02 March Tuesday

നാടാകെ വികസനം

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


1113 ഗ്രാമീണ റോഡ്‌  
നാടിന്‌ സമർപ്പിച്ചു
പ്രളയത്തിൽ തകർന്നതും മുഖ്യമന്ത്രിയുടെ  പ്രാദേശിക റോഡ്‌ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പുനർനിർമിച്ചതുമായ 1113 റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു.  അതിവേഗമാണ്‌ ഇത്രയധികം റോഡുകളുടെ നവീകരണം പൂർത്തിയായതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ റോഡുകളുടെ ഉദ്‌ഘാടനം നിർവഹിച്ച്‌ പറഞ്ഞു.

1000 കോടിരൂപയുടെ ഗ്രാമീണ റോഡുകളാണ്‌ മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ്‌ പുനർനിർമാണ പദ്ധതിയിൽ നിർമിക്കുന്നത്‌. ഇതിൽ 3828 റോഡിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ചിരുന്നു. ഇതിലെ 1113 റോഡിന്റെ നിർമാണമാണ്‌ പൂർത്തിയായതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

401 തദ്ദേശ സ്ഥാപനത്തിലായാണ്‌ ഈ റോഡുകൾ. പ്രളയത്തിൽ തകർന്ന 1000 കിലോമീറ്റർ റോഡും നൂറിലേറെ പാലവും ഗതാഗത യോഗ്യമാക്കി. 1783 കോടിരൂപയുടെ ചെലവാണ്‌ പ്രളയകാലത്ത്‌ തകർന്ന റോഡുകളുടെ പുനർ നിർമാണത്തിന്‌ ചെലവഴിച്ചത്‌. ഇതിന്‌ പുറമെയാണ്‌ 1000 കോടിരൂപയുടെ പദ്ധതി. 

ഇതിനൊപ്പം കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ 14,700 കോടിരൂപയുടെ റോഡ്‌ നവീകരണം  ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ  വികസനം പൂർത്തിയായി വരികയാണ്‌. നബാർഡ്‌ സഹായത്തോടെ 950  കോടി രൂപ ഉപയോഗിച്ചുള്ള റോഡ്‌ നവീകരണവും അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചടങ്ങിൽ മന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷനായി.

198 പൊതുവിദ്യാലയം മികവിന്റെ കേന്ദ്രങ്ങൾ
കേരളം വിദ്യാഭ്യാസ ഹബ്ബാക്കും: മുഖ്യമന്ത്രി
കേരളത്തെ ഇന്ത്യയുടെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 198 പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന മൂന്ന്‌ പദ്ധതി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാലയങ്ങളിലെ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കുമ്പോൾ കേരളം വിദ്യാഭ്യാസ ഹബ്ബായി മാറും. സർവകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രമാക്കാൻ ശ്രമം ആരംഭിച്ചു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിന് വലിയ തുക സർക്കാർ നിക്ഷേപിച്ചു‌. 973 വിദ്യാലയങ്ങൾക്ക് 2309 കോടി രൂപ കിഫ്ബി നൽകി. പദ്ധതിത്തുകയിൽനിന്ന് 1072 വിദ്യാലയങ്ങൾക്ക് 1375കോടി അനുവദിച്ചു. നബാർഡ്, സമഗ്രശിക്ഷാ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്‌തി വികസന ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട്, മറ്റു ഫണ്ട്‌ എന്നിവയും ഉപയോഗിച്ചു. സ്‌കൂളുകളുടെ ആധുനികവൽക്കരണത്തിന് കിഫ്ബി 793 കോടി രൂപ അനുവദിച്ചു‌.

വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നൽകിയതും പാഠപുസ്‌തകം യഥാസമയം വിതരണം ചെയ്തതും നേട്ടമാണ്. മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുള്ള 10 എയ്ഡഡ് സ്‌കൂൾ സർക്കാർ കഴിഞ്ഞ ദിവസം ഏറ്റെടുത്തു‌. പൂട്ടാൻ തീരുമാനിച്ച നാലു സ്‌കൂൾ നേരത്തെ ഏറ്റെടുത്തിരുന്നു.

പുതിയ  89 സ്‌കൂൾ കെട്ടിടം, നവീകരിച്ച 41 ഹയർ സെക്കൻഡറി ലാബ് എന്നിവയുടെ ഉദ്ഘാടനവും 68 സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷനായി. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായി. ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാർ വിശിഷ്‌ടാതിഥികളായി.

ടിസിഎസ് ഡിജിറ്റല്‍ ഹബ്‌: ധാരണപത്രം ഒപ്പിട്ടു
തിരുവനന്തപുരം ടെക്നോസിറ്റിയിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്  (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ഹബ്ബിനുള്ള ധാരണപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ടിസിഎസ് വൈസ് പ്രസിഡന്റ്‌ ദിനേഷ് തമ്പിയും ടെക്നോപാർക്ക് സിഇഒ പി എം ശശിയുമാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.

ആദ്യഘട്ടത്തിൽ 5,000 പേർക്കും പദ്ധതി പൂർത്തിയാകുമ്പോൾ 20,000 പേർക്കും തൊഴിൽ ലഭിക്കും. ആദ്യഘട്ടം 22-–-28 മാസത്തിനുള്ളിൽ പൂർത്തിയാകും. എയ്റോസ്‌പെയ്സ്, പ്രതിരോധം, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്‌. 

കേരളത്തിന്റെ ഐടി രംഗത്ത് വലിയ മാറ്റത്തിന് ടിസിഎസിന്റെ പദ്ധതി തുടക്കമിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് മുഖ്യമന്ത്രി നൽകിയ പിന്തുണയ്ക്ക് ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസറുമായ എൻ ജി സുബ്രഹ്മണ്യം നന്ദി അറിയിച്ചു. കേരളത്തിന് ഏറ്റവും അഭിമാനിക്കാവുന്ന പദ്ധതിയായി ഇതിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള, ടിസിഎസ് അഡ്വൈസർ എം മാധവൻ നമ്പ്യാർ എന്നിവരും പങ്കെടുത്തു.

ക്രമസമാധാനപാലന ചരിത്രത്തിലെ നാഴികക്കല്ല്‌
സംസ്ഥാനത്ത് നിലവിൽവന്ന 25 പൊലീസ് സബ്ഡിവിഷൻ ക്രമസമാധാനപാലന ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ സബ്ഡിവിഷനുകൾ നിലവിൽ വരുന്നതോടെ ഓരോ സബ്ഡിവിഷനും കീഴിലുള്ള  സ്റ്റേഷനുകളുടെ എണ്ണം കുറയും. അതോടെ ഡിവൈഎസ്‌പി തലത്തിൽ ഏകോപനവും നിരീക്ഷണവും ശക്തമാകും. ഇത് പൊലീസിങ്‌ ഫലപ്രദമാക്കും. കൂടാതെ ഇൻസ്പെക്ടർ തസ്തികയിലുളള 25 പേർക്ക് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ സബ്ഡിവിഷനുകളും വിവിധ പൊലീസ് സ്റ്റേഷനുകൾക്കും ഓഫീസുകൾക്കുമായി പണിത കെട്ടിടങ്ങളും ഓൺലൈനായി ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന  പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് മുതിർന്ന  ഉദ്യോഗസ്ഥരും പങ്കെടുത്തു. അതത് കേന്ദ്രങ്ങളിൽ മന്ത്രിമാരും എംഎൽഎമാരും എംപിമാരും മറ്റ് ജനപ്രതിനിധികളും സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top