20 August Tuesday

കേരള ബ്രാൻഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ച നിരക്ക‌് രേഖപ്പെടുത്തി കേരളത്തിന്റെ വ്യവസായമേഖല വൻകുതിപ്പിൽ. ലാഭത്തിലായതും അല്ലാത്തതുമായ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റുതുലയ്ക്കുമ്പോഴാണ‌് പൊതുമേഖലയെ സംരക്ഷിച്ച‌് കേരളത്തിലെ മുന്നേറ്റം. 2017–-18ൽ കേരളത്തിന്റെ വരൾച്ച നിരക്ക‌് 9.2 ശതമാനമാണ‌്. അതേസമയം, കേന്ദ്രത്തിന്റേത‌് 5.7 ശതമാനം മാത്രവും. യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലത്തെ 2.9 ശതമാനത്തിൽനിന്നാണ‌് കൃത്യമായ പദ്ധതികളിലൂടെ എൽഡിഎഫ‌് സർക്കാർ വ്യവസായമേഖലയ‌്ക്ക‌് ഉയിർപ്പുനൽകിയത‌്. കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷമില്ലെന്ന‌് നിരന്തരം പ്രചാരണം നടക്കുമ്പോഴാണിത‌്.

പരമ്പരാഗത വ്യവസായങ്ങളും
കൈത്തറി, ഖാദി, കരകൗശലം, ബാംബൂ, കയർ, കശുവണ്ടി മേഖലകളിൽ സർക്കാർ സ്വീകരിച്ച  നടപടികളുടെ ഫലമായി പരമ്പരാഗതമേഖലയിലെ തൊഴിലാളികളെയാകെ സംരക്ഷിച്ച്,  ഉയർന്ന ഉൽപ്പാദനം കൈവരിച്ചു. പരമ്പരാഗതമേഖലയുടെ മഹത്വവും പ്രസക്തിയും നഷ്ടപ്പെടാതെ ഗ്രാമീണ ജനതയുടെ ഉപജീവനത്തിനായും സമ്പദ്ഘടനയുടെ സംരക്ഷണത്തിനായും ഈ മേഖലകളെ സംരക്ഷിച്ചു.

ഖാദി മേഖലയിൽ എട്ടു പുതിയ ഖാദി നൂൽപ്പ് യൂണിറ്റുകൾ സ്ഥാപിച്ചു. 15 പുതിയ ഖാദി നെയ്ത്ത് യൂണിറ്റുകൾ സ്ഥാപിച്ചു. പുതിയ റെഡിമെയ്ഡ് പാവുനിർമാണ യൂണിറ്റുകളും. എല്ലാ തൊഴിലാളികൾക്കും ഇഎസ്ഐ. അഞ്ചു വർഷംകൊണ്ട് 5000 തൊഴിലവസരം സൃഷ്ടിക്കാനായി ഖാദി ഗ്രാമം എന്ന നൂതനപദ്ധതി ആരംഭിച്ചു.
ഗ്രാമീണ വ്യവസായ മേഖലയിൽ എന്റെ ഗ്രാമം തൊഴിൽദായക പദ്ധതിപ്രകാരം 1220 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.  393 സംരംഭങ്ങൾ ആരംഭിച്ചു. 461 പുതിയ യൂണിറ്റുകളും. ഇതുവഴി 1440 തൊഴിലവസരങ്ങൾ. പുതിയ തേനീച്ച വളർത്തൽ പരിശീലനകേന്ദ്രം ആരംഭിച്ച‌് 40 പേർക്ക് പരിശീലനം നൽകി.

എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ കരകൗശല വികസന കോർപറേഷൻ സാമ്പത്തികബാധ്യതകൾ കാരണം പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സർക്കാർ അനുവദിച്ച നാലു കോടി ഉപയോഗിച്ച് കോർപറേഷന്റെ പ്രവർത്തനം മെച്ചപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തുവരുന്നു. പ്രവർത്തന നഷ്ടം അഞ്ചു കോടിയായിരുന്നത് പകുതിയായി കുറച്ചു.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിൽ കയർ മേഖല കഴിഞ്ഞാൽ രണ്ടാമത് കൈത്തറിയാണ്. പുതിയ തലമുറ ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരാത്തത് തിരിച്ചടിയാണ‌്. അവരെ ആകർഷിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്.

ഭാവിക്കായി കരുതൽ
പശ്ചാത്തല സൗകര്യവികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ബൃഹദ‌്പദ്ധതികളായ ലൈഫ് സയൻസ് പാർക്ക്, മെഗാ ഫുഡ് പാർക്ക്, ലൈറ്റ് എൻജിനിയറിങ‌് ഇൻഡസ്ട്രിയൽ പാർക്ക്, ഇലക്ട്രോണിക്സ് ഹാർഡ‌്‌വെയർ പാർക്ക് തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുന്നു. പാലക്കാട്ടെയും ചേർത്തലയിലെയും മെഗാ ഫുഡ്പാർക്ക് നിർമാണപ്രവൃത്തി അന്തിമഘട്ടത്തിൽ.

