Deshabhimani

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളല്ല , അടിമകൾ ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 11:21 PM | 0 min read


തിരുവനന്തപുരം
ജൂനിയർ ആർട്ടിസ്റ്റുകളെ അടിമകളെക്കാൾ മോശമായാണ് മലയാള സിനിമ പരിഗണിക്കുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം.19 മണിക്കൂറോളം പല സെറ്റുകളിലും ജോലി ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ടോയ്‌ലറ്റ് സൗകര്യംപോലും പല സെറ്റുകളിലുമില്ല. പൊരിവെയിലത്ത് മണിക്കൂറുകളോളം ഭക്ഷണവും വെള്ളവുമില്ലാതെ നിൽക്കേണ്ടിവന്നതായി ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തലുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ ‘അമ്മ' അഭിനേതാക്കളായി പരിഗണിക്കാത്തതിനാൽ ഇവർ സംഘടനയുടെ ഭാഗമല്ല. ടെക്‌നീഷ്യന്മാരായി പരിഗണിക്കാത്തതിനാൽ ഫെഫ്കയിലും അംഗത്വമില്ല. കോഡിനേറ്റർമാരും ഏജന്റുമാരും മുഖേന പ്രൊഡക്ഷൻ യൂണിന്റെ ഭാഗമായാണ് ഇവർ സിനിമയിലെത്തുന്നത്.

ഷൂട്ടിങ്ങ് അവസാനിച്ചാലും ശമ്പളമില്ല. പ്രൊഡ്യൂസറുടെയോ കോ ഓർഡിനേറ്ററുടെയോ പിന്നാലെ നടന്നാലുമില്ല കാര്യം. 1800 മുതൽ 5000 രൂപവരെയാണ് ദിവസ ശമ്പളം. ഇടനിലക്കാരനും കോ ഓർഡിനേറ്ററും ഇവർക്ക് നൽകുന്നത് 450 -മുതൽ 500 രൂപ വരെ. ഭക്ഷണം, വെള്ളം, യാത്രാചെലവ്, താമസം തുടങ്ങിയവയും ലഭിക്കില്ല. 100 ജൂനിയർ ആർട്ടിസ്റ്റുകൾവേണ്ട സെറ്റിൽപോലും കുറച്ചുപേർക്കേ ഭക്ഷണ കൂപ്പൺ ലഭിക്കൂ.

ജൂനിയർ ആർട്ടിസ്റ്റുമാരെ നേരിട്ടുകാണാൻ കമ്മിറ്റി അംഗങ്ങൾ ബുദ്ധിമുട്ടിയതും റിപ്പോർട്ടിലുണ്ട്‌. ഏജന്റ് നൽകിയ ലിസ്റ്റ് അനുസരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചവരിൽ പലർക്കും വാട്‌സാപ്പ് നമ്പറോ മെയിൽ ഐഡിയോ ഇല്ല. പലരും തമിഴ്‌നാട്ടിൽനിന്നുള്ളവരായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന പേടിയിൽ പലരും മൊഴി നൽകുന്നതിൽനിന്ന്‌ പിന്മാറി. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഹാജരായത്.

ഹൃദ്രോഗത്തിന് മരുന്നുകഴിക്കുന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റ് ഇരിക്കാൻ കസേര ചോദിച്ചതോടെ അവരെ ഒഴിവാക്കി. ഭർത്താവ് ഉപേക്ഷിച്ചവരോ വിവാഹമോചിതരോ ആയവർ സിനിമയിൽ തൊഴിൽ തേടിവരുന്നുണ്ട്‌. ഇവരുടെ ഒറ്റ വരുമാനത്തിലാണ് പല കുടുംബങ്ങളും പുലരുന്നത്. ജൂനിയർ ആർട്ടിസ്റ്റുമാരായി അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും വ്യാപകമാണെന്ന്‌ റിപ്പോർട്ടിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home