29 May Friday
കൂടെയുള്ളത്‌ വാഗ്ദാനലംഘനങ്ങളുടെ പരമ്പര

അച്ഛെ ദിനും ആബ്‌കി ബാറും സബ്‌കി സാഥുമില്ല... ; മുദ്രാവാക്യമില്ലാതെ ബിജെപി

സാജൻ ഏവുജിൻUpdated: Tuesday Mar 19, 2019

ന്യൂഡൽഹി> ജനപ്രിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ‌് 2014ൽ ബിജെപി അധികാരത്തിൽ എത്തിയത‌്. ഇത്തവണ ബിജെപി നേരിടുന്ന മുഖ്യവെല്ലുവിളി ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്താൻ കഴിയാത്തതാണ‌്. വാഗ്ദാനലംഘനങ്ങളുടെ പരമ്പര  സൃഷ്ടിച്ച മോഡി സർക്കാരിന‌് പുതിയ മുദ്രാവാക്യങ്ങൾ ഉയർത്താനാകുന്നില്ല. കണ്ടെത്തിയ മുദ്രാവാക്യങ്ങൾ ഏശുന്നുമില്ല.

എല്ലാ മേഖലയിലും പരാജയമായിരുന്ന രണ്ടാം യുപിഎ സർക്കാരിനോട‌് ജനങ്ങളിൽ രൂപംകൊണ്ട അമർഷം മുതലെടുക്കാനും വോട്ടർമാരിൽ പ്രതീക്ഷ സൃഷ്ടിക്കാനും 2014ൽ ബിജെപിക്ക‌് കഴിഞ്ഞിരുന്നു. ഇടതുകക്ഷികളുടെ പിന്തുണയോടെ നാലുവർഷം ഭരിച്ച ഒന്നാം യുപിഎ സർക്കാരിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. തൊഴിലുറപ്പ‌് പദ്ധതിപോലുള്ള പരിപാടികൾ വോട്ടർമാരിൽ മതിപ്പ‌് സൃഷ്ടിച്ചു. ആ സാഹചര്യത്തിൽ ബിജെപിയുടെ പ്രചാരണം 2009ൽ വിലപ്പോയില്ല. എന്നാൽ, അവസരവാദികളുടെയും രാഷ്ട്രീയദിശാബോധമില്ലാത്ത നേതാക്കളുടെയും നിയന്ത്രണത്തിൽ മുന്നോട്ടുപോയ രണ്ടാം യുപിഎ സർക്കാർ വൻ ദുരന്തമായി. കോർപറേറ്റ‌് പണക്കൊഴുപ്പിന്റെ പിൻബലത്തിൽ പ്രചാരണത്തിൽ മുന്നേറിയ ബിജെപിക്ക‌് അന്നത്തെ രാഷ്ട്രീയസാഹചര്യം മുതലെടുത്ത‌് മുദ്രാവാക്യങ്ങളുടെ മായാലോകം സൃഷ്ടിക്കാനായി.

‘അച്ഛെ ദിൻ ആനെ വാലാ ഹെ’, ‘അബ‌്കി ബാർ മോഡിസർക്കാർ’, ‘സബ‌്കാ സാഥ‌് സബ‌്കാ വികാസ‌്’ എന്നീ മുദ്രാവാക്യങ്ങൾ ഇലക‌്ട്രോണിക‌് രഥങ്ങൾ ഉപയോഗിച്ച‌് ഉത്തരേന്ത്യയിലെ വിദൂരഗ്രാമങ്ങളിൽപ്പോലും പ്രചരിപ്പിച്ചു. തിളങ്ങുന്ന സ‌്ക്രീനുകൾ  ഗ്രാമീണരുടെ കണ്ണഞ്ചിപ്പിച്ചു. അവർ താമരയ‌്ക്ക‌് വോട്ട‌് കുത്തി. വിദേശത്തുനിന്ന‌് കള്ളപ്പണം തിരിച്ചുപിടിച്ച‌് എല്ലാ കുടുംബങ്ങളുടെയും ബാങ്ക‌് അക്കൗണ്ടിൽ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്ന‌് നരേന്ദ്ര മോഡി യോഗങ്ങളിൽ പ്രസംഗിച്ചു. ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും കൂട്ടിച്ചേർത്ത തുക സംഭരണവിലയായി കർഷകന‌് നൽകുമെന്ന‌് ബിജെപി വാഗ‌്ദാനം ചെയ‌്തു. കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന‌് വ്യാമോഹിപ്പിച്ചു

അധികാരം ലഭിച്ചശേഷം ഈ വാഗ‌്ദാനങ്ങൾ പാലിച്ചില്ലെന്നുമാത്രമല്ല നോട്ടുനിരോധനം, ജിഎസ‌്ടി തുടങ്ങിയ പരിഷ‌്കാരങ്ങൾവഴി കർഷകരെയും ചെറുകിട സംരംഭകരെയും വ്യാപാരികളെയും ദുരിതത്തിൽ തള്ളുകയും ചെയ‌്തു. രണ്ട‌് കോടി തൊഴിലവസരം പ്രതിവർഷം സൃഷ്ടിക്കുമെന്ന‌് വാഗ‌്ദാനം ചെയ‌്തു. ഇപ്പോൾ  തൊഴിൽവളർച്ചയുടെ റിപ്പോർട്ട‌് പ്രസിദ്ധീകരിക്കാൻപോലും തയ്യാറാകുന്നില്ല.‘മോഷ്ടിക്കില്ല, ആരെയും മോഷ്ടിക്കാൻ അനുവദിക്കുകയുമില്ല’ എന്നതായിരുന്നു മോഡി ഉപയോഗിച്ച മുദ്രാവാക്യം. വിജയ‌് മല്യ, നീരവ‌് മോഡി, മെഹുൽ ചോക‌്സി, ലളിത‌് മോഡി സംഭവങ്ങൾ വന്നതോടെ ഈ മുദ്രാവാക്യത്തിന്റെ മുനയൊടിഞ്ഞു. റഫേൽ യുദ്ധവിമാന ഇടപാടിലെ കള്ളക്കളികൾ പുറത്താവുകകൂടി ചെയ‌്തതോടെ ‘കാവൽക്കാരൻതന്നെ കള്ളൻ’ എന്ന മറുമുദ്രാവാക്യം ഉയർന്നു. സർക്കാരിന്റെ കോർപറേറ്റ‌് സുഹൃത്തുക്കൾക്ക‌് പൊതുസ്വത്ത‌് വീതംവച്ചു കൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ‌് തിരുവനന്തപുരം അടക്കം ആറ‌് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം.

ഒടുവിലായി, തീവ്രദേശീയവാദവും യുദ്ധവെറിയും ഇളക്കിവിട്ട‌് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ‌് ബിജെപി ശ്രമം. ജനം സത്യം തിരിച്ചറിഞ്ഞുതുടങ്ങിയതോടെ ഈ ശ്രമവും പരാജയപ്പെടുകയാണ‌്. സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനായി പുതിയ ആയുധങ്ങൾ തേടുകയാണ‌്;  ഇനി അവരുടെ ഏക ലക്ഷ്യം വർഗീയധ്രുവീകരണംതന്നെ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top