17 October Thursday

ഡയബറ്റിക‌് റെറ്റിനോപ്പതി അപകടകരമോ ?

ഡോ. ഷീജ ശ്രീനിവാസ‌് ഇടമനUpdated: Thursday Jul 18, 2019

 

മാവേലിക്കരയിലെ മാധവൻസാറിന്റെ ഫോൺവിളി കേട്ടാണ‌് ഞാൻ അന്നു ഉറക്കം ഉണർന്നത‌്. അദ്ദേഹം ഫോണിൽ കരയുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾമുതൽ ഒരു കണ്ണിന‌് കാഴ‌്ചയില്ല. രാവിലെ ഞാൻ എപ്പോൾ ആശുപത്രിയിൽ എത്തുമെന്നറിയാനാണ‌് വിളിച്ചത‌്. നാട്ടിൽ കണ്ണു ഡോക്ടറെ കണ്ടാലോ എന്ന‌് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹത്തിന‌് സമ്മതമല്ല. എറണാകുളത്തുതന്നെ കണ്ണിന്റെയും ചികിൽസ മതിയെന്ന‌് അദ്ദേഹം. അതും ഏർപ്പാടാക്കി.

ആശുപത്രിയിലെത്തി ചികിൽസക്കുശേഷം ഉച്ചയോടെ അദ്ദേഹം വിളിച്ചു. ചികിത്സകൊണ്ട‌് കാഴ‌്ച തിരിച്ചുകിട്ടി. ഡോക്ടർ പറഞ്ഞുവത്രെ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചില്ലെങ്കിൽ വീണ്ടും കാഴ‌്ച പ്രശ‌്നമാവുമെന്ന‌്. ഡയബറ്റിക‌് റെറ്റിനോപ്പതി മൂലമുണ്ടായ റെറ്റിനൽ ഡിറ്റാച്ച‌്മെന്റ‌് ആയിരുന്നു അദ്ദേഹത്തിന‌്. യഥാസമയം ചികിത്സ ലഭിച്ചതുകൊണ്ടുമാത്രം കാഴ‌്ച തിരിച്ചുകിട്ടി.

പ്രമേഹം അന്ധതയ‌്ക്കുള്ള സുപ്രധാന കാരണമാണ‌്.  പ്രമേഹമുള്ളവർക്ക‌് അന്ധതയ‌്ക്കുള്ള സാധ്യത 25 മടങ്ങ‌് കൂടുതലാണ‌്.  പ്രമേഹരോഗികളിൽ അന്ധതയ‌്ക്കുള്ള  പ്രധാന കാരണമാണ‌് ഡയബറ്റിക‌് റെറ്റിനോപ്പതി.

കണ്ണിന്റെ പുറകിലുള്ള റെറ്റിനയിലെ രക്തക്കുഴലുകൾക്ക‌് കേടുപാടുകൾ സംഭവിക്കുന്നതുമൂലമാണ‌് ഡയബറ്റിക‌് റെറ്റിനോപ്പതി ഉണ്ടാകുന്നത‌്. പ്രമേഹത്തിന്റെ ദൈർഘ്യവും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും ഡയബറ്റിക‌് റെറ്റിനോപ്പതി ഉണ്ടാവുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ‌് അനിയന്ത്രിതമായി വർധിക്കുന്നത‌്, റെറ്റിനയിലുള്ള ചെറിയ രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാക്കി റെറ്റിനയിലേക്കുള്ള രക്തപ്രവാഹം തടയുകയും തന്മൂലം  റെറ്റിനയിൽ പുതിയ രക്തക്കുഴലുകൾ വളരുകയും ചെയ്യും. പുതുതായി ഉണ്ടാവുന്ന രക്തക്കുഴലുകൾ ശരിയായ രീതിയിൽ വികാസം പ്രാപിക്കാത്തതിനാൽ പെട്ടെന്ന‌് പൊട്ടിപോവാനുള്ള സാധ്യതയുണ്ട്‌.

 

ലക്ഷണങ്ങൾ:
തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നുംതന്നെയുണ്ടാകില്ല. കാലക്രമേണ ചെറിയ ചില ലക്ഷണങ്ങൾ കാണിക്കുകയും ശരിയായ ചികിത്സ  ലഭ്യമാക്കിയില്ലെങ്കിൽ  അന്ധതയ‌്ക്ക‌് കാരണമാവുകയും ചെയ്യും.  കാഴ‌്ചയ്‌ക്ക‌് മങ്ങൽ, കണ്ണിനുമുന്നിൽ ഒഴുകി നടക്കുന്ന കറുത്ത കുത്തുകളും പാടുകളും  കാഴ‌്ച ഇരുണ്ടുപോവുക, നിറമുള്ള കാഴ‌്ചയ‌്ക്ക‌് മങ്ങലേൽക്കുക, കാഴ‌്ചശക്തി പൂർണമായി നഷ‌്ടമാവുക (അന്ധത).

