28 May Thursday

വധശിക്ഷ ; അപൂർവങ്ങളിൽ അപൂർവം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിലാണ്‌ ഇന്ത്യയിൽ കോടതികൾ വധശിക്ഷ വിധിക്കുന്നത്‌. ബച്ചൻ സിങ്‌ വേഴ്‌സസ്‌ സ്‌റ്റേറ്റ്‌ ഓഫ്‌ പഞ്ചാബ്‌ എന്ന കേസിൽ ഇതുസംബന്ധിച്ച്‌ വിശദമായി പറയുന്നുണ്ട്‌. ഇതുപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ഇവയൊക്കെയാണ്‌.
 

1) ദുരഭിമാനക്കൊല
2) 1987ലെ സതി നിരോധന നിയമപ്രകാരം സതി അനുഷ്ഠിക്കാൻ നിർബന്ധിക്കുന്നയാൾക്കും സതി അനുഷ്ഠിക്കുന്നയാൾക്കും
3) ഗുരുതര കേസിൽ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ടയാൾക്ക്‌ എതിരെ കള്ളസാക്ഷി പറഞ്ഞ്‌ വധശിക്ഷ നടപ്പാക്കിയാൽ, കള്ളസാക്ഷി
പറഞ്ഞയാൾക്ക്‌ വധശിക്ഷ നൽകാം
4) നിരന്തരം വൻതോതിൽ മയക്കുമരുന്ന്‌ കടത്തുന്നവർക്ക്
5) തീവ്രവാദ പ്രവർത്തനം
6) ബലാത്സംഗത്തിന്‌ ശേഷം ഇരയെ കൊല്ലുകയോ ജീവച്ഛവമാക്കുകയോ ചെയ്താൽ
7) രാജ്യദ്രോഹക്കുറ്റം
8) ഇന്ത്യക്ക്‌ എതിരെ യുദ്ധം പ്രഖ്യാപിക്കുക
9) സൈന്യത്തിനുള്ളിൽ കലാപത്തിന്‌ പ്രേരിപ്പിക്കുകയോ  പങ്കാളിയാവുകയോ ചെയ്താൽ
10) വധശിക്ഷയ്ക്കായി കള്ളസാക്ഷി പറഞ്ഞാൽ
11) കൊലപാതകം
12) പ്രായപൂർത്തിയാകാത്തവരുടെ കൊലപാതകം
13) തട്ടിക്കൊണ്ടുപോകൽ, പണം ആവശ്യപ്പെടൽ, പീഡനം
14) 12 വയസ്സിൽ താഴെയുള്ളവരെ ബലാത്സംഗം ചെയ്‌താൽ
15)കൂട്ടായ കവർച്ചയിൽ, ഏതെങ്കിലും പ്രതി കൊല നടത്തിയാൽ കവർച്ചസംഘത്തിലെ എല്ലാവർക്കും
16) വിഷസാന്നിധ്യമുള്ള മദ്യം നിർമിച്ചാലോ വിറ്റാലോ (ഗുജറാത്തിൽ മാത്രം )
 

ബലാത്സംഗ കേസുകളിൽ
നിലവിൽ രാജ്യത്ത്‌ 426 ബലാത്സംഗക്കേസ്‌ പ്രതികൾ വധശിക്ഷ കാത്തു കഴിയുന്നുണ്ട്‌. 2005നുശേഷമുള്ള ഒരു കേസിലും വിധിക്കപ്പെട്ട ശിക്ഷ നടപ്പാക്കിയിട്ടില്ല. പശ്ചിമബംഗാളിൽ 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത്‌ കൊന്ന  ധനഞ്ജയ്‌ ചാറ്റർജിയാണ്‌ അവസാനമായി വധശിക്ഷയ്ക്ക്‌ വിധേയനായത്‌.

കേരളത്തിൽ തൂക്കുകയറിനരികെ 17 പേർ
കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത്‌ 17പേർ. ഒമ്പതുപേർ തൃശൂർ അതിസുരക്ഷാ ജയിലിലും നാലുപേർ വിയ്യൂർ സെൻട്രൽ ജയിലിലും മൂന്നുപേർ പൂജപ്പുര ജയിലിലുമാണ്‌. ഒരാൾ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിൽ അർബുദരോഗ ചികിത്സയിലാണ്‌. അതിനാൽ ജയിലുകളിൽ 16 പേരാണുള്ളത്‌. ഉരുട്ടിക്കൊല കേസിൽ വധശിക്ഷ ലഭിച്ച പൊലീസുകാരൻ ശ്രീകുമാറാണ്‌ ചികിത്സയിലുള്ളത്‌. 

പത്തനംതിട്ട ചെറുകോൽപുഴ സ്വദേശി ഷിബു (തോമസ‌് ചാക്കോ)വിനാണ്‌ ഒടുവിൽ വധശിക്ഷ വിധിച്ചത്‌. 1992ൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ്‌ കേരളത്തിൽ അവസാനം നടപ്പാക്കിയത്‌. 1990ൽ കണ്ണൂരിൽതന്നെ വാകേരി ബാലകൃഷ‌്ണന്റെ വധശിക്ഷയും നടപ്പാക്കി.

പൂജപ്പുര സെൻട്രൽ ജയിലിൽ 1971ൽ അഴകേശനാണ്‌ ഒടുവിൽ തൂക്കിലേറിയത്‌. വധശിക്ഷ ലഭിച്ചിരുന്ന ഗോവിന്ദചാമി, ആലുവ ആന്റണി, രാജേഷ‌് എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയിരുന്നു. ശിക്ഷാ ഇളവിനായി ഹർജി നൽകി കാത്തിരിക്കുകയാണ്‌ പലരും. 



 

 


പ്രധാന വാർത്തകൾ
 Top