16 February Saturday

മലയോളം വികസനം

സി ജെ ഹരികുമാർUpdated: Sunday May 20, 2018

ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ശബരിമലയിലേക്ക്‌ (ഫയൽ ചിത്രം)


പത്തനംതിട്ട
'എൽഡിഎഫ് ഭരണംവന്നാൽ ക്ഷേത്രകാര്യങ്ങളെല്ലാം കുഴഞ്ഞുമറിയുമെന്നാണ് കരുതിയത്. പക്ഷെ ഇപ്പോൾ എല്ലാവരുടെയും പ്രതീക്ഷ ഈ ഗവണ്മെന്റിലാണ്. ശബരിമലയിൽ നടത്തിയ പരിഷ്കാരങ്ങൾ മാത്രംമതി സർക്കാരിന്റെ പ്രതിബദ്ധതക്ക്', തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ ജീവനക്കാരനും അയ്യപ്പസേവാസംഘം പ്രവർത്തകനുമായ ശിവരാമൻനായർ പറയുന്നു. ഇത് ശിവരാമൻനായരിൽമാത്രം ഒതുങ്ങുന്ന അഭിപ്രായമല്ല. കേരളത്തിലും പുറത്തും നിന്നെത്തിയ ലക്ഷക്കണക്കിന് ഭക്തർ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. നാളിതുവരെ ദർശിച്ചിട്ടില്ലാത്ത വികസന വഴിയിലാണ് ശബരിമലയും ദേവസ്വം ക്ഷേത്രങ്ങളും.

മണ്ഡല മകരവിളക്ക് കാലത്തെ ശബരിമല തീർഥാടനം കുറ്റമറ്റതാക്കിയതിലൂടെ  മറ്റ് സംസ്ഥാനങ്ങളുടെപോലും ആദരവാണ് കേരളത്തെ തേടിയെത്തിയത്. ഉത്സവ ഒരുക്കങ്ങൾ വിലയിരുത്താനും നിർദ്ദേശങ്ങൾ നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എട്ട് മന്ത്രിമാരാണ് ശബരിമല സന്ദർശിച്ചത്. പമ്പയിൽ നിന്ന് കാൽനടയായി മുഖ്യമന്ത്രി സന്നിധാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. സീസണിൽ രണ്ട് തവണ ശബരിമലയിലെത്തിയ ഏക മുഖ്യമന്ത്രിയും പിണറായി വിജയനാണ്. എ പത്മകുമാർ അധ്യക്ഷനായ തിരുവിതാംകൂർ ദേവസ്വംബോർഡിനൊപ്പം സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും അകമഴിഞ്ഞ് രംഗത്തെത്തി.

തീർഥാടകർക്ക് ആവശ്യമായ കുടിവെള്ളം പമ്പ മുതൽ സന്നിധാനം വരെയുള്ള ഭാഗത്ത് 60 കൗണ്ടറുകളിലൂടെ ബോർഡും ജലവിഭവ വകുപ്പുമായി സഹകരിച്ച് വിതരണംചെയ്തു. ഔഷധക്കൂട്ടുകൾ ചേർത്ത് തിളപ്പിച്ച വെള്ളവും ചൂടുവെള്ളവും തണുത്തവെള്ളവുമെല്ലാം 750ലേറെ ടാപ്പുകളിൽകൂടി വിതരണം ചെയ്തു.  പ്രതിദിനം 25,000 ആളുകൾ എന്ന നിലയിൽ സീസണിൽ മൂന്നുനേരവും അന്നദാനം നടത്തി. സന്നിധാനത്ത് ശുചിമുറികൾ, കുളിമുറികൾ, പമ്പയിൽ ശുചിമുറികൾ, സ്വാമി അയ്യപ്പൻ റോഡ്, കെഎസ്ആർടിസി, പമ്പയിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബയോ ടോയ്ലറ്റ് തുടങ്ങിയവ സ്ഥാപിച്ചു. തീർഥാടകർക്ക് ആവശ്യാനുസരണം അപ്പം, അരവണ വഴിപാട് സാധനങ്ങൾ മുടക്കമില്ലാതെ നൽകാൻ ദേവസ്വം ബോർഡ് പ്രത്യേകം ശ്രദ്ധിച്ചു. സന്നിധാനത്തും മലകയറ്റ പാതയിലും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായാൽ അവരെ അടിയന്തരമായി  പമ്പയിൽ എത്തിക്കുന്നതിന് ഓഫ്റോഡ് ആംബുലൻസും ഏർപ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ സേവനങ്ങളും ഏറെ പ്രകീർത്തിക്കപ്പെട്ടു.

ശബരിമലയുടെ അടിസ്ഥാന വികസനത്തിനാണ് സർക്കാർ ഊന്നൽനൽകുന്നത്. ദേവസ്വംബോർഡിന്റെ വികസനോന്മുഖ നിർദ്ദേശങ്ങൾക്ക് സർക്കാർ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ഗവൺമെന്റ് ഫണ്ട,് കിഫ്ബി ഇവ ഉപയോഗിച്ചും സ്വദേശ് ദർശൻ സ്കീമിൽ ഉൾപ്പെടുത്തിയും 323 കോടി രൂപയുടെ വികസന‐ സേവന പദ്ധതികളാണ് നടപ്പാക്കുന്നത്. ദേവസ്വ ബോർഡും വനം വകുപ്പുമായി വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ തർക്കമുണ്ട്. ഇത് പരിഹാരിക്കുന്നതിന് ദേവസ്വം ബോർഡും വനംവകുപ്പും സംയുക്തമായി റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജോയിന്റ് സർവേ ആരംഭിച്ചു.

ദേവസ്വം ബോർഡിലെ അഴിമതി ഇല്ലാതാക്കാനും നിയമനങ്ങൾ യോഗ്യതകൾക്കനുസരിച്ചാക്കാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു. ഓൺലൈൻ അപേക്ഷ നൽകാൻ 'ദേവജാലിക' എന്ന വെബ്സൈറ്റും തയ്യാറാക്കി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുവഴി നിയമിതരായ 142 പേരിൽ പിന്നോക്കവിഭാഗങ്ങളിലെ 62 പേർക്ക് നിയമനം നൽകി. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണവും സംവരണവിഭാഗങ്ങൾക്ക് സംവരണ ശതമാനത്തിൽ വർധനയും ഉറപ്പാക്കാനായി.

നിലയ്ക്കലിൽ 305 ഏക്കർ സ്ഥലം ഇതരസംസ്ഥാനക്കാരയായ തീർഥാടകർക്ക് സൗകര്യമൊരുക്കാൻ വനം വകുപ്പിൽ നിന്ന് വിട്ടുനൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കഴക്കൂട്ടം, ഹരിപ്പാട്, കീഴില്ലം, തൃക്കാക്കര, ആറന്മുള എന്നീ സ്ഥലങ്ങളിൽ ശബരിമല ഇടത്താവളങ്ങൾ സ്ഥാപിക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കുന്നതിന് ബോർഡ് തീരുമാനം എടുക്കുകയും എല്ലാ ക്ഷേത്രങ്ങളിലും ഈ തീരുമാനം നടപ്പാക്കുകയും ചെയ്തു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര കലാപീഠത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിപുലീകരിയ്ക്കാനുമുള്ള നടപടികൾ ആരംഭിച്ചു. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മരങ്ങളും ക്ഷേത്രങ്ങൾക്കാവശ്യമായ പുഷ്പങ്ങൾ ലഭ്യമാകുന്നതിനുള്ള ചെടികളും വച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.  

പ്രധാന വാർത്തകൾ
 Top