ആലപ്പുഴ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ റൈസ് പാർക്ക് തുടങ്ങും. പാലക്കാട്, തൃശുർ റൈസ് പാർക്കുകളുടെ നിർമാണം തുടങ്ങി. നെല്ലിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ അടക്കം ഇവിടെ ഉൽപ്പാദിപ്പിക്കും. വയനാട് ജില്ലയിൽ കാർബൺ ന്യൂട്രൽ കോഫി വില്ലേജ് ഉദ്ഘാടനംചെയ്തു. വൈത്തിരി  താലൂക്കിലെ വാര്യാട് ലോകോത്തര ഗുണമേന്മയുള്ള ഒന്നരലക്ഷം കാപ്പിത്തൈ വച്ചുപിടിപ്പിച്ച് കേരള ബ്രാൻഡ് കാപ്പിപ്പൊടി നിർമാണകേന്ദ്രം സ്ഥാപിക്കുന്നതാണ് പദ്ധതി. കർഷകരിൽനിന്ന് കാപ്പിക്കുരു നേരിട്ട് ശേഖരിച്ചശേഷം സംസ്കരിച്ച് വയനാടൻ കാപ്പിയെന്ന ബ്രാൻഡിൽ ലോകമെങ്ങുമുള്ള വിപണിയിൽ എത്തിക്കും. വയനാടൻ റോബസ്റ്റ കാപ്പിക്ക് ഈയിടെ ഭൗമസൂചികാ പദവി ലഭിച്ചത് അംഗീകാരമായി.

പ്രോത്സാഹനം, പലിശ ഇളവ‌്
വിപണന പ്രോത്സാഹനത്തിന് കേരള വാണിജ്യ മിഷൻ രൂപീകരിച്ചു.സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാർജിൻ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. പലിശയിൽ 50 ശതമാനം ഇളവും അനുവദിച്ചു.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കീഴിൽ സംസ്ഥാനത്ത് നിലവിലുള്ള 39  വ്യവസായ വികസന ഏരിയ, പ്ലോട്ട്, എസ്റ്റേറ്റ് എന്നിവിടങ്ങളിൽ 50 കോടിയുടെ നവീകരണപ്രവർത്തനങ്ങൾ നടത്തി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ വിദേശ മലയാളികൾക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തി.
 

ഐടിയിൽ വൻകുതിപ്പ‌്
ഐടി മേഖലയിലും വൻകുതിപ്പാണ‌്  മൂന്നു വർഷംകൊണ്ട‌് നടത്തിയത‌്. ഐടി മേഖലയിലെ വമ്പന്മാരായ നിസാനും ഫുജിറ്റ്സുവും കേരളത്തിൽ വന്നു. നിരവധി വൻകിട കമ്പനികൾ വരാൻ ഒരുങ്ങിനിൽക്കുന്നു. സംസ്ഥാനത്തെ ഐടി പാർക്ക് വിസ്‌തൃതിയിൽ 30ലക്ഷം ചതുരശ്ര അടിയുടെ വർധനയുണ്ടായി. 1.3 കോടി ചതുരശ്ര അടിയിൽനിന്നും 2.3 കോടിയായി ഉയർത്തുകയാണ‌് ലക്ഷ്യം.

17 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ
കേരള മിനറൽസ് ആൻഡ‌് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടിടിപി), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടിസിസി), കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ‌് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്ഡിപി), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, ട്രാൻസ്ഫോർമേഴ്സ് ആൻഡ‌് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്), ദി മെറ്റൽ ഇൻഡസ്ട്രീസ്, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ (കെൽട്രോൺ), കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡ്, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡ്, ദി കേരള സിറാമിക്സ് ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് 2018–-19 സാമ്പത്തികവർഷം ലാഭം കൈവരിച്ചത്. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ദി കേരള സിറാമിക്സ് ലിമിറ്റഡ്, ദി മെറ്റൽ ഇൻഡസ്ട്രീസ് എന്നിവരാണ് ലാഭപ്പട്ടികയിലെ പുതുമുഖങ്ങൾ.

കേരളം ലാഭം വർധിപ്പിക്കുന്നു
കേരളത്തിൽ അധികാരത്തിലിരുന്ന യുഡിഎഫ‌് സർക്കാരുകൾ കേന്ദ്രത്തിന്റെ ചുവടുപിടിച്ച‌് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാൻ ശ്രമം നടത്തിയിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനവർഷം എട്ടു വ്യവസായസ്ഥാപനങ്ങൾ മാത്രമായിരുന്നു ലാഭത്തിൽ. നഷ്ടം  131.6 കോടിയും. എന്നാൽ, എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ 13 സ്ഥാപനങ്ങൾ ലാഭത്തിലായതോടെ നഷ്ടം 71 കോടിയായി കുറഞ്ഞു. 2017–-18ൽ നഷ്ടം നികത്തി 106.91 കോടിയുടെ ലാഭമുണ്ടാക്കി.  മൂന്നുവർഷംകൊണ്ട‌് ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 17 ആയി വർധിച്ചു. ഒപ്പം പ്രവർത്തനലാഭം 258.29 കോടി രൂപയായി ഉയർന്നു.

