21 February Friday

ഉശിരുകാട്ടാൻ ഉജിയാർപുർ

പി ആര്‍ ചന്തുകിരണ്‍Updated: Thursday Apr 18, 2019


ഉജിയാർപുർ
ഭൂ ഉടമകളുടെ അടിച്ചമർത്തലുകൾക്കെതിരായ പ്രക്ഷോഭത്തിൽ രക്തസാക്ഷിയായ സിപിഐ എം നേതാവ് സുരേന്ദർകുമാർ യാദവിന്റെ പേരിലുള്ള കെട്ടിടത്തിലാണ് ബിഹാറിലെ ഉജിയാർപുരിൽ ഇടതുപക്ഷ പാർടികളുടെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്. ദാൽസിങ് സരായിയിലെ ഓഫീസിൽ വിവിധ തുറകളിൽനിന്നുള്ളവർ പ്രചാരണപരിപാടി ഏകോപിപ്പിക്കുന്ന തിരക്കിലാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അജയ്കുമാറാണ് ഉജിയാർപുരിലെ ഇടതുപക്ഷ സ്ഥാനാർഥി. കർഷകത്തൊഴിലാളി പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭങ്ങൾ നയിക്കുന്ന അജയ്കുമാർ മണ്ഡലത്തിൽ സ്വീകാര്യനായ പരിചിതമുഖം. വിഭൂതിപുർ, ഉജിയാർപുർ മേഖലകൾ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ്. സിപിഐ എം, സിപിഐ, സിപിഐ എംഎൽ തുടങ്ങിയ സംഘടനകൾ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

യാദവ ഭൂരിപക്ഷമേഖലയായ ദമോമിൽ പ്രചാരണപരിപാടിയിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ആർജെഡി മുൻ എംഎൽഎ അജയ്കുമാർ ബുൽഗാനിനാണ് പരസ്യപിന്തുണയുമായി എത്തിയത്. മൊയ്ദീൻനഗർ മണ്ഡലത്തിലെ മുൻ എംഎൽഎയാണ് ബുൽഗാനിൻ. പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള ബുൽഗാനിനൊപ്പം അമ്പതിലേറെ യുവാക്കളടങ്ങുന്ന സംഘവും സിപിഐ എം സ്ഥാനാർഥിയുടെ പ്രചാരണങ്ങളിൽ സജീവമായി. ഇടതുപക്ഷ പാർടികളുമായി ധാരണ വേണ്ടെന്ന ആർജെഡി- കോൺഗ്രസ് സഖ്യ നിലപാടിൽ പ്രതിഷേധിച്ചാണ് ബുൽഗാനിനും കൂട്ടരും സിപിഐ എം സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഉജിയാർപുർ ഇത്തവണ വലിയ മാറ്റത്തിന‌ു സാക്ഷ്യംവഹിക്കുമെന്നാണ് പുതിയ പ്രതികരണങ്ങളും പിന്തുണയും നൽകുന്ന സൂചനയെന്ന് അജയ്കുമാർ പറഞ്ഞു. ജനകീയപ്രശ്നങ്ങൾ ഒന്നൊഴിയാതെ ഏറ്റെടുക്കുന്ന ഇടതുപക്ഷവുമായി ധാരണ വേണ്ടെന്ന മഹാസഖ്യത്തിന്റെ തീരുമാനത്തിലുള്ള അമർഷം ജനങ്ങളിൽ പ്രകടം. ആർജെഡിയിൽ വലിയൊരു വിഭാഗവും അത് അംഗീകരിക്കുന്നു. അതിന്റെ തെളിവാണ് ബുൽഗാനിനും ഒരുകൂട്ടം ചെറുപ്പക്കാരും പരസ്യമായി പ്രകടിപ്പിച്ചതെന്ന് അജയ്കുമാർ പറഞ്ഞു. മോഡി സർക്കാരിൽ സഹമന്ത്രിയായിരുന്ന ആർഎൽഎസ‌്‌പി അധ്യക്ഷൻ ഉപേന്ദ്ര കുശ‌്വാഹയാണ് മഹാസഖ്യ സ്ഥാനാർഥി. നിതീഷ് കുമാറിന്റെ മടങ്ങിവരവിലും തങ്ങൾക്കുള്ള സീറ്റിന്റെ എണ്ണം കുറഞ്ഞതിലും ഇടഞ്ഞാണ് മാസങ്ങൾമുമ്പ് ഉപേന്ദ്ര കുശ‌്വാഹ എൻഡിഎ വിട്ടത്. അദ്ദേഹം മഹാസഖ്യത്തിനൊപ്പം തുടരുമെന്നതിന് എന്തുറപ്പാണുള്ളതെന്ന ചോദ്യം ആർജെഡി പ്രവർത്തകരുൾപ്പെടെ ഉയർത്തുന്നു. സംസ്ഥാന അധ്യക്ഷനും എംപിയുമായ നിത്യാനന്ദറായ് ആണ് ബിജെപി സ്ഥാനാർഥി. മോഡിക്കെതിരെ ചെറുവിരൽ ഉയർത്തിയാൽ അത് തല്ലിയൊടിക്കുമെന്നും ഉയർത്തുന്നത് കൈകളാണെങ്കിൽ അത് വെട്ടിമാറ്റുമെന്നുമുള്ള ഭീഷണിപ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ചയാളാണ് നിത്യാനന്ദറായ്.

ഉജിയാർപുർ ഉൾപ്പെടുന്ന സമസ്തിപുർ ജില്ലയിലെ മോർബ മേഖലയിൽ തെരഞ്ഞെടുപ്പിനിടെ വർഗീയ സംഘർഷങ്ങൾക്കുള്ള ശ്രമവും സംഘപരിവാർ നടത്തുന്നു. ഇരുവിഭാഗങ്ങളും തടസ്സമില്ലാതെ ആരാധന നടത്തിക്കൊണ്ടിരുന്ന മേഖലയിലാണ്  സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

സിപിഐ എം നേതാക്കൾ പ്രദേശം സന്ദർശിച്ച് പ്രദേശവാസികൾക്ക് പിന്തുണയറിയിച്ചു. ഭൂ ഉടമകളെയും ഭരണകക്ഷിയുടെ ഗുണ്ടാസംഘങ്ങളെയും എതിർത്തുള്ള പ്രക്ഷോഭങ്ങൾക്കിടെ നേതാക്കളടക്കം 26 സിപിഐ എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കർഷകത്തൊഴിലാളി യൂണിയൻ ബിഹാർ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് രാംനാഥ് മഹാതോ കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെയും മാവോയിസ്റ്റുകളുടെയും വധഭീഷണിക്കു നടുവിൽനിന്നാണ് അജയ്കുമാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിഹാർ പൊലീസിന്റെ ഒരു ഗൺമാൻ അജയ്കുമാറിനൊപ്പമുണ്ട്.

സിപിഐ എം നേതാവും എംഎൽഎയുമായിരുന്ന യോഗേന്ദ്രപ്രസാദ് സിങ്ങാണ് അജയ്കുമാറിന്റെ പിതാവ്. സ്ഥാനാർഥിയായതോടെ പാർടി സമസ്തിപുർ ജില്ലാ സെക്രട്ടറി സ്ഥാനം അജയ്കുമാർ ഒഴിഞ്ഞു. 13 വർഷം അദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്നു. സഹോദരൻ സഞ്ജയ്കുമാർ സിപിഐ എം ഖഗാഡിയ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജിയാർപുരിൽ അജയ്കുമാർ മത്സരിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top