 

ഡയബറ്റിക‌് റെറ്റിനോപ്പതി  രണ്ടുതരത്തിലുണ്ട്‌
നോൺ പ്രോലിഫെറേറ്റീവ‌് ഡയബറ്റിക‌് റെറ്റിനോപ്പതി:
സാധാരണ കണ്ടുവരുന്നത‌് ഇതാണ‌്. ഇതിൽ പുതിയ രക്തക്കുഴലുകൾ വളരുന്നില്ല. മൈക്രോ അന്യൂറിസങ്ങൾ ഉണ്ടാവുകയും ചിലപ്പോൾ ഇവയിൽനിന്നും രക്തം റെറ്റിനയിൽ പടരുകയും ചെയ്യാം.  കാലക്രമേണ റെറ്റിനയിലെ നാഡികൾക്കും വീക്കം വന്നേക്കാം. ‘മാക്കുല’ എന്നറിയപ്പെടുന്ന റെറ്റിനയുടെ മധ്യഭാഗത്തും നീർക്കെട്ട‌് (macular edema) വരാൻ സാധ്യതയുണ്ട‌്. ഇതിന‌് അടിയന്തര ചികിത്സ ആവശ്യമാണ‌്.

പ്രോലിഫെറേറ്റീവ‌് ഡയബറ്റിക‌് റെറ്റിനോപ്പതി:
ഇതിൽ റെറ്റിനയിൽ പുതിയ രക്തക്കുഴലുകൾ  വളരുകയും റെറ്റിനയിലേക്ക‌് ജെല്ലി പോലുള്ള ദ്രാവകം ഒഴുകി കണ്ണിന്റെ മധ്യഭാഗം നിറയ‌്ക്കുകയും (വിട്രൈസ‌്) ചെയ്യും. പിന്നീട‌് കണ്ണിനു പുറകിൽനിന്നും റെറ്റിന വിട്ടുപോരാൻ കാരണമായേക്കാം (Retinal detachment). പുതുതായി ഉണ്ടായ രക്തക്കുഴലുകൾ കണ്ണിലെ ദ്രവത്തിന്റെ ഒഴുക്കിന‌് തടസ്സം വരുത്തിയാൽ കണ്ണിലെ സമ്മർദം കൂടും. ഇത‌് ഒപ‌്റ്റിക‌് നാഡിക്ക‌് കേടുവരുത്തി ഗ്ലോക്കോമയ‌്ക്ക‌് കാരണമായേക്കാം.

ചികിത്സ
-രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദത്തിന്റെയും നിയന്ത്രണം ചികിത്സയിലെ അവിഭാജ്യഘടകമാണ‌്.
-ലേസർ ഫോട്ടോകൊയാഗുലേഷൻ–(-പാൻ റെറ്റിനൽ ,  ഫോക്കൽ).

-ആന്റിവാസ‌്കുലർ എൻഡോതീലിയൽ ഗ്രോത‌് ഫാക്ടർ ചികിത്സ.

എങ്ങനെ തടയാം
-ഭക്ഷണ നിയന്ത്രണം, ചിട്ടയായ വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം നന്നായി നിയന്ത്രിക്കുക. -രക്തത്തിലെ പഞ്ചസാരയുടെ അളവ‌് ഇടയ‌്ക്കിടെ പരിശോധിക്കുക.

-ഗ്ലൈക്കൊസിലേറ്റഡ‌് ഹീമോഗ്ലോബിൻ ഏഴു ശതമാനത്തിൽ താഴെ നിർത്തുക. -രക്താതിസമ്മർദവും രക്തത്തിലെ കൊഴുപ്പിന്റെ അളവും നിയന്ത്രിച്ച‌് നിർത്തുക. -പുകയില ഉപയോഗിക്കാതിരിക്കുക. -കാഴ‌്ചയ‌്ക്ക‌് എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

(സീനിയർ ഡയബറ്റോളജിസ‌്റ്റും സംസ്ഥാന ഹെൽത്ത‌് സർവീസിൽ മെഡിക്കൽ ഓഫീസറുമാണ‌് ലേഖിക)


പ്രധാന വാർത്തകൾ
 Top