കേന്ദ്രസ്ഥാപനങ്ങൾ ഏറ്റെടുക്കുന്നു; സൂക്ഷ്മസംരംഭങ്ങൾ ആരംഭിച്ചു
എൽഡിഎ‌ഫ‌് സർക്കാർ വന്നശേഷം 36,000ത്തിലേറെ ഇടത്തരം, ചെറുകിട, സൂക്ഷ്മസംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഈരംഗത്ത് 3250 കോടി നിക്ഷേപവും 1.3 ലക്ഷത്തിൽ അധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കൂടാതെ കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിനെ ഏറ്റെടുക്കാനും സംയുക്ത സംരംഭമായ കാസർകോട്ടുള്ള ബിഎച്ച്ഇഎല്ലിന്റെ 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട‌്.

നടപടിക്രമങ്ങൾ ലളിതം, സുതാര്യം
വ്യവസായം തുടങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കിയതാണ‌് വമ്പൻ കമ്പനികളെ കേരളത്തിലേക്ക‌് ആകർഷിച്ചത‌്. നിലവിലുണ്ടായിരുന്ന ഏഴു നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ‌് ഫെസിലിറ്റേഷൻ ആക്ട് 2018 പാസാക്കി. ഇതോടെ ഈസ് ഓഫ് ഡൂയിങ‌് ബിസിനസിനായി നിയമഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനമെന്ന പദവിയും കേരളത്തിനു ലഭിച്ചു.

വ്യവസായം തുടങ്ങുന്നതിന് ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ‌് ട്രാൻസ്പരന്റ് ക്ലിയറൻസ് (കെസ്വിഫ്റ്റ്) എന്നപേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം കൊണ്ടുവന്നു. 30 ദിവസത്തിനകം അപേക്ഷകളിൽ തീരുമാനമുണ്ടാകും. ഇല്ലെങ്കിൽ കൽപ്പിത അനുമതി ലഭിച്ചതായി കണക്കാക്കി അപേക്ഷകന് വ്യവസായം തുടങ്ങാം.വ്യവസായ ലൈസൻസുകളുടെ കാലാവധി ഒരു വർഷംമുതൽ മൂന്നു വർഷംവരെ എന്നത് അഞ്ചു വർഷമാക്കി.

കേരളം എന്ന സ‌്റ്റാർട്ടപ് ഭീമൻ
കൊച്ചിയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിന് 1,82,000  ചതുരശ്ര അടി വലുപ്പമുണ്ട്. ഇത‌് ദക്ഷിണ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ‌് കോംപ്ലക്സാണ്.

കോക്കോണിക‌്സ‌്, സ്വന്തം ലാപ്‌ടോപ‌്
സോ‌ഫ‌്റ്റ‌്‌വെയർ രംഗത്തെ വികസനപ്രവർത്തനങ്ങൾക്കൊപ്പം ഇലക്ട്രോണിക്സ് ഹാർഡ‌്‌വെയർ രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പദ്ധതികളുടെ ഭാഗമാണ‌് സർക്കാർ പൊതു–-സ്വകാര്യ സംരംഭമായ കോക്കോണിക്‌സ‌് പ്രൈവറ്റ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായാണ് ഹാർഡ‌്‌വെയർ രംഗത്തെ അതികായൻമാരായ ഇന്റലുമായി ചർച്ച നടത്തി കേരളത്തിൽ ലാപ്ടോപ‌്, സെർവർ തുടങ്ങിയവ നിർമിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണിക്സ് ഹാർഡ‌്‌വെയർ നിർമാണരംഗത്ത് രാജ്യത്തെ മുൻനിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി കോക്കോണിക്‌സ‌് ലാപ്ടോപ്പുകൾ നിർമിക്കും. കെൽട്രോൺ, കെഎസ്ഐഡിസി, ആഗോള ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബൽ, സ്റ്റാർട്ട‌പ‌് കമ്പനിയായ ആക്സിലറോൺ എന്നിവയുടെ സംയുക്ത സംരംഭമാണിത‌്. ലാപ്ടോപ്പിനു പുറമെ സെർവറുകൾ, ടാബ്, മൊബൈൽ തുടങ്ങിയവയുടെ നിർമാണത്തിലേക്കും കൊക്കോണിക്സ് കടക്കും.


പ്രധാന വാർത്തകൾ
 Top