തേക്കുള്ള അണ്ടര്‍ പാസേജ് നിര്‍മിക്കുകയാണ് ഒരു വഴി. പക്ഷേ, അതിനും റെയില്‍വേ കനിയണം.
 

പ്രധാന വാർത്തകൾ
 Top