10 August Monday

ചൂടിലാണ്‌ ചൂട്‌

ഡോ. എം ജി മനോജ്‌Updated: Thursday Feb 20, 2020


വൃശ്‌ചിക–-ധനുമാസക്കാറ്റും മരംകോച്ചുന്ന മകരക്കുളിരും ഇത്തവണ മലയാളിയെ മറന്നു. കാലം തെറ്റി, താളം തെറ്റി, ചൂട്‌ ചുവടുവച്ചു, പതിവിലും നേരത്തെ...
ലോകം ‘ചൂടാവു’കയാണ്‌... ഒരു നൂറ്റാണ്ടിലെ, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 141 വർഷത്തെ ഏറ്റവും ചൂടേറിയ മാസമായി 2020 ജനുവരി റെക്കോർഡിട്ടു. കരയിലും സമുദ്രോപരിതലത്തിലും ശരാശരി താപനില 1.41 ഡിഗ്രി സെൽഷ്യസാണ് കൂടുതലായി ലോകത്താകമാനം രേഖപ്പെടുത്തിയത്‌. 2016 ജനുവരിയിലെ റെക്കോർഡിനെ മറികടന്നുള്ള വർധന. ഇന്ത്യയിൽ ശരാശരി  കുറഞ്ഞ താപനിലയിലും വർധന രേഖപ്പെടുത്തിയ മാസമായിരുന്നു ജനുവരി. 20.59ൽനിന്ന്‌ 21.92 ഡിഗ്രി സെൽഷ്യസിലേക്ക്‌ ശരാശരി കുറഞ്ഞ താപനില ഉയർന്നു. എൽനിനോപോലുള്ള പ്രതിഭാസങ്ങൾ ഇല്ലാതിരുന്നിട്ടുകൂടി ആഗോള വ്യാപകമായും പ്രാദേശികവുമായി  ചൂട്‌ കൂടുകയാണ്‌. മനുഷ്യനിർമിതമായ ഹരിതഗൃഹവാതക വർധനയാണ്‌ ഇതിന്‌ മുഖ്യകാരണമെന്നാണ്‌ കണ്ടെത്തൽ.

കേരളത്തിൽ ഈവർഷം ജനുവരിമുതൽതന്നെ അന്തരീക്ഷ താപനില ഉയർന്നുതുടങ്ങി. പാലക്കാട്‌ ജില്ലയിൽ ഇതിനോടകം ചൂട്‌ 38 ഡിഗ്രി സെൽഷ്യസ്‌ കടന്നു. പല ജില്ലകളിലും പകൽ താപനില രണ്ടുമുതൽ മൂന്നു ഡിഗ്രി സെൽഷ്യസ്‌ വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും  തുടർച്ചയായി മുന്നറിയിപ്പ്‌ നൽകിക്കൊണ്ടിരിക്കുന്നു.


 

കടൽ, കിഴക്കൻ കാറ്റ്‌
ഇന്ത്യൻ ഉപദ്വീപിന്‌ ചുറ്റുമായി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും താപനില  0.8 മുതൽ 1.2 ഡിഗ്രി സെൽഷ്യസ്‌ വരെ ഉയർന്നുനിൽക്കുന്ന അസാധാരണ സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌. ഇത്‌ തെക്കേ ഇന്ത്യയിൽ ഉഷ്‌ണം കൂട്ടുന്ന ഒരു  ഘടകമാണ്‌. അതോടൊപ്പം ചേർത്തു വയ്‌ക്കേണ്ട ഘടകമാണ്‌ കാറ്റിന്റെ ഗതിയും കറക്കവും.

പൊതുവെ വരണ്ട തമിഴ്‌നാട്‌, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കിഴക്കൻ കാറ്റ്‌ മുഖ്യഘടകമാണ്‌.  അന്തരീക്ഷത്തിന്റെ (ട്രോപോസ്‌ഫിയർ) മധ്യപാളികളിൽ ഘടികാര ദിശയിലുള്ള വായുവിന്റെ കറക്കവും (ആന്റി സൈക്ലോണിക് സർക്കുലേഷൻ) പ്രായേണ സംഭവിക്കുന്നുണ്ട്‌. ഈ കറക്കം ഭൗമോപരിതലത്തിലെ ചൂടുപിടിച്ച സാന്ദ്രത കുറഞ്ഞ വായു മുകളിലേക്ക്‌ ഉയരുന്നതിന്‌ തടസ്സം സൃഷ്ടിക്കും  എന്നുമാത്രമല്ല, മധ്യപാളികളിൽനിന്ന്‌ വായുവിനെ ശക്തമായി താഴേക്ക്‌ തള്ളുകയും ചെയ്യുന്നു. ഈ സമ്മർദത്തിൽ വായു പതിവിലും അധികം  ചൂടുപിടിക്കും. ഇത്തരത്തിൽ സമ്മർദ താപന (compressional warming)വും പൊതുവെ  മേഘങ്ങളില്ലാതെ തെളിഞ്ഞ അന്തരീക്ഷവും വർധിത താപനത്തിന്‌ കാരണമാകുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം പ്രത്യേകിച്ച്‌ തീരപ്രദേശങ്ങളിൽ ഉഷ്‌ണ സൂചിക വർധിപ്പിക്കും. സൂര്യാതപ സാധ്യതയും.

ഭൂമിയെ സംബന്ധിച്ച്‌ സൂര്യൻ ഭൂമധ്യരേഖയിലേക്കുള്ള പ്രയാണത്തിലാണ്‌. മാർച്ച്‌ 20ന്‌ സൂര്യൻ ഭൂമധ്യരേഖയ്‌ക്ക്‌ കൃത്യം മുകളിലെത്തും. തൽഫലമായി സൂര്യപ്രകാശം ഏറെക്കുറെ ലംബമായാണ്‌ നമുക്ക്‌ മുകളിൽ പതിക്കുക. തെളിഞ്ഞ അന്തരീക്ഷത്തിൽ തീവ്രത ചോരാതെ ലഭിക്കുന്ന സൂര്യപ്രകാശം ഭൗമോപരിതലത്തിലെ  താപനില ഇനിയും ഉയർത്തുമെന്ന്‌ അർഥം. സാധാരണ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ലഭിക്കുന്ന വേനൽമഴയിലാണ്‌ ഇനി  പ്രതീക്ഷ.


 

ധ്രുവച്ചുഴിയുടെ സ്വാധീനം
കഴിഞ്ഞ കുറെ വർഷങ്ങളായി  ദിവസേനയുള്ള  കൂടിയ താപനിലയിലും കുറഞ്ഞ താപനിലയിലും ഏറെക്കുറെ  വർധനയുണ്ടാവുകയാണ്‌. എന്നാൽ, കഴിഞ്ഞ വർഷം സ്ഥിതി വ്യത്യസ്‌തമായിരുന്നു. പതിവിലേറെ തണുപ്പുകൊണ്ട്‌. ധ്രുവച്ചുഴി (Polar vortex) എന്ന ശൈത്യധ്രൂവക്കാറ്റിന്റെ സാന്നിധ്യമായിരുന്നു കാരണം. ഉത്തരധ്രുവത്തിൽ നിന്നുള്ള ശീതക്കാറ്റാണിത്‌.

ഈവർഷം ഈ ചുഴി പൊതുവെ ദുർബലമായതും അതോടനുബന്ധിച്ച്‌ ഉത്തരേന്ത്യയിൽനിന്ന്‌ എത്തുന്ന തണുത്ത കാറ്റിന്റെ ഗതി മാറിയതും ചൂട്‌ കൂടുന്നതിന്‌  കാരണമായി.

കാട്ടുതീയും കാലാവസ്ഥയും
ലോകത്ത്‌ വ്യാപകമാകുന്ന കാട്ടുതീ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്‌. ഇതിനെപ്പറ്റിയുള്ള പഠനങ്ങളും ഏറെയാണ്‌. 2018ൽ കാലിഫോർണിയയിലും 2019ൽ ആമസോണിലും ആഫ്രിക്കയിലും ഉണ്ടായ കാട്ടുതീകൾ വലിയ പരിസ്ഥിതി നാശമാണ്‌ ഉണ്ടാക്കിയത്‌. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലുണ്ടായ വമ്പൻ കാട്ടുതീ ലോകത്തെതന്നെ ഞെട്ടിച്ചു. അവിടെയുണ്ടായ പരിസ്ഥിതിനാശത്തെപ്പറ്റിയുള്ള കണക്കുകൾ വിവരണാതീതമാണ്‌.  ഇത്‌ കാലാവസ്ഥയെ വലിയ തോതിൽ  സ്വാധീനിക്കുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ചൂടേറുന്നതോടെ നമ്മുടെ വനങ്ങളും  ഭീഷണിയിലാണ്‌.


 

ഉരുകി... ഉരുകി അന്റാർട്ടിക്ക
തണുത്തുറഞ്ഞ അന്റാർട്ടിക്കയിലും ചൂടുകൂടുകയാണ്‌. ഇവിടെ അന്തരീക്ഷതാപനില 20 ഡിഗ്രിസെൽഷ്യസ്‌ കടന്നു എന്ന വാർത്ത പുറത്തുവന്നത്‌  കഴിഞ്ഞ ദിവസമാണ്‌. ഇതിനുമുമ്പ്‌ അന്റാർട്ടിക്കയിൽ രേഖപ്പെടുത്തിയ  കൂടിയ താപനില 19.7 ഡിഗ്രിസെൽഷ്യസ്‌ ആയിരുന്നു. കാലാവസ്ഥയിൽ വലിയതോതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്‌ താപനില ഉയരാൻ കാരണമാകുന്നത്‌. അപകടകരമായ അവസ്ഥയാണിതെന്നും ശാസ്‌ത്രലോകം വിലയിരുത്തുന്നു.

( കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്‌ത്രജ്ഞനാണ്‌ ലേഖകൻ )
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top